ടാറ്റയുടെ തന്ത്രം വിജയിക്കുമോ? ഈ ജനപ്രിയ മോഡലുകളുടെ വില കുറച്ചു, സഫാരിക്ക് കുറയുക 1.33 ലക്ഷം
രാജ്യത്തെ ഏറ്റവും പ്രമുഖ വാഹന നിർമ്മാണ കമ്പനികളിൽ ഒന്നാണ് ടാറ്റ മോട്ടോഴ്‌സ്. ബിൽഡ് ക്വാളിറ്റി കൊണ്ടും കരുത്ത് കൊണ്ടും ആർക്ക് മുൻപിലും തോൽക്കാത്ത ടാറ്റയ്ക്ക് പക്ഷേ ആശാവഹമായ കണക്കുകളല്ല ജൂൺ മാസത്തിൽ പുറത്തുവന്നിരിക്കുന്നത്. വിൽപ്പനയിൽ ഇടിവ് നേരിട്ടതോടെ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി ഇപ്പോൾ.
വിവിധ മോഡലുകളുടെ വിൽപ്പന വർധിപ്പിക്കുക ലക്ഷ്യമിട്ട് കമ്പനി വലിയഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ടിയാഗോ, ടിഗോർ, അൽട്രോസ്, ഹാരിയർ, സഫാരി തുടങ്ങിയ മുൻനിര മോഡലുകൾക്ക് ഓഫർ ലഭ്യമാവും എന്നതാണ് പ്രത്യേകത. എംവൈ2023, എംവൈ 2024 മോഡലുകൾക്ക് ഈ ഓഫർ ലഭ്യമാവും.

ജൂലൈ മാസത്തേക്ക് മാത്രം ലഭ്യമാകുന്ന പരിമിതകാല ഓഫറാണ് ഇത്. ഒരു ലക്ഷം രൂപ വരെയുള്ള ഓഫറുകൾ ടാറ്റ മോട്ടോഴ്‌സ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് ലഭിക്കുന്ന മോഡലുകളിൽ ഒന്ന് ടാറ്റ സഫാരിയാണ്. ശേഷം ഹാരിയർ, ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിങ്ങനെ പ്രമുഖ മോഡലുകൾക്ക് എല്ലാം ഈ ഓഫർ ഏർപ്പെടുത്തിയിട്ടുണ്ട്.
ടാറ്റ സഫാരി: പ്രീ-ഫേസ്‌ലിഫ്റ്റ് സഫാരിയുടെ വിറ്റുപോവാത്ത എംവൈ2023 സ്‌റ്റോക്കുകൾ ഈ മാസം 1.33 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെയാവും ഉപഭോക്താക്കൾക്ക് ലഭ്യമാവുക. 75,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ വരെ എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസ്, 8,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ എംവൈ2024 മോഡലിന് ആകെ 38000 രൂപയുടെ ഓഫർ മാത്രമേ ലഭ്യമാകൂ.
ടാറ്റ ഹാരിയർ: ഹാരിയറിനും സഫാരിയെ പോലെ വിറ്റുപോവാത്ത എംവൈ2023 പ്രീ-ഫേസ്‌ലിഫ്റ്റ് സ്‌റ്റോക്കുകളിൽ 1.33 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്, അതേസമയം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത എംവൈ2023 മോഡലുകൾക്ക് 88,000 രൂപ വരെ മാത്രമേ കിഴിവുണ്ടാവൂ. ഹാരിയറിന്റെ എംവൈ2024 പതിപ്പുകൾക്ക് 38,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് അനുവദിച്ചിരിക്കുന്നത്.
ടാറ്റ ടിയാഗോ: ഈ മോഡലിന്റെ പെട്രോളിന് എംവൈ23 മോഡലുകളിൽ 90,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും എന്നതാണ് പ്രത്യേകത. അതിലാവട്ടെ 65,000 രൂപ ക്യാഷ് കിഴിവ്, 20,000 രൂപ വരെ എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ആനുകൂല്യം എന്നിവയോട് കൂടിയാണ് ഓഫർ ലഭ്യമാവുക. ടിയാഗോയുടെ സിഎൻജി വകഭേദങ്ങൾക്കും 85,000 രൂപ വരെ വിലക്കുറവ് ലഭ്യമാണ്.
ടാറ്റ ടിഗോർ: ടിഗോറിന്റെ എംവൈ2023 യൂണിറ്റുകൾ പെട്രോൾ, സിഎൻജി വേരിയന്റുകൾക്ക് 85,000 രൂപ വരെ ആനുകൂല്യങ്ങളാണ് അനുവദിച്ചിരിക്കുന്നത്, അതിൽ 60,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. അതേസമയം, എംവൈ 2024 മോഡലുകളിൽ പെട്രോളിന് 55,000 രൂപ വരെയും സിഎൻജിക്ക് 50,000 രൂപ വരെയും കിഴിവ് അനുവദിച്ചിട്ടുണ്ട്.
ടാറ്റ ആൾട്രോസ്: ഈ മോഡലിൽ പെട്രോൾ, ഡീസൽ വേരിയന്റുകളുടെ എംവൈ2023 യൂണിറ്റുകൾക്ക് 70,000 രൂപ വരെ കിഴിവോടെയാകും ഉപഭോക്താക്കൾക്ക് ലഭ്യമാവുക. 45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെയാണ് ഈ കഴിവ്. എന്നാൽ എംവൈ2024 യൂണിറ്റുകൾക്ക് പെട്രോൾ, ഡീസൽ വേരിയന്റുകളിൽ 25,000 രൂപ വരെ ക്യാഷ് കിഴിവ് മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക.












Click it and Unblock the Notifications