ഇലക്ട്രിക് വിപണി നിന്ന് കത്തും; ടാറ്റയുടെ കൊലകൊമ്പൻ അല്ലേ വരുന്നത്, ഹാരിയർ ഇവി പൊളിച്ചടുക്കുമോ?
ഇന്ത്യക്കാർ ഏറ്റവുമധികം വാങ്ങാൻ ആഗ്രഹിക്കുന്ന കാറുകളിൽ ഭൂരിഭാഗവും മാരുതി സുസൂക്കിയുടേത് ആണെന്ന് കണക്കുകളിൽ നിന്ന് നമുക്ക് മനസിലാക്കാം. എന്നാൽ ഇലക്ട്രിക് വിപണിയിൽ മാരുതി ഒരു റോളുമില്ല എന്നതും നിങ്ങൾക്ക് ഈ കണക്കുകൾ കാണിച്ചു തരും. അവിടെ ഇന്ത്യയുടെ സ്വന്തം കമ്പനിയായ ടാറ്റ കടുത്ത അപ്രമാദിത്വമാണ് വച്ച് പുലർത്തുന്നത്. നിരവധി മോഡലുകളുണ്ട് ടാറ്റയുടേതായി ഇന്ത്യൻ വാഹന വിപണിയിൽ.
ഇനി ഒട്ടേറെ മോഡലുകൾ വരാനായി അണിയറയിൽ തയ്യാറെടുത്ത് കൊണ്ട് ഇരിക്കുകയും ചെയ്യുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മോഡലാണ് ടാറ്റ ഹാരിയർ ഇവി. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യ പാദത്തിലോ ഈ വാഹനം വിപണിയിൽ അവതരിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇതിൽ 2025 ആദ്യപാദത്തിന് തന്നെയാണ് കൂടുതൽ സാധ്യത, എങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. ടാറ്റയുടെ പുതിയ Acti.EV പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെയാവും ഈ വാഹനം നിർമ്മിക്കുക. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവി മോഡലുകളിൽ ഒന്ന് കൂടിയാണിത്.
ഏറ്റവും ഒടുവിൽ ഈ വാഹനത്തിന്റെ ചില ചിത്രങ്ങൾ ലീക്കായത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ ശ്രദ്ധ നേടുന്നുണ്ട്. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് ടെസ്‌റ്റ് ഡ്രൈവിനിടെയാണ് വാഹനത്തിന്റെ രൂപഭാവങ്ങൾ പുറംലോകത്തിന് മുന്നിൽ കാട്ടി തന്നത്. നേരത്തെ എക്സ്പോ ഷോയിൽ കാണിച്ചിരുന്ന ഡിസൈനിനോട് സാമ്യത പുലർത്തുന്നതാണ് വാഹനത്തിന്റെ പുറം കാഴ്‌ച എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇവി ഗ്രിൽ, ബിഐ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സീക്വൻഷ്യൽ എൽഇഡി ഡിആർഎല്ലുകൾ, ഫുൾ-വീഡ്ത്ത് ലൈറ്റ് ബാർ, ഫ്രണ്ട് എൽഇഡി ഫോഗ് ലാമ്പുകൾ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ആ ഡിസൈനിൽ നിന്ന് കടംകൊണ്ടിട്ടുണ്ട്. ലെവൽ 2 അഡാസ് സുരക്ഷാ ഫീച്ചറുകളുടെ അകമ്പടിയോടെയാവും വാഹനം വിപണിയിൽ എത്തുക.
ഇന്റീരിയർ ക്യാബിനുമായി ബന്ധപ്പെട്ട ഈ വാഹനത്തിന്റെ വിവരങ്ങൾ ആദ്യമായാണ് പുറംലോകം അറിയുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. പരീക്ഷണ വാഹനം ആയതിനാൽ തന്നെ ഇതിലെ പല ഘടകങ്ങളും മാറിയിട്ടാവും ലോഞ്ച് സമയത്ത് ഉണ്ടാവുക എന്നതിനാൽ നിലവിലെ ഡിസൈൻ രീതികൾ അന്തിമം ആണെന്ന കാര്യത്തിൽ ഉറപ്പ് പറയാനാവില്ല.
സാധാരണ ഹാരിയർ മോഡലിൽ നിന്ന് വ്യത്യസ്‌തമായി ഇവിയിൽ കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ വരാൻ സാധ്യത ഉണ്ടെന്നതാണ് മറ്റൊരു കാര്യം. വാഹനത്തിന് 500 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് 60-80 kWh വരെ ബാറ്ററി ശേഷി ഉണ്ടായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അധികം വൈകാതെ ടാറ്റ തന്നെ ഔദ്യോഗികമായി പുറത്തുവിട്ടേക്കും.












Click it and Unblock the Notifications