ടാറ്റ സൂപ്പറാഡാ മക്കളേ; നെക്‌സോണിന്റെ ഡിസ്‌കൗണ്ട് ഞെട്ടിക്കും, വില ഒരു ലക്ഷം രൂപ വരെ കുറയും..!
ഇന്ത്യൻ വാഹന വിപണിയിൽ വിശ്വാസ്യതയുടെ പര്യായം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ബ്രാൻഡുകളിൽ ഒന്നാണ് ടാറ്റ മോട്ടോഴ്‌സ്. അവരുടെ ഒട്ടുമിക്ക എല്ലാ മോഡലുകൾക്കും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഭയങ്കര ഗ്യാരന്റിയാണ്. അതിനാൽ തന്നെയാണ് ടാറ്റയ്ക്ക് ഇത്രയേറെ ആരാധകർ രാജ്യത്തുള്ളതും. പലപ്പോഴും ഉപഭോക്താക്കൾക്ക് വേണ്ടി അവർ പുതിയ ഓഫറുകളും മറ്റും പ്രഖ്യാപിക്കാറുമുണ്ട്.
അത്തരത്തിൽ ടാറ്റയുടെ ചില ജനപ്രിയ മോഡലുകൾക്ക് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുക പതിവാണ്. വിപണിയിൽ ചലനമുണ്ടാക്കാനും വിൽപ്പന കൂടുതൽ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് അവർ ഇത്തരത്തിൽ തങ്ങളുടെ മോഡലുകൾക്ക് വിലക്കുറവ് ഏർപ്പെടുത്തുന്നത്. എന്നാൽ അതൊക്കെയും പരിമിതകാലത്തേക്ക് മാത്രമാണ് ഉണ്ടാവാറുള്ളത്. അത്തരത്തിൽ ഓഗസ്‌റ്റ് മാസത്തിൽ ടാറ്റ ഒരു കിടിലൻ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ്.

എന്നാൽ ഒരു വാഹനത്തിന് മാത്രമല്ല കേട്ടോ ഒന്നിലേറെ മോഡലുകൾക്ക് അവർ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. 2024 മോഡൽ നെക്‌സോൺ, ഹാരിയർ, സഫാരി, പഞ്ച്, ടിയാഗോ, ടിഗോർ എന്നീ ജനപ്രിയ വാഹനങ്ങൾക്ക് ടാറ്റ ഡീലർഷിപ്പുകൾ മുഖേന വലിയ കിഴിവുകളാണ് ഈ മാസം ലഭ്യമാവുക.
ഓഫറുകൾ ഇങ്ങനെ
ടാറ്റ നെക്‌സോൺ: ഈ മാസം 16,000 മുതൽ 1 ലക്ഷം രൂപ വരെയാണ് നെക്‌സോണിന് ലഭിക്കുന്ന കിഴിവ്. 8 ലക്ഷം മുതൽ 15.80 ലക്ഷം രൂപ വരെയാണ് നെക്‌സോണിന് വില, 115 എച്ച്പി, 1.5 ലിറ്റർ ഡീസൽ എഞ്ചിനും 120 എച്ച്‌പി, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ഈ മോഡലിൽ ലഭിക്കും. മറ്റ് കോംപാക്റ്റ് എസ്‌യുവികളിൽ കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, മാരുതി ബ്രെസ്സ എന്നിവയാണ് പ്രധാന എതിരാളികളായി രംഗത്തുള്ളത്.
ടാറ്റ സഫാരി: ഓഗസ്‌റ്റിൽ 70,000 മുതൽ 1.40 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ വേരിയൻ്റിനെ ആശ്രയിച്ച് ഈ മോഡലിൽ ലഭിക്കും. എസ്‌യുവിയുടെ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകളിൽ കിഴിവുകൾ ഉണ്ടാവും. 6-സ്‌പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്‌പീഡ് ടോർക്ക് കൺവെർട്ടറുമായി ഘടിപ്പിച്ച 170എച്ച്പി, 350എൻഎം നൽകുന്ന 2.0-ലിറ്റർ, ഫോർ-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണു സഫാരിയുടെ കരുത്ത്.
ടാറ്റ ഹാരിയാർ: ഈ മാസം 1.20 ലക്ഷം രൂപ വരെ വിലക്കിഴിവോടെയാണ് ഹാരിയർ ഇപ്പോൾ ലഭ്യമാകുന്നത്. 15.49 ലക്ഷം മുതൽ 26.44 ലക്ഷം രൂപ വരെ വിലയുള്ള ഹാരിയർ, സഫാരിയുടെ അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് മഹീന്ദ്ര എക്സ്‍യുവി700, എംജി ഹെക്‌ടർ, ജീപ്പ് കോമ്പസ് എന്നിവയോടാണ് വിപണിയിൽ ഏറ്റുമുട്ടുക.
ടാറ്റ പഞ്ച്: പ്യുവർ, പ്യുവർ റിഥം വേരിയന്റുകൾ ഒഴികെ 18,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് ടാറ്റ പഞ്ച് ലഭ്യമാകുന്നത്. ഹ്യുണ്ടായ് എക്‌സ്‌റ്റർ, സിട്രോൺ സി3 എന്നിവയ്‌ക്ക് എതിരാളിയാണ് വിപണിയിൽ ടാറ്റയുടെ ഈ കാർ. ഇതിൻ്റെ വില 6.13 ലക്ഷം മുതൽ 10.20 ലക്ഷം രൂപ വരെയാണ്. ടിയാഗോ, ടിഗോർ കാറുകളുടെ അതേ എഞ്ചിനാണ് വാഹനത്തിനും നൽകിയിരിക്കുന്നത്.
ടാറ്റ ടിയാഗോ, ടിഗോർ വാഹനങ്ങൾക്കും കിഴിവ് ലഭ്യമാകും. ടിഗോറിന് ഈ മാസം 55,000 രൂപ വരെ കിഴിവ് ലഭിക്കും. 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ വരെ മൂല്യമുള്ള എക്‌സ്‌ചേഞ്ച്/സ്‌ക്രാപ്പേജ് ആനുകൂല്യങ്ങൾ, 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടെ 60,000 രൂപ വരെ വരുന്ന ആനുകൂല്യങ്ങളാവും ടിയാഗോക്ക് ലഭ്യമാവുക.












Click it and Unblock the Notifications