റോയൽ എൻഫീൽഡിന്റെ ബാഹുബലി ഉടനെത്തും; പൽവാൾ ദേവൻമാർ കരുതിയിരുന്നോളൂ, ഇതാണ് ഗറില്ല
ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിലെ യഥാർത്ഥ രാജാവ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാൻ കഴിയുന്ന കമ്പനികളിൽ ഒന്നാണ് റോയൽ എൻഫീൽഡ്. അവരുടെ ഏത് മോഡലിനും എന്നും ആവശ്യക്കാർ ഏറെയാണ്. അങ്ങനെയുള്ള റോയൽ എൻഫീൽഡ് ഒരു പുതിയ വാഹനം രംഗത്തിറക്കുമ്പോൾ അതിനെ സ്വാഭാവികമായും ഉറ്റുനോക്കുന്ന ഒട്ടേറെ പേരുണ്ടാവും.
റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ മോഡലായ ഗറില്ലയാണ് ഇത്തവണ വാർത്തകളിൽ താരമാവുന്നത്. റോയൽ എൻഫീൽഡ് തങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗറില്ല 450 നാളെ, ജൂലൈ 17ന്, സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന ആഗോള ലോഞ്ച് ഇവന്റിൽ ലോകത്തിന് മുൻപിൽ അവതരിപ്പിക്കും.

സബ്-500 സിസി സെഗ്‌മെന്റിലേക്ക് വരുന്ന ഗറില്ല 450 നിരത്തുകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ വന്ന ഹിമാലയൻ ഉൾപ്പെടെയുള്ള മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായ ഒരു ഡിസൈൻ രൂപഭാവത്തോടെ ആവും വാഹനം വരിക എന്നുറപ്പായി കഴിഞ്ഞു. നേരത്തെ ഈ വാഹനത്തിന്റെ ചില ചിത്രങ്ങൾ വിവിധ വെബ്‌സൈറ്റുകൾ പുറത്തുവിട്ടിരുന്നു.
ഗറില്ല 450 റോയൽ എൻഫീൽഡിന്റെ ആധുനിക-റെട്രോ രൂപ ഭാവങ്ങൾ ഒരുപോലെ സമന്വയിപ്പിച്ച നിലയിലാണ് വരുന്നത്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, 17 ഇഞ്ച് അലോയ് വീലുകൾ, സ്ലീക്ക് ടെയിൽ സെക്ഷൻ എന്നിവ പ്രധാന ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുന്നു.
ബൈക്കിന് ഒരു സ്‌പോർടി ലുക്ക് ഉള്ളതിനാൽ ബോൾഡ് കളർ കോമ്പിനേഷനുകളിൽ വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 2.20 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയുള്ള രീതിയിലാകും ഗറില്ല 450 അതിന്റെ ട്വിൻ മോഡലായ ഹിമാലയൻ 450നേക്കാളും വില കുറവായിട്ടായിരിക്കും എത്തുക എന്നാണ് സൂചന. ഹിമാലയൻ 450യുടെ അതേ 452 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ ഇതിന് നൽകും. ഗറില്ലയുടെ സ്പോർട്ടിയർ സ്വഭാവവുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങൾ വന്നേക്കും.
ഈ ബൈക്കിന് രണ്ട് വകഭേദങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഉള്ള കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനും, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും ഉള്ള ടിഎഫ്റ്റി ഡിസ്പ്ലേ ഫീച്ചർ ചെയ്യുന്ന പ്രീമിയം വേരിയന്റും ആയിരിക്കും ഇത്. രണ്ടിലും ട്രിപ്പർ നാവിഗേഷൻ പോഡ് ഒരു ഓപ്‌ഷനായി വാഗ്‌ദാനം ചെയ്‌തേക്കും.
ഗറില്ല 450 ഹിമാലയന്റെ എഞ്ചിൻ പങ്കിടുമ്പോഴും പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്ക് മുൻവശത്ത് അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ബ്രേക്കിംഗ് ചുമതലകൾക്കായി രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകൾ തന്നെയാവും നൽകുക. നിലവിൽ വിപണിയിലുള്ള മോഡലുകളിൽ ട്രയംഫ് സ്‌പീഡ് 400, ഹീറോ മാവ്‌റിക്ക് 440, ഹാർലി-ഡേവിഡ്‌സൺ എക്‌സ്440 എന്നിവയുമായി വാഹനം കൊമ്പുകോർക്കും.












Click it and Unblock the Notifications