ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്ന് സ്‌കോഡ; പുതിയ കൈലാക്കിന്റെ ലുക്ക് വേറെ ലെവൽ, ഞെട്ടിക്കുമോ?
ഇന്ത്യൻ വാഹന വിപണിയിൽ ഒട്ടേറെ ബ്രാൻഡുകൾ കരുത്ത് തെളിയിച്ചിട്ടുണ്ട്. ഫോർവീലർ സെഗ്‌മെന്റിൽ പല കമ്പനികളും തങ്ങളുടെ അധീശത്വം ഉറപ്പിക്കാനായി മോഡലുകൾ രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ എല്ലാവർക്കും ഒരുപോലെ ഇവിടെ ജയിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രം. എങ്കിലും ചില ബ്രാൻഡുകൾ വിൽപ്പന കണക്കുകളിലല്ല, മറിച്ച് അവർ ഉപഭോക്താക്കൾക്ക് ഇടയിൽ ഉണ്ടാക്കിയ സ്വാധീനമാണ് അവരെ ജനപ്രിയമാക്കുന്നത്.
അത്തരത്തിൽ രാജ്യത്തെ ഫോർ വീലർ വിപണിയെ ഒന്നാകെ സ്വാധീനിച്ച ബ്രാൻഡുകളിൽ ഒന്നാണ് സ്കോഡ. നിരവധി സെഗ്‌മെന്റുകളിൽ സ്കോഡ വിപണിയിൽ വിജയിച്ച മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. അവയിൽ പലതും മുൻനിര ബ്രാൻഡുകളെ കടത്തിവെട്ടുന്ന തരത്തിൽ വിൽപ്പന നേടിയവയാണ്. അതുകൊണ്ട് തന്നെ വാഹന പ്രേമികൾക്ക് ഇടയിൽ സ്കോഡയ്ക്ക് സവിശേഷമായ ഒരു സ്ഥാനം തന്നെയുണ്ട്.

അവരിതാ പുതിയൊരു വാഹനവുമായി വിപണിയിലേക്ക് ഇറങ്ങുകയാണ്. സ്കോഡയുടെ ഒരു മിനി എസ്‌യുവി എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന മോഡലാണ് വരുന്നത്. ഇന്ത്യയിൽ സ്കോഡ സമീപകാലത്ത് അവതരിപ്പിക്കുന്ന അവരുടെ പ്രധാന മോഡലുകളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം. കാരണം ഏറെനാളായി ഉപഭോക്താക്കൾക്ക് ഈ വാഹനത്തിന്റെ പിന്നാലെയായിരുന്നു.
സ്കോഡ കൈലാക്ക് എസ്‌യുവി
സബ്-4-മീറ്റർ സെഗ്‌മെന്റിൽ സ്കോഡ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുക ലക്ഷ്യമിട്ടാണ് ഈ മോഡൽ അവതരിപ്പിക്കുന്നത്. സ്കോഡ കൈലാക്ക് നേരത്തെ തന്നെ വാഹന പ്രേമികൾക്ക് ഇടയിൽ ചർച്ചാ വിഷയമായിരുന്നു. വാഹനത്തിന്റെ സ്പൈ ഇമേജുകൾ, മറ്റ് ചിത്രങ്ങൾ എന്നിവ കണ്ടതോടെ വരുന്നത് മികച്ച മോഡൽ തന്നെയാണെന്ന് പണ്ഡിതർ വിധിയെഴുതിയിരുന്നു.
ടാറ്റ നെക്സോണിന്റെയും മാരുതി ബ്രെസ്സയുടെയും എതിരാളിയായാണ് ഇന്ത്യൻ വിപണിയിൽ സ്കോഡ ഈ വാഹനം അവതരിപ്പിക്കുന്നത്. ഇതിന്റെ വേരിയൻറ് തിരിച്ചുള്ള വിലകളും വാഹന നിർമ്മാതാവ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് 7.89 ലക്ഷം (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ ആരംഭിക്കുന്ന ഒരു മോഡലാണ്. ഇന്ന് മുതലാണ് ഇന്ത്യയിൽ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചത്.
കൈലാക്ക്: ഫീച്ചറുകൾ ഇങ്ങനെ
114 ബിഎച്ച്പി കരുത്തും 178 എൻഎം ടോർക്കും നൽകാൻ ശേഷിയുള്ള 1.0 ലിറ്റർ, ത്രീ സിലിണ്ടർ, TSI ടർബോ-പെട്രോൾ എഞ്ചിനിൽ മാത്രമാണ് പുതിയ കൈലാക്ക് ലഭ്യമാവുക. ആറ് സ്‌പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായാണ് ഈ മോട്ടോർ ജോഡിയാക്കിയത്. വാഹനത്തിന്റെ കരുത്ത് കൂട്ടാൻ ഈ എഞ്ചിൻ സവിശേഷതകൾ സഹായിക്കുന്നുണ്ട്.
ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ+, പ്രസ്‌റ്റീജ് എന്നീ നാല് വേരിയന്റുകളിൽ പുതിയ കൈലാക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാവും. കൂടാതെ, ഉപഭോക്താക്കൾക്ക് ഒലിവ് ഗോൾഡ്, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, ടൊർണാഡോ റെഡ്, കാൻഡി വൈറ്റ്, കാർബൺ സ്‌റ്റീൽ, ബ്രില്യന്റ് സിൽവർ എന്നിങ്ങനെ ഏഴ് നിറങ്ങളിലാണ് വാഹനം വാങ്ങാൻ കഴിയുക. വിപണിയിൽ തരംഗമാവാൻ കൈലാക്കിന് കഴിയുമെന്നാണ് സ്‌കോഡയുടെ പ്രതീക്ഷ.












Click it and Unblock the Notifications