റോയൽ എൻഫീൽഡിന്റെ തുറുപ്പുചീട്ട്; ഗറില്ല 450യുടെ വരവ് ഗുണം ചെയ്‌തോ? പ്രീമിയം റോഡ്‌സ്‌റ്ററിനെ കുറിച്ചറിയാം
റോയൽ എൻഫീൽഡ് എന്നാൽ ഇന്ത്യക്കാർക്ക് എന്നുമൊരു വികാരമാണ്. പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ വിശ്വാസം കാത്തുസൂക്ഷിച്ച ഈ കമ്പനിയുടെ ഏതൊരു വാഹനത്തെയും ആ നിലയ്ക്ക് തന്നെയാണ് ആരാധകർ നോക്കി കാണാറുള്ളതും. അത്തരത്തിൽ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ വിപണിയിൽ എത്തിയ റോയൽ എൻഫീൽഡിന്റെ ഒരു മോഡലാണ് ഗറില്ല 450. ഒട്ടേറെ പ്രത്യേകതകളുമായാണ് ഇത് വിപണിയിൽ എത്തിയത്.
വളരെ മികച്ച ഓപ്‌ഷനുകളുമായാണ് ഈ വാഹനം വന്നിരിക്കുന്നത്. ഹിമാലയൻ 450 മോഡലിന്റെ പ്രത്യേക വേരിയന്റ് ആണിതെന്ന് പറയപ്പെടുന്നു. ഈ മാസം ഒന്നാം തീയതി മുതലാണ് ഇന്ത്യയിലെ ഷോറൂമുകളിൽ വാഹനം എത്തി തുടങ്ങിയത്. വളരെക്കാലമായി ആരാധകർ കാത്തിരിക്കുന്ന മോഡൽ ആയത് കൊണ്ട് തന്നെ ഗറില്ലയുടെ വരവ് ആരാധകർ അത് ആഘോഷമാക്കിയെന്ന് വേണം പറയാൻ. എന്തൊക്കെയാണ് ഈ വാഹനത്തിന്റെ ഫീച്ചറുകൾ എന്ന് നോക്കാം.

റോയൽ എൻഫീൽഡ് ഗറില്ല 450 ഫീച്ചറുകൾ
ഗറില്ല 450 2.39 ലക്ഷം രൂപ മുതൽ എക്‌സ് ഷോറൂം വിലയിൽ ആരംഭിക്കുന്നു. കൂടാതെ മൂന്ന് വേരിയന്റുകളിലും അഞ്ച് കളർ ഓപ്ഷനുകളിലും ഈ വാഹനം ലഭ്യമാവും. കഴിഞ്ഞ മാസം ബാഴ്‌സലോണയിൽ വച്ച് നടന്ന ചടങ്ങിലാണ് ഈ വാഹനം റോയൽ എൻഫീൽഡ് എല്ലാവർക്കും മുൻപിലേക്ക് അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഓഗസ്‌റ്റ് ഒന്ന് മുതലായിരുന്നു ഷോറുമുകളിൽ എത്തിയത്.
8,000 ആർപിഎമ്മിൽ 39.4 ബിഎച്ച്‌പിയും 5,500 ആർപിഎമ്മിൽ 40 എൻഎം ഔട്‌പുട്ടും നൽകുന്ന 452 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ ഷെർപ എൻജിനാണ് ഗറില്ല 450യുടെ കരുത്ത്. മികച്ച ലോ-എൻഡ് ടോർക്ക് നൽകുന്നതിനായി റോയൽ എൻഫീൽഡ് എഞ്ചിൻ റീട്യൂൺ ചെയ്‌താണ് അവതരിപ്പിച്ചിരിക്കുന്നത്. അസിസ്‌റ്റും സ്ലിപ്പ് ക്ലച്ചും ഉള്ള 6-സ്‌പീഡ് ഗിയർബോക്‌സുമായി ഇതിനെ ജോഡി ആക്കിയിരിക്കുന്നു.
ഗറില്ല ഒരു ബഹുമുഖ മോട്ടോർസൈക്കിളാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ട്രാഫിക്കിലെ മെല്ലെ പോക്കിനും നിർത്തുകളിലെ ചീറിപ്പായലിനും ഒരുപോലെ ഗുണകരമാവുന്ന മോഡൽ എന്ന് ചുരുക്കം. ഹിമാലയൻ 450 പോലെയുള്ള സ്‌റ്റീൽ ട്വിൻ സ്‌പാർ ട്യൂബുലാർ ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് ഗറില്ല നിർമ്മിച്ചിരിക്കുന്നത് എങ്കിലും ഹിമാലയനെക്കാൾ ഒരൽപം ചെറുതാണ്.
ഗറില്ലയ്ക്ക് 11 ലിറ്റർ ഇന്ധന ടാങ്ക്, എൽഇഡി റെട്രോ റൗണ്ട് ഹെഡ്‌ലൈറ്റ് ലഭിക്കുന്നു. 185 കിലോഗ്രാം ഭാരമുള്ള ഗറില്ല 450യിൽ 43 എംഎം ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും കൂടി ഉണ്ട്. വിചാരിച്ചിടത്ത് വാഹനം നിർത്താൻ 310 എംഎം ഫ്രണ്ട് വെൻ്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കും ഡ്യുവൽ ചാനൽ എബിഎസോട് കൂടിയ 270 എംഎം പിൻ ഡിസ്‌ക്കും ബൈക്കിൽ നൽകിയിരിക്കുന്നു.
ഗറില്ലയുടെ വരവ് റോയൽ എൻഫീൽഡിന് ഗുണം ചെയ്‌തോ?
യഥാർത്ഥത്തിൽ ഈ വാഹനത്തിന്റെ വിൽപ്പന കണക്കുകളും മറ്റ് വിവരങ്ങളും ഒക്കെ വരാൻ ഇനിയും നാളുകൾ വേണമെന്നിരിക്കെ ഇത്തരമൊരു ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. എന്നാൽ ഗറില്ലയുടെ വരവ് റോയൽ എൻഫീൽഡ് ആരാധകരെ ഉണർത്തി എന്നതാണ് ഏറ്റവും വലിയ കാര്യം. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കാൻ ഈ മോഡലിലൂടെ കഴിയുമെന്നാണ് റോയൽ എൻഫീൽഡ് കരുതുന്നത്.
വരാനിരിക്കുന്ന ഹിമാലയൻ 650, റോയൽ എൻഫീൽഡ് 350 ക്ലാസിക് 350 എന്നിവയ്ക്കും കൂടുതൽ ശ്രദ്ധയും സ്വീകാര്യതയും കിട്ടാൻ ഗറില്ലയുടെ വരവ് കാര്യമായി സഹായിക്കുമെന്ന് അവർ കരുതുന്നു. അത് ശരിയാണോ എന്ന് അറിയാൻ ബൈക്കിന്റെ വിൽപ്പനയിലെ മുന്നേറ്റം അറിയേണ്ടതുണ്ട്. അതിന് നാം ഇനിയും കാത്തിരിക്കണം.












Click it and Unblock the Notifications