കുടു കുടു ബുള്ളറ്റിന്റെ കരുത്തൻ വരുന്നു; ഹിമാലയൻ 650 എല്ലാവരെയും ഞെട്ടിക്കും, എട്ട് നിറങ്ങളിൽ ലഭ്യം?
ബുള്ളറ്റ് എന്ന ഓമനപ്പേരിലാണ് നാം പൊതുവെ റോയൽ എൻഫീൽഡ് വാഹനങ്ങളെ വിശേഷിപ്പിക്കാറുള്ളത്. പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള വിപണികളിൽ ഒരുപോലെ ജനപ്രീതി ആർജിച്ച അവരെ സംബന്ധിച്ചത്തോളം ഇന്ത്യൻ വിപണി ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് ഇടതടവില്ലാതെ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാൻ റോയൽ എൻഫീൽഡ് ഒട്ടും മടി കാണിക്കാതിരിക്കുന്നതും.
കഴിഞ്ഞ കുറച്ച് കാലമായി റോയൽ എൻഫീൽഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ഹിമാലയൻ 650 വകഭേദം. ഇന്ത്യൻ വിപണിയിൽ നിലവിൽ വിൽക്കുന്ന ഹിമാലയനേക്കാൾ പവറും കരുത്തും ഒക്കെയായാണ് ഈ വാഹനം വരുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഈ വാഹനത്തെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റും ആർഇ ആരാധകർ വിട്ടുകളയാറില്ല.

ഹിമാലയൻ 650 പരീക്ഷണം ആരംഭിച്ചുവെന്നാണ് ലഭ്യമായ വിവരം. അതിന് പിന്നാലെ ഈ വാഹനവുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങൾ പുറത്തുവന്നിരുന്നു. കമ്പനി നിലവിൽ ഏറ്റവും അധികം പ്രതീക്ഷ വയ്ക്കുന്ന മോഡലുകളിൽ ഒന്നാണിത്. എന്തെന്നാൽ ഈ മോട്ടോർസൈക്കിൾ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാനുള്ള എല്ലാ സാധ്യതയും ഉയർന്നു വരുന്നുണ്ട്.
വാഹനത്തിന്റെ ലോഞ്ചിനെ കുറിച്ചുള്ള കൃത്യമായ വിവരം അറിയില്ലെങ്കിലും അധികം വൈകാതെ തന്നെ ഇന്ത്യൻ മാർക്കറ്റിലും ആഗോള തലത്തിലും അവതരിപ്പിക്കാനാണ് സാധ്യത. ഓഫ്‌റോഡ് അഡ്വഞ്ചർ-സെഗ്‌മെന്റിൽ മറ്റാർക്കും മറികടക്കാൻ കഴിയാത്ത കരുത്തും ശക്തിയും ഒക്കെ മോട്ടോർ സൈക്കിളിനെ വേറിട്ട് നിർത്തുന്ന ഘടകമാണ്. റോയൽ എൻഫീൽഡ് ആവട്ടെ 650 സെഗ്‌മെന്റ് കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലുമാണ്.
വിവിധ മാധ്യമങ്ങൾ ലഭ്യമായ വിവരങ്ങൾ ചേർത്തുകൊണ്ട് വാഹനത്തിന്റെ സാധ്യമായ രൂപം ഒരുക്കിയത് നാം കണ്ടതാണ്. ഹിമാലയൻ 411, പുതിയ ഹിമാലയൻ 450 എന്നിവയിൽ നിന്ന് വ്യത്യസ്‌തമായി, വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ 650 കൂടുതൽ അഡ്വഞ്ചർ ഗണത്തിൽ തീർച്ചയായും പെടുത്താൻ കഴിയുന്ന ഒന്ന് തന്നെയാണ്.
ഒട്ടേറെ ഘടകങ്ങളിൽ മുൻ മോഡലുകളിൽ നിന്ന് കാര്യമായ വ്യത്യാസം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മുൻപിലെ റൗണ്ട് എൽഇഡി ലൈറ്റും മറ്റ് സവിശേഷതകളും മുൻ മോഡലുകളുടേതിന് സമാനമായി നിലനിർത്തും എന്നതാണ് പ്രത്യേകത. ടെലോസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ ഉൾപ്പെടെ ഈ വാഹനത്തിൽ ഉണ്ടാവുമെന്നാണ് ചില റെൻഡറുകൾ സൂചിപ്പിക്കുന്നത്.
മുൻ മോഡൽ പോലെ തന്നെയുള്ള മെയിൻഫ്രെയിമുകളും സബ്‌ഫ്രെയിമുകളും ഉള്ള ഹിമാലയൻ 450ന് സമാനമായ പ്ലാറ്റ്‌ഫോമിലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 650യിൽ ഉണ്ടാവുക. സീറ്റിംഗ് ലേഔട്ടും അത് പോലെ തന്നെ തുടരാനാണ് സാധ്യത. വലുപ്പം മുൻ മോഡലിനേക്കാൾ അൽപ്പം കൂടാനാണ് സാധ്യത അതിന് ആനുപാതികമായി ഭാരവും ഉയരും.
നിലവിലെ സാഹചര്യത്തിൽ ഈ വാഹനം എട്ടോളം പുതിയ നിറങ്ങളിൽ ലഭ്യമാവും എന്നാണ് ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇവ ഏതൊക്കെ നിറങ്ങൾ ആണെന്ന് മാത്രം സ്ഥിരീകരിച്ചിട്ടില്ല. ലോഞ്ചിന് മുന്നോടിയായി മാത്രമെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാവൂ എന്നതാണ് വിവരം. അടുത്ത വർഷമായിരിക്കും റോയൽ എൻഫീൽഡ് ഹിമാലയൻ 650 മോഡലിന്റെ ലോഞ്ച് എന്നാണ് സൂചന.












Click it and Unblock the Notifications