വാഗണ്‍ ആറിനെ അടിച്ചിട്ട് പഞ്ച്, വില്‍പ്പനയില്‍ ഇനി ഒന്നാമന്‍; മാരുതിയെ വീഴ്ത്തി ടാറ്റയുടെ തേരോട്ടം
മുംബൈ: കാര്‍ വിപണിയില്‍ മാരുതി സുസുക്കിയല്ലാതെ മറ്റൊരു രാജാവില്ല എന്ന് തന്നെ പറയാം. രാജ്യത്തെ മികച്ച വില്‍പ്പനയുള്ള കാറുകളില്‍ ഏഴെണ്ണം മാരുതി സുസുക്കിയുടേതാണ്. എന്നാല്‍ ഒരു വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഇപ്പോള്‍ മാരുതി സുസുക്കി വില്‍പ്പനയില്‍ പിന്നിലായിരിക്കുകയാണ്. വര്‍ഷങ്ങളായി മാരുതി 800, ആള്‍ട്ടോ എന്നിവയെല്ലാം വില്‍പ്പനയില്‍ വളരെ മുന്നിലായിരുന്നു. 2024 ആ കണക്കുകളെല്ലാം തകര്‍ന്നിരിക്കുകയാണ്.
ആദ്യ എട്ട് മാസത്തെ കണക്കെടുക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഏറ്റവും നേട്ടമുണ്ടാക്കിയിരിക്കുന്നത് ടാറ്റയാണ്. അവരുടെ കരുത്തുറ്റ പഞ്ചാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയിരിക്കുന്ന കാര്‍. മാരുതി സുസുക്കിയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് ടാറ്റയിലൂടെ ലഭിച്ചിരിക്കുന്നത്. മാരുതിയുടെ എല്ലാ മോഡലുകളെയും വില്‍പ്പനയില്‍ മറികടന്നിരിക്കുകയാണ് ടാറ്റ പഞ്ച്.

ഹ്യൂണ്ടായിയുടെ ക്രെറ്റയും പഞ്ചിന്റെ തേരോട്ടത്തില്‍ വീണിരിക്കുകയാണ്. മഹീന്ദ്ര സ്‌കോര്‍പ്പിയോ, ടാറ്റ നെക്‌സ എന്നിവരും പിന്നിലായിരിക്കുകയാണ്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്‌സാണ് വില്‍പ്പനയുടെ ഡാറ്റ പുറത്തുവിട്ടത്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. ടാറ്റ പഞ്ച് ഇക്കാലയളവില്‍ വിറ്റുപോയത് 1,42072 യൂണിറ്റുകളാണ്. ഇത് മാരുതിയുടെ ഏത് കാറിനേക്കാളും മുകളിലാണ്. മാരുതിയുടെ നിരവധി കാറുകള്‍ ആദ്യ പത്തിലുണ്ട്.
രണ്ടാം സ്ഥാനത്തുള്ളത് മാരുതി സുസുക്കി വാഗണ്‍ ആറാണ്. 1,32309 യൂണിറ്റുകളാണ് വാഗണ്‍ ആര്‍ വിറ്റുപോയത്. മൂന്നാം സ്ഥാനത്ത് ഹ്യൂണ്ടായ് ക്രെഡറ്റയാണ്. 1,25460 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. ബ്രെസ്സ-1,24019 യൂണിറ്റുകള്‍, എര്‍ട്ടിഗ-1,22659, ബലേനോ-1,16085, ഡിസയര്‍- 1,16085, സ്വിഫ്റ്റ്-1,13870, മഹീന്ദ്ര സ്‌കോര്‍പ്പിയോ-1,11350, ടാറ്റ ടെക്‌സന്‍-1,06517 യൂണിറ്റുകള്‍ എന്നിങ്ങനെയാണ് ഈ എട്ട് മാസങ്ങളില്‍ വിറ്റുപോയത്.
അതേസമയം ഇനിയുള്ള നാല് മാസങ്ങളില്‍ വേണമെങ്കില്‍ മാരുതിക്ക് മുന്നിലെത്താവുന്നതാണ്. പക്ഷേ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. നിലവില്‍ വലിയ വ്യത്യാസം തന്നെ വാഗണ്‍ ആറും ടാറ്റ പഞ്ചും തമ്മിലുള്ള വില്‍പ്പനയിലുണ്ട്.
ഇന്റേണല്‍ കമ്പ്യൂഷന്‍ എഞ്ചിനിലും, ഇലക്ട്രിക് വെഹിക്കിള്‍ മോഡലിലും ടാറ്റ പഞ്ച് ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നുണ്ട്. അടുത്തിടെ ടാറ്റ രണ്ട് വേര്‍ഷനിലും വിലക്കുറവും പ്രഖ്യാപിച്ചിരുന്നു. ഉത്സവ സീസണ്‍ മുന്നില്‍ കണ്ടിട്ടാണിത്. ഐസിഇ മോഡലിന് 6.13 ലക്ഷത്തിലാണ് വില ആരംഭിക്കുന്നത്. ഇത് ഫുള്‍ ഓപ്ഷന് 10.20 ലക്ഷം വരെ നീളും. എക്‌സ് ഷോറൂം വിലയാണിത്.
പഞ്ചിന്റെ ഇവിക്ക് 10.99 ലക്ഷത്തിലാണ് വില ആരംഭിക്കുന്നത്. 15.49 ലക്ഷം വരെ ഇത് നീളാം. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിനുണ്ട്. ഇവിക്ക് 60 കെഡബ്ല്യു മോട്ടോര്‍, 90 കെഡബ്ല്യു മോട്ടോര്‍, എന്നീ ഓപ്ഷനുകളാണ് ഉള്ളത്.












Click it and Unblock the Notifications