രത്തൻ ടാറ്റയുടെ സ്വപ്‌നം ഏറ്റെടുത്ത് കമ്പനി, നാനോ കാർ മടങ്ങി വരുന്നു? അതും പുത്തൻ രൂപത്തിൽ, വില കൂടുമോ?
ഇന്ത്യൻ വ്യവസായ രംഗത്ത് സമാനതകളില്ലാത്ത വിധം വലിയൊരു വിടവ് ബാക്കിയാക്കിയാണ് രത്തൻ ടാറ്റ എന്ന മഹാരഥൻ ലോകത്തോട് വിട പറഞ്ഞത്. ഇന്ത്യക്കാർ എക്കാലവും ഓർമ്മിപ്പിക്കുന്ന ചുരുക്കം ചില വ്യവസായികളിൽ ഒരാളാണ് അദ്ദേഹം. തന്റെ നാടിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം മനസിലാക്കാൻ ടാറ്റ അവതരിപ്പിച്ച നാനോ കാർ മാത്രം മതിയാവും.
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ എന്ന വിശേഷണത്തോടെ വിപണിയിൽ എത്തിയതായിരുന്നു ടാറ്റയുടെ ഈ ഇത്തിരി കുഞ്ഞൻ. എന്നാൽ മോശം മാർക്കറ്റിങ് കൊണ്ട് മാത്രമാണ് ഈ കാർ വേണ്ടത്ര വിജയിക്കാതെ പോയത് എന്ന് വേണമെങ്കിൽ പറയാം.നല്ല ഉദ്ദേശത്തോടെ സാധാരണക്കാരുടെ കുടുംബത്തിന് സഞ്ചരിക്കാൻ ഒരു വാഹനം എന്ന നിലയിലാണ് രത്തൻ ടാറ്റ ഈ കാറിനെ നോക്കി കണ്ടിരുന്നത്.

എന്നാൽ വില കുറഞ്ഞ കാർ എന്ന വിശേഷണമാണ് പലപ്പോഴും നാനോയെ ഉപഭോക്താക്കളിൽ നിന്ന് അകറ്റിയത്. നിലവിൽ വിൽപ്പന നടത്തുന്നില്ലെങ്കിലും ടാറ്റയുടെ നാനോ എന്ന കാറിന് നിരവധി ആരാധകർ ഉണ്ടെന്നതാണ് വാസ്‌തവം. എന്നാൽ മൺമറഞ്ഞുപോയ രത്തൻ ടാറ്റയുടെ സ്വപ്‌നത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ഒരിക്കൽ കൂടി ടാറ്റയുടെ ഈ കുഞ്ഞൻ കാർ വിപണിയിലേക്ക് എത്തുകയാണെന്നാണ് റിപ്പോർട്ട്.
അതെ, ടാറ്റയുടെ നാനോ വീണ്ടും വിപണിയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ വിയോണിയിൽ വാഹനം വീണ്ടും അവതരിപ്പിക്കാനാണ് ശ്രമമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നോയൽ ടാറ്റ ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രധാന വാർത്തകളിൽ ഒന്നാണിത് എന്നതാണ് പ്രത്യേകത.
പഴയ മോഡൽ അതേപടി വിപണിയിൽ എത്തിക്കുന്നതിന് പകരം ടാറ്റ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി, കൂടുതൽ ഫീച്ചറുകൾ ചേർത്തുകൊണ്ടാവും വാഹനം വിപണിയിൽ എത്തിക്കുക എന്നാണ് ലഭ്യമായ വിവരം. ടാറ്റയുടെ ഈ കോംപാക്‌ട് ഡിസൈൻ പുതിയ കാലത്തെ വാഹന ശൈലിയുമായി ചേർത്തുവച്ചുകൊണ്ടുള്ള പരീക്ഷണം പൂർത്തിയതായാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നഗരത്തിലൂടെയുള്ള ഡ്രൈവിംഗിന് സുഖപ്രദമാക്കുന്ന കുറഞ്ഞ വലുപ്പം നിലനിർത്തി കൊണ്ട് തന്നെ ടാറ്റ നാനോ കൂടുതൽ ഭംഗിയേറിയതാവും എന്നാണ് കരുതപ്പെടുന്നത്. പുറം കാഴ്‌ചകളിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നുണ്ട്. ഇതോടെ നാനോയുടെ ഒരു പുത്തൻ അവതാരത്തിനാണ് കളം ഒരുങ്ങുന്നത്. രണ്ടര ലക്ഷം രൂപ മുതലാവും ഈ കാറിന്റെ വില എന്നാണ് കരുതുന്നത്.
നവീകരിച്ച 624 സിസി പെട്രോൾ എഞ്ചിനായിരിക്കും പുതിയ ടാറ്റ നാനോയ്ക്ക് കമ്പനി നൽകുക. ഇന്ധനക്ഷമത നിലനിർത്തിക്കൊണ്ട് ഇത് മികച്ച പ്രകടനം വാഗ്‌ദാനം ചെയ്യുമെന്നാണ് കരുതുന്നത്. ലിറ്ററിന് 30 കിലോമീറ്റർ വരെ മികച്ച മൈലേജ് ഈ വാഹനം നൽകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാൽ വാഹനത്തിന്റെ വില നിലവാരത്തിൽ മാറ്റമുണ്ടാവുമമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.












Click it and Unblock the Notifications