എൻഡവറും ഇസൂസുവും ഒക്കെ മാളത്തിൽ ഒളിച്ചോ; ഫോർച്യൂണറിന്റെ ബാഹുബലി വരുന്നു, ഇനിയാണ് കളി
ലോകത്തിൽ എവിടെ ചെന്നാലും ഒരേ പോലെ നിലയും വിലയുമുള്ള ചുരുക്കം ചില എസ്‌യുവി കാറുകളിൽ ഒന്നാണ് ടൊയോട്ടയുടെ ഫോർച്യൂണർ. ആ ഒരു എടുപ്പും കരുത്തുമൊക്കെ ആരെയും ആകർഷിക്കുന്ന നിലയിലേക്ക് ഈ വാഹനത്തെ വളർത്തുന്നു എന്ന് പറയുന്നതാവും ശരി. അതുകൊണ്ട് തന്നെയാവാം ഇന്ത്യൻ വിപണിയിലും ധാരാളം ആരാധകരുള്ള ഈ വാഹനം ലക്ഷണമൊത്ത എസ്‌യുവി ആയാണ് കണക്കാക്കപ്പെടുന്നത്.
എന്നാൽ ഇപ്പോഴിതാ ഇതിന്റെ മറ്റൊരു വകഭേദം കൂടി പല ആഗോള മാർക്കറ്റുകളിലും ലഭ്യമായി തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധാരാളം പ്രത്യേകതകൾ ഉണ്ടെങ്കിലും ഈ വാഹനത്തിന് നിലവിലെ മോഡലുകളിൽ നിന്ന് വലിയ ഡിസൈൻ ചേഞ്ച് ഒന്നും അവകാശപ്പെടാൻ കഴിയില്ലെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്.

മൈൽഡ്-ഹൈബ്രിഡ് ഡീസൽ മോഡലാണ് നൽകുന്നത്. കാര്യമായ ഡിസൈൻ മാറ്റങ്ങളൊന്നും എസ്‌യുവിക്ക് ലഭിച്ചിട്ടില്ല എന്നാണ് സൂചന. ഇന്ത്യയിൽ വിൽക്കുന്ന ഫോർച്യൂണർ ലെജൻഡറിന് സമാനമായ ഡിസൈൻ ശൈലിയാണ് ദക്ഷിണാഫ്രിക്കയിൽ വിൽക്കുന്ന ഫോർച്യൂണറിന് എന്നത് പലർക്കും അറിയാത്ത കാര്യമാണ്. അതാണ് ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഇല്ലെന്ന് പറയാൻ കാരണം.
നിലവിലെ 2.8-ലിറ്റർ ഡീസൽ എഞ്ചിൻ 48V മൈൽഡ് ഹൈബ്രിഡ് സിസ്‌റ്റം കൂടി കൂട്ടിച്ചേർക്കുന്നു എന്നതാണ് ഏക മാറ്റം. അത് ഡ്രൈവ് ചെയ്യുമ്പോൾ 16 ബിഎച്ച്പിയും 42 എൻഎമ്മും അധിക കരുത്ത് വാഗ്ദാനം ചെയ്യുന്നു എന്നതാണ് പ്രത്യേകത. 201 ബിഎച്ച്പി കരുത്തും 500 എൻഎംടോർക്കും ഉത്പാദിപ്പിക്കുന്നതിനാൽ ഹൈബ്രിഡ് ഇതര മോഡലിൽ നിന്ന് കരുത്തിൽ മാറ്റമൊന്നുമില്ല.
എന്നാൽ മൈലേജ് ഉൾപ്പെടെയുള്ള ഘടകങ്ങളിൽ കാര്യമായ വ്യത്യാസം ഉണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്. കമ്പനിയുടെ ദക്ഷിണാഫ്രിക്കൻ വെബ്‌സൈറ്റ് 13.15 കിലോമീറ്റർ ഇന്ധനക്ഷമതയെ സൂചിപ്പിക്കുമ്പോൾ ഹൈബ്രിഡ് ഇതര മോഡലുകൾക്ക് ഇത് കേവലം 12.66 കിലോമീറ്റർ ആണ് എന്ന് പ്രത്യേകം ഓർക്കണം.
ഇന്ത്യൻ വിപണിയിലേക്ക് വരുമ്പോൾ, 6-സ്‌പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോഡിയാക്കിയ 2.8-ലിറ്റർ ഡീസൽ എഞ്ചിനിലാണ് ഫോർച്യൂണർ വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ പുതിയ മൈൽഡ് ഹൈബ്രിഡ് വകഭേദം ഇന്ത്യയിലേക്ക് എപ്പോൾ വരുമെന്ന കാര്യത്തിൽ യാതൊരു വിവരവുമില്ല.
നേരത്തെ ഫോർച്യൂണറിന്റെ ഏറ്റവും വലിയ എതിരാളിയായി കണക്കാക്കപ്പെടുന്ന ഫോർഡ് എൻഡവർ പുതിയ രൂപത്തിലും പേരിലും ഇന്ത്യയിലേക്ക് വരുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴും ഫോർച്യൂണർ അതിനായുള്ള കാത്തിരിപ്പിലാണ്. വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികൾ എന്നതിലുപരി രണ്ട് മോഡലുകളും കാലങ്ങളായി പരസ്‌പരം ഏറ്റുമുട്ടുകയാണ്.












Click it and Unblock the Notifications