റോയൽ എൻഫീൽഡ് ഹിമാലയൻ മുതൽ ഹോണ്ട സിബി350 വരെ; ഈ വർഷത്തെ കൊമ്പന്മാർ ഇവയൊക്കെ...
ഇന്ത്യൻ വാഹന വിപണി അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഇരുചക്ര വാഹന വിപണിയുടെ കാര്യവും ഒട്ടും പിന്നിലല്ല. പണ്ടത്തെ പോലെയല്ല, മത്സര അതികഠിനമാണ്. ഇക്കാരണത്താൽ തന്നെ വാഹനങ്ങൾ അത്രയും ശ്രദ്ധയോടെയും ഉപയോക്താക്കളെ പരിഗണിച്ചുമാണ് വിപണിയിൽ എത്തുന്നത്. ഈ വർഷം ഇരുചക്ര വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ വാഹനപ്രേമികളെ ലക്ഷ്യമിട്ട് നിരത്തിലിറങ്ങിയിരുന്നു.
എന്നാൽ അവയിൽ പലതും പ്രതീക്ഷിച്ച നിലവാരം പുലർത്താൻ സാധിക്കാതെ വന്നതോടെ പാതി വഴിയിൽ തകർന്നടിഞ്ഞു. മറ്റ് ചില മോഡലുകളാവട്ടെ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ച് പിടിച്ചു നിന്നുവെന്നതാണ് സത്യം. എന്നാൽ ഇതിനൊക്കെ അപ്പുറം ഏറ്റവും മികച്ച ചില വാഹനങ്ങളും ഇക്കുറി വിപണിയിൽ എത്തിയെന്ന് കാര്യം മറക്കാൻ പാടില്ല. അത്തരത്തിൽ ഈ വർഷം നിരത്തിലിറങ്ങിയ ഏറ്റവും മികച്ച അഞ്ച് വാഹനങ്ങൾ നമുക്ക് പരിചയപ്പെടാം.

റോയൽ എൻഫീൽഡ് ഹിമാലയൻ
ഹിമാലയൻ 450 സീരീസിൽ ഒന്നിലധികം വേരിയന്റുകളുണ്ട്. ഓഫ്‌റോഡ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഈ മോട്ടോർ സൈക്കിളിന്റെ വില 2.69 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലാണ് ആരംഭിക്കുന്നത്.
ബേസ് വേരിയന്റ് 2.74 ലക്ഷം രൂപയ്ക്കും, പാസ് വേരിയന്റ് 2.79 ലക്ഷം (എക്‌സ്-ഷോറൂം) രൂപയ്ക്കും, ടോപ്-ടയർ സമ്മിറ്റ് ഹാൻലെ ബ്ലാക്ക് 2.84 ലക്ഷം രൂപയ്ക്കുമാണ് ലഭ്യമാവുക. പുതിയ ഹിമാലയന് 452 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് അവതരിപ്പിച്ചിരിക്കുന്നത്, ഇത് റോയൽ എൻഫീൽഡിനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സുപ്രധാന മാറ്റമാണ്.
ഹോണ്ട സിബി350
ഹൈനസ്, സിബി350ആർഎസ് തുടങ്ങിയ മറ്റ് മോഡലുകളെ വച്ച് നോക്കുമ്പോൾ കൂടുതൽ റെട്രോ ഡിസൈൻ ഉൾപ്പെടുത്തിയാണ് ഈ വാഹനത്തെ കമ്പനി രംഗത്തിറക്കുന്നത്. രണ്ട് വേരിയന്റുകളിലായാണ് കമ്പനി ഈ വാഹന അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട സിബി350 ഡീലക്‌സ്, ഹോണ്ട സിബി350 ഡീലക്‌സ് പ്രോ എന്നിവയാണ് വകഭേദങ്ങൾ.
അടിസ്ഥാന മോഡലായ ഹോണ്ട സിബി350 ഡീലക്‌സിന് 1,99,900 രൂപയും, ഡീലക്‌സ് പ്രോ 2,17,800 രൂപയുമാണ് എക്‌സ് ഷോറൂം വില. 348.36 സിസി ശേഷിയുള്ള സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. 5-സ്‌പീഡ് ഗിയർബോക്‌സിനൊപ്പം സ്ലിപ്പും അസിസ്‌റ്റ് ക്ലച്ചും കമ്പനി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
ട്രയംഫ് സ്‌പീഡ് 400/ സ്‌ക്രാംബ്ലർ 400 എക്‌സ്
പട്ടികയിലെ ഇരട്ട ബൈക്കുകളാണിവ. 4-വാൽവ്, ലിക്വിഡ് കൂൾഡ് 399 സിസി സിംഗിൾ സിലിണ്ടർ ഉൾപ്പെടുത്തിയ എഞ്ചിനാണ് രണ്ട് ബൈക്കുകളുടെയും സവിശേഷത . 6-സ്‌പീഡ് ഗിയർബോക്‌സും സ്ലിപ്പർ ക്ലച്ചുമായി ഈ വാഹനങ്ങൾ എത്തും. രണ്ട് ബൈക്കുകൾക്കും എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽലൈറ്റ്, ഇൻഡിക്കേറ്ററുകൾ എന്നിവ കൂടി ലഭിക്കും.
ഹാർലി-ഡേവിഡ്സൺ എക്‌സ്440
കമ്പനിയുടെ ഏറ്റവും വില കുറഞ്ഞതും, താങ്ങാവുന്നതുമായ വാഹനമാണ് ഇത്. ഇന്ത്യയിലെ ഉപയോക്താക്കളെ മനസ്സിൽ കണ്ടുകൊണ്ട് നിർമ്മിച്ചതാണെന്ന് ചുരുക്കം. എങ്കിലും മറ്റ് ഫീച്ചറുകളിൽ ഒന്നിലും കമ്പനി വിട്ടുവീഴ്‌ച വരുത്തിയിട്ടില്ല. 440 സിസി സിംഗിൾ സിലിണ്ടർ എയർ/ഓയിൽ കൂൾഡ് എഞ്ചിനാണ് ഇതിൽ നൽകിയിരിക്കുന്നത്.
ടിവിഎസ് അപ്പാച്ചെ ആർടിആർ 310
ആരെയും ആകർഷിക്കുന്ന ഡിസൈനും മറ്റ് സവിശേഷതകളുമായിട്ടാണ് ഈ മോട്ടോർസൈക്കിൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ടിവിഎസ് ബൈക്കുകളിൽ അപ്പാച്ചെ ലൈനപ്പിൽ ആർടിആർ 200 4വി മോട്ടോർസൈക്കിളിന് തൊട്ട് മുകളിലായിട്ടാണ് അപ്പാച്ചെ ആർടിആർ 310 മോട്ടോർസൈക്കിളിന്റെ സ്ഥാനം. 2.43 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില.












Click it and Unblock the Notifications