ബുള്ളറ്റിലേറി കുതിക്കാൻ പണം തടസ്സമാണോ..? പ്രതിവിധിയുമായി റോയൽ എൻഫീൽഡ്, കൂടുതലറിയാം...
വാഹന പ്രേമികളുടെ വികാരമാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തി ആവില്ല. കാരണം പതിറ്റാണ്ടുകളായി പലരുടെയും മനസ്സിൽ കയറി കൂടിയ സ്വപ്‌ന വാഹനമാണ് ഇത്. ആനയുടെ എടുപ്പും, അതിനൊത്ത കരുത്തുമുള്ള റോയൽ എൻഫീൽഡ് വാഹനങ്ങൾ ഒരുകാലത്ത് പ്രൗഢിയുടെ പ്രതീകമായിരുന്നു. ഇന്ന് കാലം മാറിയെങ്കിലും ബുള്ളറ്റിന്റെ ജനപ്രീതിക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല.
എങ്കിലും എല്ലാവർക്കും ഇത് സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിക്കൊള്ളണമെന്നില്ല. കാലം മാറിയതിന് അനുസരിച്ച് ഈ വാഹനത്തിന്റെ വിലയും കുത്തനെ ഉയർന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഒരു പുതിയ റോയൽ എൻഫീൽഡ് വാഹനം സ്വന്തമാക്കാൻ ലക്ഷങ്ങൾ തന്നെ വേണ്ടി വരുമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

എന്നാൽ ഇതിനും ഇപ്പോൾ പരിഹാരമായിരിക്കുകയാണ്. റോയൽ എൻഫീൽഡ് തന്നെയാണ് പോംവഴിയുമായി രംഗത്ത് വന്നിരിക്കുന്നത്. പുതുതായി ആരംഭിച്ച റീഓൺ പദ്ധതിയിലൂടെയാണ് റോയൽ എൻഫീൽഡ് ഉപയോഗിച്ച ബൈക്കുകൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനുള്ള നീക്കം തുടങ്ങിയത്.
റോയൽ എൻഫീൽഡ് ഇതിനായി ഒരു ഔദ്യോഗിക വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്‌ട ആർഇ ബൈക്കുകൾ സ്വന്തമാക്കാനും വിൽപ്പന നടത്താനുമൊക്കെ കഴിയും എന്നതാണ് പ്രത്യേകത. പുറമെ നിന്ന് വാങ്ങുന്നതിന് അപ്പുറം റോയൽ എൻഫീൽഡിന്റെ വിശ്വാസ്യതയോടെ ബൈക്കുകൾ വാങ്ങാം എന്നതാണ് ഇതിനെ സവിശേഷമാക്കുന്നത്.
ബൈക്കിന്റെ ശരിയായ വില, കൃത്യമായ ഡോക്യുമെന്റേഷൻ, വാറന്റി ആനുകൂല്യവും എന്നിവ നിങ്ങൾക്ക് ഇതിലൂടെ ലഭിക്കും. റോയൽ എൻഫീൽഡിന്റെ റീഓൺ വെബ്‌സൈറ്റ് സന്ദർശിച്ചാൽ നിങ്ങൾക്ക് അവിടെ നിങ്ങളുടെ സ്ഥലം, ആവശ്യമുള്ള മോഡൽ, വില പരിധി എന്നിവ ഉൾപ്പെടെയുള്ളവ കൊടുത്ത് സെർച്ച് ചെയ്യാവുന്നതാണ്. നിങ്ങൾ നൽകിയ വിവരങ്ങളുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളുടെ ലിസ്‌റ്റ് ഇതിൽ നിന്നും ലഭിക്കുന്നതാണ്.
ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന ബൈക്കുകൾ ടെസ്‌റ്റ് റൈഡ് നടത്തി ഇഷ്‌ടപ്പെട്ടാൽ വാങ്ങാവുന്നതാണ്. ഇതിനൊക്കെ പുറമെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഉപയോക്താക്കൾക്ക് ഈസി ഫിനാൻസ് ലഭ്യമാക്കാനും സൗകര്യമുണ്ട്. നിലവിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ തുടങ്ങിയ വൻ നഗരങ്ങളിൽ ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications