ഈ വർഷത്തെ ഏറ്റവും മികച്ച കാറുകൾ ഇതാ..; പട്ടികയിൽ ഒരു സർപ്രൈസ് എൻട്രിയും
രാജ്യത്ത് ഈ വർഷം നിരവധി കാറുകളാണ് വിപണിയിൽ ഇറങ്ങിയത്. മുൻ വർഷങ്ങളിൽ ഇറങ്ങിയ വാഹനങ്ങളുടെ ഫേസ്‌ലിഫ്റ്റുകളും, പുതിയ വേരിയന്റുകളും ഒക്കെ മാറ്റി നിർത്തിയാൽ പുത്തൻ മോഡലുകൾ നിരവധിയാണ് വാഹന പ്രേമികളുടെ മുന്നിലേക്ക് എത്തിയത്. എന്നാൽ അതിൽ ഏറെയും വേണ്ടത്ര ശ്രദ്ധിക്കാതെ പോയ വാഹനങ്ങളായിരുന്നു.
കോവിഡ് കാലത്തിന് ശേഷം ആളുകളുടെ വാഹന വാങ്ങൽ രീതിയും, തിരഞ്ഞെടുപ്പുമൊക്കെ മാറിയത് തന്നെയാണ് ഇവയിൽ പല മോഡലുകളുടെയും പരാജയകാരണം. എത്രത്തോളം കാലാതീതമാവുന്നോ അത്രത്തോളം ആളുകൾ അവയെ ഏറ്റെടുക്കും എന്നതിന്റെ ഉദാഹരണമാണ് ഇക്കുറി വിപണിയിൽ എത്തിയ ചില കാറുകൾക്ക് ലഭിച്ച സ്വീകാര്യത.

ഈ വർഷം വിപണിയിൽ ഇറങ്ങിയ പുതിയ മോഡൽ വാഹനങ്ങൾ മാത്രമാണ് നമ്മൾ ഇതിൽ പരിശോധിക്കുന്നത്. മെച്ചപ്പെട്ട ഫേസ്‌ലിഫ്റ്റ് മോഡലുകളും, വകഭേദങ്ങളും മറ്റും വിപണിയിൽ ഇറങ്ങിയിട്ടുണ്ടെന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.
മാരുതി സുസുക്കി ഫ്രോങ്ക്സ്
മാരുതിയുടെ ഇത്തവണത്തെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നാണ് ഈ എസ്‌യുവി. ഫൈവ്-ഡോർ ജിംനിക്കൊപ്പമാണ് ഈ വർഷമാദ്യം വാഹനം അവതരിപ്പിച്ചത്. സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സെറ്റ, ആൽഫ എന്നീ അഞ്ച് വേരിയന്റുകളിൽ എത്തുന്ന വാഹനത്തിന്റെ വില 7.46 ലക്ഷം രൂപയിൽ തുടങ്ങി 13.13 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം).
നിലവിൽ നല്ല പ്രതികരണമാണ് ഈ വാഹനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എസ്‌യുവി വിപണിയിൽ സ്വാധീനം ശക്തമാക്കാനുള്ള മാരുതിയുടെ പദ്ധതികളിലെ തുറുപ്പ് ചീട്ടാണ് ഫ്രോങ്ക്സ്. ഒരുപക്ഷേ ജിംനിയേക്കാൾ പ്രചാരം നേടി ഈ വാഹനം എന്ന് പറഞ്ഞാലും അത്ഭുതപ്പെടാനില്ല.
ഹ്യൂണ്ടായ് എക്‌സ്റ്റർ
വിവിധ മോഡലുകളാൽ സമ്പന്നമായ പോർട്ട്ഫോളിയോ സ്വന്തമായുള്ള ഹ്യുണ്ടായ്‌ക്ക് അടുത്തിടെ ലഭിച്ച സൂപ്പർഹിറ്റ് മോഡലാണ് എക്‌സ്റ്റർ. ഈ വാഹനത്തിൽ ആറ് എയർബാഗ് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് സവിശേഷത. അതും എല്ലാ വേരിയന്റുകളിലും ഇത് ലഭ്യമാവും എന്ന പ്രത്യേകതയുമുണ്ട്. ആറ് ലക്ഷം മുതലാണ് ഇതിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.
ഹോണ്ട എലിവേറ്റ്
എല്ലാം ഒത്തിണങ്ങിയ മിഡ് സൈസ് എസ്‌യുവി എന്നാണ് കമ്പനി തന്നെ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. 11 ലക്ഷം രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത് (എക്‌സ്-ഷോറൂം). ഹോണ്ട സിറ്റിയിലുള്ള 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിന് കരുത്തേകുന്നത്. ഡിസൈനിൽ കോപ്പിയടിക്ക് തയ്യാറാവാത്ത ഹോണ്ട സ്ഥിരം ശൈലിയിൽ തന്നെയാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്.
എംജി കോമറ്റ്
രാജ്യത്ത് തങ്ങളുടെ മിനി ഇലക്ട്രിക് കാറായ എംജി കോമറ്റ് ഇവി അടുത്തിടെയാണ് അവതരിപ്പിച്ചത്. കാഴ്‌ചയിൽ കുഞ്ഞനാണെങ്കിലും, ഒരുപാട് ഫീച്ചറുകളാൽ സമ്പന്നമാണ് ഈ വാഹനം. എംജി രാജ്യത്ത് അവതരിപ്പിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡലാണ് ഇത്. ഏപ്രിൽ മാസത്തിലാണ് എംജി കോമറ്റ് അവതരിപ്പിച്ചത്.
ഹ്യൂണ്ടായ് അയോണിക് 5
പട്ടികയിലെ സർപ്രൈസ് എൻട്രിയാണ് ഈ വാഹനം. ജനുവരിൽ ഓട്ടോ എക്സ്പോയിലാണ് വാഹനം അവതരിപ്പിച്ചത്. 49 ലക്ഷം മുതലാണ് എക്‌സ്-ഷോറൂം വിലകൾ ആരംഭിക്കുന്നത്. ആയിരം യൂണിറ്റിലധികം വിൽപ്പനയുമായി വാഹനം മുന്നേറുകയാണ് വിപണിയിൽ.












Click it and Unblock the Notifications