സ്‌റ്റിയറിംഗും ആക്‌സിലേറ്ററുമില്ല; ഡ്രൈവർ പോലും വേണ്ട, റോബോ ടാക്‌സി നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കും
ആഗോള വാഹന വിപണി വലിയ പരീക്ഷണങ്ങളിലൂടെ കടന്നുപോവുന്ന കാലഘട്ടമാണിത്. ഓരോ കമ്പനികളും തങ്ങളാൽ കഴിയുന്ന തരത്തിൽ പുതിയ രീതികൾ കൊണ്ട് വരാനും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തത പുലർത്താനുമുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ ആഗോള സമ്പന്നനായ ഇലോൺ മസ്‌ക് പക്ഷേ ഇക്കാര്യത്തിൽ ഒരുമുഴം മുന്നെയാണ്. ഡ്രൈവറില്ലാ കാർ പോലെയുള്ള നൂതനമായ പരീക്ഷണങ്ങളാണ് അദ്ദേഹം നിരന്തരം നടത്തുന്നത്.
ഇപ്പോഴിതാ അദ്ദേഹം പുതിയ പരീക്ഷണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഡ്രൈവറില്ലാ കാബ്, ടാക്‌സി മോഡലുകളുടെ പിന്നാലെയാണ് മസ്‌ക് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം അതിലെ നിർണായകമായ ഒരു വഴിത്തിരിവ് പ്രഖ്യാപിച്ചത്. ടെസ്‌ലയുടെ ഏറ്റവും പുതിയ റോബോടാക്‌സി കാർ ആയ സൈബർക്യാബ് ഡിസൈൻ ആണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

തന്റെ സ്വന്തം സമൂഹ മാധ്യമ കൂട്ടായ്‌മയായ എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഡിസൈൻ സവിശേഷതകളാണ് മസ്‌കിന്റെ പുതിയ വാഹനത്തിനുള്ളതെന്ന് നിസംശയം പറയാം. ഒരു കാർ ആണെന്ന് പോലും തോന്നാത്ത വിധത്തിലുള്ള ക്യാബിനോട് കൂടിയാണ് വാഹനം നിരത്തിലിറങ്ങുക എന്നാണ് ലഭ്യമാവുന്ന വിവരം.
രണ്ട് വർഷത്തിനുള്ളിൽ അഥവാ 2026ൽ നിർമ്മാണം തുടങ്ങാനാണ് ടെസ്‌ലയും മസ്‌കും ഉദ്ദേശിക്കുന്നതെന്നാണ് സൂചന. അതിന് മുന്നോടിയായാണ് ഈ പ്രോട്ടോടൈപ്പ് ആളുകൾ പുറത്തുവിട്ടിരിക്കുന്നത്. വാഹനം നിലവിൽ 25 ലക്ഷം രൂപയിൽ താഴെ വിലയുടെ എത്തുമെന്നാണ് കരുതപ്പെടുന്നത്.
ടെസ്‌ല ഒരുക്കുന്ന സൈബർക്യാബ്, യാത്രക്കാർക്ക് സ്വയമേവ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്‌തിട്ടുള്ള വാഹനമാണ്, രണ്ട് ഗൾ-വിംഗ് വാതിലുകൾ മാത്രമാണ് ഇതിനുണ്ടാവുക. കൂടാതെ പരമ്പരാഗത വാഹനങ്ങൾക്ക് കാണുന്നത് പോലെ സ്‌റ്റിയറിംഗ് വീലോ കാൽ പെഡലുകളോ ഒന്നും തന്നെ വാഹനത്തിൽ ഉണ്ടാവില്ല. നിങ്ങൾ വാഹനത്തിൽ കയറിയാൽ പിന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിയാൽ മാത്രമേ അറിയുകയുള്ളൂ.
ഒരേ സമയം 20 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന റോബോവൻ എന്ന മറ്റൊരു ആശയവും മസ്‌ക് പങ്കുവച്ചിട്ടുണ്ട്. റോബോടാക്‌സിയിൽ നിന്ന് വ്യത്യസ്‌തമായി ഡിസൈനിൽ തന്നെ ഭാവിയുടെ അടയാളങ്ങൾ പേറുന്ന വാഹനങ്ങളിൽ ഒന്നായാണ് ഇത് വിലയിരുത്തുന്നത്. എന്നാൽ ഈ വാഹനം എപ്പോൾ നിർമ്മാണം ആരംഭിക്കുമെന്നോ നിലവിൽ പരീക്ഷണ ഘട്ടത്തിലാണോ എന്നോ ഒന്നുമുള്ള വിവരങ്ങൾ ലഭ്യമല്ല.
നിലവിൽ ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന ടെസ്‌ല ധാരാളം ഡ്രൈവറില്ലാ കാറുകൾ യുഎസിലും മറ്റും വിറ്റഴിക്കുന്നുണ്ട്. അതിന്റെ കൂടിയ വിലയാണ് ആളുകളെ അകറ്റി നിർത്തുന്ന ഘടകം. എന്നാൽ വരാനിരിക്കുന്ന മോഡലുകൾ ഇടത്തരക്കാർക്ക് പോലും വാങ്ങാൻ കഴിയുന്നതാണ് എന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ ഇതുവരെയും ഇന്ത്യൻ മാർക്കറ്റിൽ ചലനമുണ്ടാക്കാൻ മസ്‌കിന് കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications