പഴയ രീതികളോട് ബൈ പറഞ്ഞ് ടാറ്റ; ഫെബ്രുവരി മുതൽ കാറുകൾക്ക് വില കൂടും, കാരണം ഇത്...
രാജ്യത്തെ വാഹന നിർമ്മാതാക്കളിൽ പല പ്രമുഖരും അടുത്തിടെ വില കൂട്ടാനുള്ള തീരുമാനം എടുത്തത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. മാരുതി ഉൾപ്പെടെയുള്ള മുൻനിര ബ്രാൻഡുകൾ ഇക്കൂട്ടത്തിൽ ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്‌തുത. എന്നാൽ ഇപ്പോഴിതാ ഇന്ത്യയിലെ മറ്റൊരു ജനപ്രിയ ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സും ഇതേപാതയിൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളുടെ വില 0.7 ശതമാനം വർധിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. പുതുക്കിയ വിലകൾ 2024 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനി വ്യക്തമാക്കിയത്. നിർമ്മാണ ചെലവിലെ വർധനവ് ഭാഗികമായി നികത്തുന്നതിനാണ് ഈ നീക്കമെന്നാണ് ബ്രാൻഡ് പറയുന്നത്.

നിലവിൽ, ഇന്ത്യൻ വാഹന നിർമ്മാതാവ് ഏഴ് ഐസിഇ മോഡലുകളും നാല് ഇവി മോഡലുകളും വിൽപ്പന നടത്തുന്നുണ്ട്. ഇതിൽ ടിയാഗോ, ടിയാഗോ ഇവി, ടിഗോർ, ടിഗോർ ഇവി, പഞ്ച് , പഞ്ച് ഇവി, അൾട്രോസ്, നെക്‌സോൺ, നെക്‌സോൺ ഇവി, ഹാരിയർ, സഫാരി എന്നിവ ഉൾപ്പെടുന്നു. ഇവയിൽ പല മോഡലുകളും വിൽപ്പനയിൽ മികച്ച പ്രകടനമാണ് കാഴ്‌ചവയ്ക്കുന്നത്.
നേരത്തെ ടാറ്റ മോട്ടോഴ്‌സിന്റെ 2023 ഡിസംബറിലെ മൊത്തം ആഭ്യന്തര വിൽപ്പനയിൽ 4 ശതമാനം വർധന ഉണ്ടായിരുന്നു. ഈ കാലയളവിൽ മൊത്തം 76,138 യൂണിറ്റുകളാണ് വിറ്റത്, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രാ വാഹന വിൽപ്പനയുടെ കാര്യത്തിൽ, വാഹന നിർമ്മാതാവ് ഗണ്യമായ വളർച്ചയാണ് കൈവരിച്ചത്. ആഭ്യന്തര വിപണിയിൽ കമ്പനി കഴിഞ്ഞ മാസം 43,470 യാത്രാ വാഹന യൂണിറ്റുകൾ വിറ്റു, 2022 ഡിസംബറിൽ വിറ്റ 40,043 യൂണിറ്റുകളിൽ നിന്ന് 9 ശതമാനം വർധനവാണ് ഇതിൽ രേഖപ്പെടുത്തിയത്.
ടാറ്റ മോട്ടോഴ്‌സിന് പുറമെ, മറ്റ് വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹോണ്ട കാർസ് ഇന്ത്യ, ഔഡി എന്നിവയും സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. വർധിച്ചുവരുന്ന അസംസ്‌കൃത വസ്‌തുക്കളുടെ ചെലവ് തന്നെയാണ് പ്രധാനമായും കമ്പനി ബാധിക്കുന്ന ഘടകം.
അതേസമയം, ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഏറ്റവും പുതിയ ഇവി ഉൽപ്പന്നമായ പഞ്ച് ഇവിയും ഇന്ത്യൻ വിപണിയിൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് 10.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയുണ്ട്, കൂടാതെ പരമാവധി 421 കിലോമീറ്റർ വരെ (ARAI- സാക്ഷ്യപ്പെടുത്തിയത്) പരിധിയുള്ള ഈ വാഹനം അഞ്ച് വേരിയന്റുകളിൽ ലഭ്യമാണ്.












Click it and Unblock the Notifications