ടിവിഎസ് റോണിൻ ഫെസ്‌റ്റിവ് എഡിഷൻ വിപണിയിൽ; ആരെയും മയക്കുന്ന പുതിയ നിറം, 15,000 രൂപയുടെ ലാഭവും
ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിലെ ശക്തരായ ടിവിഎസ് നിരവധി മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പലതിനും വലിയ സ്വീകാര്യതയാണ് കിട്ടിയിട്ടുള്ളത്. ഇപ്പോഴിതാ കമ്പനിയുടെ മുൻനിര മോഡലുകളിൽ ഒന്നായ ടിവിഎസ് റോണിൻ പുതിയ രൂപത്തിലും ഭാവത്തിലും ഉപഭോക്താക്കൾക്ക് മുൻപിലേക്ക് എത്തുകയാണ്. തങ്ങളുടെ ഏറ്റവും പുതിയ ലോഞ്ചിൽ ടിവിഎസ് റോണിൻ ഫെസ്‌റ്റിവ് എഡിഷനാണ് കമ്പനി ഫീച്ചർ ചെയ്‌തിരിക്കുന്നത്.
ഇരുചക്ര-മുച്ചക്ര വാഹന മേഖലയിൽ ഇന്ത്യയിലെ കരുത്തരായ ടിവിഎസ് ഉത്സവ സീസണിൽ വിപണി പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ റോണിൻ അവതരിപ്പിക്കുന്നത്. പെർഫോമൻസ് കൊണ്ടും അതിന്റെ ഡിസൈൻ സവിശേഷതകൾ കൊണ്ടുമൊക്കെ ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്ന് കൂടിയാണ് റോണിൻ എന്ന് പ്രത്യേകം പറയേണ്ടതില്ല.

ആ വികാരം മുതലെടുത്തു കൊണ്ട് വാഹനത്തിന്റെ വിൽപ്പന ഉയർത്തുക എന്ന ലക്ഷ്യമാണ് ടിവിഎസിന്റെ പുതിയ നീക്കത്തിന് പിന്നിൽ. കാര്യമായ എഞ്ചിൻ മാറ്റങ്ങളോ മറ്റ് സവിശേഷതകളുടെ ഉൾപ്പെടുത്തലോ ഇല്ലെങ്കിൽ പോലും വാഹനത്തിന്റെ നിറത്തിൽ കൂടുതൽ ഭംഗി കൊണ്ട് വരാനാണ് ടിവിഎസിന്റെ ശ്രമം എന്ന് വ്യക്തം.
അതായത് ഫ്ലൂറസെന്റ് ഗ്രീൻ കളർ ഗ്രാഫിക്സോട് കൂടിയ പുതിയ മിഡ്‌നൈറ്റ് ബ്ലൂ കളറോട് കൂടിയ ടിവിഎസ് റോണിൻ ടോപ്പ്-സ്പെക്ക് ടിഡി വേരിയന്റാണ് പ്രസ്‌തുത മോഡൽ. ടിവിഎസ് റോണിൻ ഫെസ്‌റ്റിവ് എഡിഷൻ എന്ന പേരാണ് കമ്പനി ഇതിന് നൽകിയിരിക്കുന്നത്. ഇപ്പോൾ തന്നെ വാഹനത്തിന്റെ ഡിസൈൻ ഒരുപാട് പേരുടെ ഫേവറൈറ്റ് ലിസ്‌റ്റിൽ ഉണ്ടെങ്കിലും, അത് ഒന്ന് കൂടി ഊട്ടിയുറപ്പിക്കാൻ പുതിയ മോഡലിന് കഴിയും.
നിങ്ങൾ ഓർക്കേണ്ട ഒരു പ്രധാന കാര്യം എന്തെന്നാൽ ഈ മോട്ടോർസൈക്കിളിൽ മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. പവർട്രെയിൻ ഉൾപ്പെടെ എഞ്ചിൻ സവിശേഷതകൾ എല്ലാം തന്നെ അതേപടി തുടരുന്നു എന്നതാണ് കൗതുകകരം. ഈ 225.9 സിസി എസ്ഒഎച്ച്സി 4വി ഓയിൽ-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിൻ പഴയത് പോലെ തന്നെ 20.4 പിഎസ് പീക്ക് പവറും 19.93 എൻഎം പീക്ക് ടോർക്കും സൃഷ്‌ടിക്കും. ഇത് 5 സ്‌പീഡ് ഗിയർ ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
മികച്ച ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ മറ്റൊരു ആകർഷണം. ഓപ്ഷണൽ ഡ്യുവൽ-ചാനൽ എബിഎസ്, 17-ഇഞ്ച് അലോയ് വീലുകൾ, ട്യൂബ്ലെസ് ടയറുകൾ, സ്‌റ്റാൻഡേർഡ് യുഎസ്ഡി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, ടി ആകൃതിയിലുള്ള എൽഇഡി ലൈറ്റിംഗ്, ഡിആർഎൽ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ഈ വാഹനത്തിനുണ്ട്.
സാങ്കേതിക രംഗത്തെ ഏതൊരു മാറ്റവും പെട്ടെന്ന് ഏറ്റെടുക്കാനും നടപ്പിലാക്കാനുമുള്ള കഴിവ് ടിവിഎസിന് നേരത്തെ തന്നെയുണ്ട്. അതുകൊണ്ട് തന്നെ റോണിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മറ്റ് കമ്പനികളുടെ ഇതേ സെഗ്‌മെന്റിലെ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ സാങ്കേതികതയും ഫീച്ചറുകളും ലഭിക്കുക സ്വാഭാവികമാണ്.
അതേസമയം, പുതിയ എഡിഷൻ പ്രഖ്യാപിച്ചതിന് പുറമേ ടിവിഎസ് റോണിൻ ബൈക്കിന് ചെറിയ വിലക്കുറവും നൽകിയിട്ടുണ്ട്. അത് പക്ഷേ ഫെസ്‌റ്റിവ് എഡിഷൻ മോഡലിന് അല്ല. ബൈക്കിന്റെ ബേസിക് വേരിയന്റായ റോണിൻ എസ്എസിനാണ് വില കുറച്ചത്. പുതിയ തീരുമാനത്തോടെ വാഹനത്തിന് 15,000 രൂപയുടെ വിലക്കുറവ് ഉണ്ടാവും.












Click it and Unblock the Notifications