റോയൽ എൻഫീൽഡിന്റെ ഗോവൻ ക്ലാസിക് ഉടനെത്തും; അടിമുടി ദുരൂഹത, അണിയറയിൽ ഒരുങ്ങുന്നത് എന്ത്..?
റോയൽ എൻഫീൽഡ് അടുത്തിടെയാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഷോട്ട്ഗൺ 650 പുറത്തിറക്കിയത്. അടുത്ത വർഷം ഷോട്ട്ഗൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്തയാണ് വാഹന പ്രേമികളെ ആവേശത്തിൽ ആഴ്ത്തി കൊണ്ട് വന്നിരിക്കുന്നത്. 'ഗോവൻ ക്ലാസിക് 350' എന്ന പേര് റോയൽ എൻഫീൽഡ് ട്രേഡ്‌മാർക്കിനായി രജിസ്‌റ്റർ ചെയ്‌തു കഴിഞ്ഞു.
റോയൽ എൻഫീൽഡിന്റെ ഒരു പുതിയ സിസി എഞ്ചിൻ ബൈക്ക് വരുന്നതായി ഇത് സൂചിപ്പിക്കുന്നുവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. 350 സിസി ബോബറാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പഴയ പ്രതാപകാലത്തെ അനുസ്‌മരിപ്പിക്കാൻ ഉള്ള ശ്രമമാണ് റോയൽ എൻഫീൽഡ് നടത്തുന്നത്. പരിഷ്‌കരിച്ച ഹാൻഡിൽബാറുകളും ഇന്ധന ടാങ്കുകളും സീറ്റുകളും സഹിതം ഗോവയിൽ ക്ലാസിക് 350 ധാരാളമുണ്ടായിരുന്ന ഒരു കാലത്തെ തിരികെ കൊണ്ടുവരാനാണ് കമ്പനിയുടെ ശ്രമം. കമ്പനിയുടെ വരാനിരിക്കുന്ന ഗോവൻ ക്ലാസിക് 350 ആയിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ വരാനിരിക്കുന്നത് ഒരു പുതിയ വേരിയന്റ് അല്ലെങ്കിൽ ഒരു പുതിയ മോട്ടോർബൈക്ക്ആണോ എന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഗോവൻ ക്ലാസിക്കിന്റെ പുതിയ വകഭേദം മറ്റ് ലൈനപ്പിനൊപ്പം തന്നെ എത്തുമെന്നാണ് പ്രതീക്ഷ.
കൂടാതെ, ഏറ്റവും പുതിയ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾക്കൊപ്പം ബോബർ-സ്‌റ്റൈൽ സീറ്റ്, എൽഇഡി ഹെഡ്‌ലാമ്പ്, പുതുക്കിയ ടെയിൽ ലാമ്പ് എന്നിവയും ബൈക്കിൽ ഉൾപ്പെടുത്തിയേക്കും. ഈ ബൈക്കും ക്ലാസിക് 350ന്റെ അതേ സവിശേഷതകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, തന്നെ ഈ വാഹനത്തിന്റെ മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളും ലഭിക്കാൻ സാധ്യതയുണ്ട്.
ബ്രേക്കിംഗ് ഡ്യൂട്ടിയുടെ കാര്യത്തിൽ, പുതിയ ബൈക്കിന് മുന്നിലും പിന്നിലും ഡിസ്‌കുകൾ ഉൾപ്പെടുത്തിയേക്കും. ഇത് കൂടാതെ ഈ മോട്ടോർസൈക്കിളിൽ ഡ്യുവൽ-ചാനൽ എബിഎസ് ലഭിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ആർഇയുടെ ഏറ്റവും പുതിയ മോഡൽ അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ 350 സിസി വിഭാഗത്തിൽ തങ്ങളുടെ അധീശത്വം ഊട്ടിയുറപ്പിക്കാനും വിപണി വിഹിതം ഉയർത്താനും ലക്ഷ്യമിട്ടാണ് റോയൽ എൻഫീൽഡ് പുതിയ മോഡലുമായി വാഹന പ്രേമികൾക്ക് മുൻപിലേക്ക് വരുന്നത്.












Click it and Unblock the Notifications