വിപണി പിടിക്കാൻ ടാറ്റയുടെ പൂഴിക്കടകൻ; ഈ കാറുകൾക്ക് വില കുറച്ചു, ലാഭം 1.2 ലക്ഷം രൂപ വരെ
വരാനിരിക്കുന്ന കാലം ഇവി കാറുകളുടേതാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവണം രാജ്യത്തെ മുൻനിര കമ്പനികളെല്ലാം ഈ സെഗ്‌മെന്റിനെ വളരെ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. ടാറ്റ മോട്ടോഴ്‌സും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. കഴിഞ്ഞ വർഷങ്ങളിൽ വളരെ മികച്ച ഇവി കാറുകൾ വിപണിയിൽ എത്തിക്കാൻ അവർ ശ്രമിച്ചിരുന്നു. അതിൽ ഏറെ ജനപ്രീതി നേടിയ നെക്‌സോൺ ഇവി, ടിയാഗോ എന്നിവയൊക്കെ കൈയ്യടി നേടിയ മോഡലുകളാണ്.
ഇവി കാറുകളുടെ സ്വീകാര്യത കണക്കിലെടുത്തവണം ടാറ്റ ഇപ്പോൾ പുതിയൊരു തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ ഏറ്റവും മികച്ച രണ്ട് ഇവി കാറുകളായ നെക്‌സോണിനും ടിയാഗോയ്ക്കും വില കുറയ്ക്കാനുള്ള നിർണായക തീരുമാനമാണ് ടാറ്റ എടുത്തിരിക്കുന്നത്. ഇതോടെ ഈ രണ്ട് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്.

നെക്‌സോൺ ഇവിയുടെ വില ഇപ്പോൾ ക്രിയേറ്റീവ്+ എംആർ വേരിയന്റിന് 14.49 ലക്ഷം മുതൽ ആരംഭിക്കുന്നു, എംപവേർഡ്+ എൽആർ വേരിയൻ്റിന് 19.29 ലക്ഷം രൂപ വരെയാണ് വില. ഇതിൽ കാര്യമായ കുറവ് വരുത്തി ഉപഭോക്താക്കളെ ആകർഷിക്കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ നീക്കം. നെക്‌സോൺ ഇവി മീഡിയം റേഞ്ച് (എംആർ) വേരിയൻ്റുകളുടെ വിലയിൽ 20,000-35,000 രൂപയുടെ കുറവാണു ഉണ്ടാവുക.
എന്നാൽ ലോംഗ് റേഞ്ച് (എൽആർ) വേരിയന്റുകകൾക്ക് 1.20 ലക്ഷം രൂപ വരെ വിലയിൽ കാര്യമായ ഇടിവ് കാണാം. ഇതിന് വിപരീതമായി ടോപ്പ്-സ്പെക്ക് ട്രിമ്മിൽ 20,000 രൂപയുടെ കുറവ് മാത്രമേ കാണാനാകൂ. വിപണിയിൽ പ്രധാന എതിരാളിയായ മഹീന്ദ്ര എക്സ്‍യുവി400 ഇവിയുമായി ഏറ്റുമുട്ടുന്ന നെക്‌സോൺ ഇവിക്ക് പുതിയ തീരുമാനം വലിയ രീതിയിൽ ഗുണം ചെയ്യും.
നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് ആവട്ടെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്- 30.2kWh ബാറ്ററിയുള്ള എംആർ, 40.5kWh ബാറ്ററിയുള്ള എൽആർ എന്നിങ്ങനെയാണത്. എംആറിന് അവകാശപ്പെടുന്ന റേഞ്ച് 325 കിലോമീറ്റർ ആണെങ്കിൽ എൽആറിന് അത് 465 കിലോമീറ്റർ ആണ്. രണ്ട് പതിപ്പുകൾക്കും ഇപ്പോൾ സ്‌റ്റാൻഡേർഡായി 7.2kW എസി ചാർജറും ലഭിക്കുന്നു.
അതേസമയം, വില കുറച്ചതിന് ശേഷം, ടാറ്റയുടെ മറ്റൊരു ജനപ്രിയ മോഡലായ ടിയാഗോ ഇവി ഇന്ത്യയിൽ 7.99 ലക്ഷം രൂപ മുതൽ ആരംഭിക്കും. ടാറ്റ ടിയാഗോ ഇവി 2022 ഒക്ടോബറിലാണ് രാജ്യത്ത് അവതരിപ്പിച്ചത്. 8.49 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയിലാണ് ഈ മോഡൽ എത്തിയത്. ടാറ്റ ടിയാഗോ ഇവിക്ക് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട്. 24 kWh ബാറ്ററി പാക്കും, 19.2 kWh ബാറ്ററി പാക്കുമാണ് അവ.












Click it and Unblock the Notifications