അൾട്രാവയലറ്റ് എഫ്99 ഉടൻ വരുന്നു; ഇന്ത്യയിലെ ആദ്യ സൂപ്പർബൈക്ക്? ആദ്യ കാഴ്‌ചയിൽ തന്നെ നിങ്ങളെ ഞെട്ടിക്കും
ഇന്ത്യൻ വിപണിയിൽ അധികം ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത, അധികം പരീക്ഷണങ്ങൾ നടക്കാത്ത മേഖലയാണ് സൂപ്പർ ബൈക്കുകൾ. പ്രധാനമായും നമ്മുടെ നിരത്തുകളുടെയും റോഡുകളുടെയും മോശം നിലവാരം ആയിരിക്കാം പല കമ്പനികളെയും പിന്നോട്ട് വലികുന്ന് ഘടകം.സൂപ്പർ ബൈക്കുകൾ ഏത് തന്നെയായാലും അവയ്ക്ക് എന്നും കൃത്യമായ സൗകര്യമുള്ള പാതകൾ ഉണ്ടെങ്കിൽ മാത്രമേ അവയുടെ യഥാർത്ഥ ഗുണം പുറത്തെടുക്കാൻ സാധിക്കുകയുള്ളൂ.
എന്നാൽ ഇപ്പോഴിതാ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഓട്ടോമൊബൈൽ കമ്പനിയായ അൾട്രാവയലറ്റ് ഈ പരമ്പരാഗത സങ്കൽപങ്ങളെ എല്ലാം പൊളിച്ചെഴുതി കൊണ്ട് പുതിയ വാഹനം വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ബൈക്ക് എന്ന ഖ്യാതിയോടെയാണ് ഈ കമ്പനി തങ്ങളുടെ പുതിയ വരാനിരിക്കുന്ന മോഡലായ എഫ്99 ബൈക്കിനെ പുറംലോകത്തിന് മുന്നിൽ കാട്ടിയത്.

ഇന്ത്യയിലെ ആദ്യ സൂപ്പർ ബൈക്ക് എന്ന നേട്ടം മാത്രമല്ല അടുത്ത 90 ദിവസത്തിനുള്ളിൽ, എഫ്99 ഒരു ഇന്ത്യൻ മോട്ടോർസൈക്കിളിന്റെ ഏറ്റവും ഉയർന്ന വേഗത എന്ന റെക്കോർഡ് സൃഷ്‌ടിക്കുമെന്നാണ് അതിന്റെ നിർമ്മാതാക്കളായ അൾട്രാവയലറ്റ് അവകാശപ്പെടുന്നത്. കമ്പനിയുടെ ബെംഗളൂരുവിലെ ആർ ആൻഡ് ഡി ഹബ്ബിൽ വെച്ചാണ് എഫ്99 രൂപകൽപന ചെയ്‌തിരിക്കുന്നത്.
വരാനിരിക്കുന്ന വാഹനത്തിന്റെ ആദ്യ രൂപം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തരംഗമായി കൊണ്ടിരിക്കുകയാണ്. അത്യധികം സ്‌പോർട്ടി ലുക്കോടെ അവതരിപ്പിക്കുന്ന ഈ മോട്ടോർസൈക്കിൾ ആദ്യ കാഴ്‌ചയിൽ തന്നെ ആരുടെയും കണ്ണുടക്കും. ഒരു ഭീമൻ പക്ഷിയെ പോലെയുള്ള രൂപഭാവങ്ങൾ വാഹനത്തിന് നൽകാനും അതിന്റെ വേഗതയേറിയ പാച്ചിലിനെ സഹായിക്കാനും ഉള്ള ഡിസൈൻ വാഹനത്തിന് നൽകിയിട്ടുമുണ്ട്.
അൾട്രാവയലറ്റ് എഫ്99: പ്രത്യേകതകൾ
90kW ലിക്വിഡ് കൂൾഡ് മോട്ടോറാണ് അൾട്രാവയലറ്റ് എഫ്99 സൂപ്പർ ബൈക്കിന് കരുത്തേകുന്നത്. ഈ ഇലക്ട്രിക് സൂപ്പർബൈക്ക് മൂന്ന് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏറ്റവും ഉയർന്ന വേഗതയായി വാഹനത്തിൽ നിശ്ചയിച്ചിരിക്കുന്നത് 265 കിലോമീറ്ററാണ്.
നിലവിൽ കമ്പനി വിപണിയിൽ വിൽക്കുന്ന വാഹനങ്ങളിൽ ഒന്നാണ് അൾട്രാവയലറ്റ് എഫ്77 മാച്ച്. ഇത് പക്ഷേ ഇന്ത്യ ഒട്ടാകെ വ്യാപകമായി വിൽപ്പന ആരംഭിച്ചിട്ടില്ല. നിലവിൽ രാജ്യത്തെ അഞ്ച് നഗരങ്ങളിൽ മാത്രമാണ് അവർക്ക് ഔട്ട്ലെറ്റുകൾ ഉള്ളത്. കൊച്ചി, ഹൈദരാബാദ്, പുനെ, അഹമ്മദാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിൽ മാത്രമാണിത്. എന്നാൽ വൈകാതെ തന്നെ ഡൽഹി, മുംബൈ, ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.












Click it and Unblock the Notifications