മഴയല്ലേ മക്കളേ, കാർ എടുത്ത് പോവുമ്പോൾ ശ്രദ്ധിക്കണേ; ഈ അഞ്ച് കാര്യങ്ങൾ ഓർത്താൽ ഒരിക്കലും പണി കിട്ടില്ല
മൺസൂൺ കാലമായാൽ സ്വന്തമായി വാഹനം ഉള്ളവർക്ക് ഉള്ളിൽ വല്ലാത്തൊരു ആധിയാണ്. അതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ചിലത് ഡ്രൈവിംഗ് സമയത്ത് സംഭവിക്കാവുന്ന അബദ്ധങ്ങളും, അതിനൊപ്പം റോഡിലും മറ്റുമുള്ള വെല്ലുവിളികളുമാണ്. മഴക്കാലം വലിയ രീതിയിൽ കാറുകളുടെ ആരോഗ്യത്തെയും ബാധിക്കാറുണ്ടെന്നത് മറ്റൊരു കാര്യമാണ്.
വാഹനങ്ങളും അതിലെ യാത്രക്കാരും സുരക്ഷിതരായി ഇരിക്കുക എന്നതാണല്ലോ നമുക്ക് വേണ്ടത്. അങ്ങനെ ഉള്ളപ്പോൾ നമ്മൾ എപ്പോഴും മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്‌തമായി മഴയിൽ ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. കൂടുതൽ നമ്മുടെ ഡ്രൈവിംഗ് ശൈലിയിലെ പിഴവുകൾ തിരുത്തുക എന്നത് തന്നെയാണ്, എങ്കിലും ചിലതൊക്കെയും നമ്മൾ എത്രത്തോളം ശ്രദ്ധിച്ചാലും അപകടങ്ങളിലേക്ക് നയിക്കാറുമുണ്ട്.

എങ്കിലും അധികവും നമ്മുടെ ശ്രദ്ധയിലൂടെ പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങളാണ് ഇതിൽ. എല്ലായ്‌പ്പോഴും മഴക്കാലത്ത് വാഹന അപകടങ്ങൾ പെരുകുന്നത് നാം വാർത്തകളിൽ കാണാറുണ്ട്. എന്നാൽ അതിന്റെയൊന്നും കാരണങ്ങൾ നാം തേടിപോവാറില്ല എന്നതാണ് സത്യം. നിങ്ങൾക്കും സ്വന്തമായി കാറുണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടം പരിധി വരെ ഒഴിവാക്കാം.
ഹൈബീം ഉപയോഗം ഒഴിവാക്കുക
മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ ഹെഡ്‌ലൈറ്റുകൾ പ്രധാന ഘടകങ്ങളാണ്. പരമാവധി ഹൈ ബീം ഉപയോഗം കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. ഹൈ ബീമുകൾ മഴയിൽ നമ്മുടെ കാഴ്‌ച മറയ്ക്കുന്ന പ്രധാന ഘടകമാണ്. ഇത് ചിലപ്പോൾ വലിയ അപകടങ്ങൾക്ക് കൂടി വഴിയൊരുക്കും. അതുകൊണ്ട് തന്നെ ഹൈ ബീം ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ശ്രദ്ധയോടെ വാഹനം ഓടിക്കുക
നിങ്ങൾ മഴക്കാലത്ത് ഡ്രൈവ് ചെയ്യുകയാണെങ്കിൽ ഇപ്പോഴും ജാഗരൂകരായിരിക്കണം. എന്തെന്നാൽ മഴയുടെ സമയത്ത് പെട്ടെന്ന് നമുക്ക് മറ്റ് വാഹനങ്ങളെ മനസിലാക്കാൻ കഴിയണമെന്നില്ല. അതുകൊണ്ട് പാട്ട് പോലെ ശ്രദ്ധ തെറ്റിക്കുന്ന ഘടകങ്ങൾ ഒഴിവാക്കുക. ആറ് വരി പാതകളിൽ ഉൾപ്പെടെ ലെയ്ൻ ശ്രദ്ധിക്കാനും വിട്ടുപോവരുത്. വേഗത റോഡിനെയും മഴയുടെ ശക്തിയെയും ഒക്കെ കണക്കിലെടുത്ത് നിശ്ചയിക്കാവുന്നതാണ്.
കൃത്യമായ അകലം പാലിക്കുക
നിങ്ങൾ മഴക്കാലത്ത് കാറുകൾ ഓടിക്കുമ്പോൾ എപ്പോഴും മുൻപിലെ വാഹനവുമായി കൃത്യമായ അകലം പാലിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം റോഡുകളിലെ മഴ വെള്ളത്തിന്റെ സാന്നിധ്യം ചിലപ്പോൾ ബ്രേക്കിന്റെ ശേഷിയെ കാര്യമായി ബാധിച്ചേക്കാം. അങ്ങനെ വന്നാൽ നിങ്ങൾ വളരെ അടുത്തായി സഞ്ചരിച്ചാൽ ഒരുപക്ഷേ ബ്രേക്ക് പിടിച്ചാൽ നിർത്താൻ കഴിഞ്ഞെന്ന് വരില്ല. അത് വലിയ അപകടങ്ങളിലേക്ക് നയിക്കും.
കാത്തിരിക്കുക
മഴക്കാലത്ത് ചിലപ്പോഴൊക്കെ നമ്മുടെ കാഴ്‌ച മറയ്ക്കുന്ന പ്രതിഭാസങ്ങൾ ഉണ്ടാവാറുണ്ട്. കനത്ത മഴയും മൂടൽമഞ്ഞുപോലെ ഉള്ളവയുടെ സാന്നിധ്യവും ഉണ്ടെന്ന് തോന്നിയാൽ റിസ്‌ക് എടുക്കാതിരിക്കുക. കാഴ്‌ച തെളിയുന്നത് വരെ റോഡരികിൽ വാഹനം പാർക്ക് ചെയ്‌ത ശേഷം കാര്യങ്ങൾ മെച്ചപ്പെട്ടത് മാത്രം വാഹനം മുന്നോട്ട് എടുക്കുക.
കൃത്യമായി സർവീസ് ചെയ്യുക
ഇക്കാര്യം ഡ്രൈവിംഗുമായി നേരിട്ട് ബന്ധപ്പെട്ടതല്ല എങ്കിലും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാഹനം കൃത്യമായി സർവീസ് ചെയ്തെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കുറഞ്ഞത് വൈപ്പർ ബ്ലേഡുകളും ബ്രേക്കും എങ്കിലും പരിശോധിക്കാൻ ശ്രമിക്കുക. കൂടാതെ നിങ്ങളുടെ കാറിന്റെ ടയർ അലൈൻമെന്റ്, ഗ്രിപ്പ് എന്നിവ കൂടി ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം വഴിയിൽ കിടക്കേണ്ടി വരുമെന്ന് ഉറപ്പ്.












Click it and Unblock the Notifications