റോയൽ എൻഫീൽഡ് പ്രേമികൾക്ക് ശുഭവാർത്ത; ഗോവൻ ക്ലാസിക് ഒരു മിന്നായം പോലെ കണ്ടു, അടിപൊളി ലുക്ക്
റോയൽ എൻഫീൽഡ് ബൈക്കുകളോടുള്ള ഇന്ത്യക്കാരുടെ അഭിനിവേശത്തിന് ഈ കാലം വരെയും ഒട്ടും കുറവുണ്ടായിട്ടില്ല. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കമ്പനി ഇന്ത്യയിൽ ഇറക്കിയ വാഹനങ്ങളിൽ ഭൂരിഭാഗവും വിപണിയിൽ തരംഗമായിരുന്നു. അത് തന്നേയാണ് ഈ കമ്പനിയോടുള്ള ഇന്ത്യക്കാരുടെ സ്നേഹത്തിന്റെ അടയാളം. അതുകൊണ്ട് തന്നെ ഓരോ പുതിയ വാഹനം വരുമ്പോഴും റോയൽ എൻഫീൽഡ് ആരാധകർ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.
അത്തരത്തിൽ കഴിഞ്ഞ കാലങ്ങളിൽ ഇറങ്ങിയവയിൽ റോയൽ എൻഫീഡിന്റെ ഹണ്ടർ, ഹിമാലയൻ വിവിധ വകഭേദങ്ങൾ, ഷോട്ട്ഗൺ 650 എന്നിങ്ങനെയുള്ള വാഹനങ്ങൾക്ക് ലഭിച്ച വരവേൽപ്പ് തന്നെ ഇതിന് ഉദാഹരണമാണ്. ഇപ്പോഴിതാ 350 സിസി സെഗ്‌മെന്റിൽ പിടിമുറുക്കാൻ ആർഇ അവതരിപ്പിക്കുന്ന വജ്രായുധമാണ് ഗോവൻ ക്ലാസിക് 650.

ഈ മാസം 23ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം ഏറെക്കാലമായി ഇന്ത്യക്കാരുടെ കണ്ണുടക്കിയ വാഹനങ്ങളിൽ ഒന്നാണ്. വിന്റേജ് ശൈലിയിൽ, ബോബർ രൂപത്തിൽ ഒരുങ്ങുന്ന ഈ ബൈക്ക് സെഗ്‌മെന്റിൽ റോയൽ എൻഫീൽഡിന്റെ ആധിപത്യം ഊട്ടിയുറപ്പിക്കും എന്നാണ് കരുതുന്നത്. ഇപ്പോഴിതാ ലോഞ്ചിന് മുന്നോടിയായി ടീസർ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി.
റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350: വിശേഷങ്ങൾ
ഈ വാഹനത്തെ കുറിച്ചുള്ള ഏതൊരു അപ്‌ഡേറ്റ് അറിയാനും ആരാധകർ ക്യൂവാണ് എന്നതാണ് സത്യം. കാരണം ബോബർ ശൈലിയിൽ എത്തുന്ന ആർഇ വാഹനത്തിന്റെ രൂപഭാവങ്ങൾ എങ്ങനെയായിരിക്കും എന്നറിയാൻ ആരാധകർ തികഞ്ഞ ആകാംക്ഷയിലാണ്. ഗോവയിൽ വച്ച് നടക്കുന്ന റോയൽ എൻഫീൽഡ് മോട്ടോവേഴ്‌സ് ചടങ്ങിൽ വച്ചായിരിക്കും ഈ വാഹനത്തിന്റെ എൻട്രി.
കമ്പനിയുടെ പുതുതലമുറ വാഹനങ്ങളുടെ രൂപകൽപ്പനയിൽ ശ്രദ്ധേയമായ ജെ-പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ മോട്ടോർസൈക്കിളായിരിക്കും ഗോവൻ ക്ലാസിക്. മെറ്റിയർ 350 മോഡലിൽ തുടങ്ങിയ ഈ ഡിസൈൻ മാറ്റം പിന്നീട് ഹണ്ടർ, ക്ലാസിക്, ബുള്ളറ്റ് എന്നിവലൂടെ തുടർന്ന് ഇപ്പോൾ ഗോവൻ ക്ലാസിക് വരെ എത്തി നിൽക്കുകയാണ്.
വാഹനത്തിന്റെ ഡിസൈൻ രൂപങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ ടീസർ. സിംഗിൾ സീറ്റ് സജ്ജീകരണവുമായി മുന്നിലും പിന്നിലും വിശാലമായ ഫെൻഡറുകളും ഉള്ള സവിശേഷമായ ബോബർ ശൈലി പിന്തുടർന്ന് കൊണ്ടാവും വാഹനം എത്തുക. ഹെഡ്‌ലൈറ്റിന്റെ ഘടന ഉൾപ്പെടെ ഒരു വിന്റേജ് രൂപം നിലനിർത്താൻ വാഹനത്തെ സഹായിക്കുന്നതാണ്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഈ വാഹനത്തിന് സവിശേഷമായ ചില നിറങ്ങൾ അധികമായി നൽകാൻ റോയൽ എൻഫീൽഡ് ശ്രമിക്കുന്നുണ്ട് എന്നതാണ്. പുതിയ റോയൽ എൻഫീൽഡ് ലോഗോയോടുകൂടിയ കടും ചുവപ്പ്, ടീൽ ബ്ലൂ, പർപ്പിൾ ഷേഡ് എന്നിവയുൾപ്പെടെ വിവിധ നിറങ്ങളിൽ വാഹനം ലഭ്യമായേക്കും.
349സിസി എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് വാഹനത്തിൽ നൽകുക. ഇത് 6,100 ആർപിഎമ്മിൽ 20.2 എച്ച്പിയും 4,000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്‌പീഡ് ഗിയർ ബോക്‌സുമായാണ് വാഹനം വിപണിയിൽ എത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്.
പുതിയ ഗോവൻ ക്ലാസിക് 350 റോയൽ എൻഫീൽഡിന്റെ 350 സിസി സെഗ്‌മെന്റിനുള്ളിലെ പ്രീമിയം ഭാഗത്ത് തന്നെ സ്ഥാനം പിടിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ക്ലാസിക് 350 ലൈനപ്പ് 1.93 ലക്ഷം മുതൽ 2.30 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം). അത് കണക്കിലെടുക്കുമ്പോൾ ഇതിലും അധികമായിരിക്കും വില എന്നാണ് കരുതുന്നത്.












Click it and Unblock the Notifications