ലുക്കിൽ പോർഷെ പോലും രണ്ടടി മാറി നിൽക്കും; ഇതൊരു ഷവോമി സംഭവം, കാറിന്റെ ഇന്ത്യയിലെ വില?
കാർ വിപണിയിൽ ഷവോമിക്ക് എന്ത് കാര്യം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴത് തെറ്റാണെന്ന് തറപ്പിച്ചു പറയാവുന്ന സാഹചര്യമാണ്. കാരണം ചൈനീസ് ഫോൺ നിർമ്മാണ കമ്പനിയായ ഷവോമി ഇപ്പോൾ വാഹന വിപണിയിലേക്ക് കൂടി കാലെടുത്തു വച്ചിരിക്കുകയാണ്. അടുത്തിടെയാണ് അവർ തങ്ങളുടെ പ്രഥമ മോഡലായ ഷവോമി എസ്‍യു7 ഇലക്ട്രിക് കാർ അനൗൺസ് ചെയ്‌തത്.
ഇപ്പോഴിതാ വാഹനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരമാണ് പുറത്തു വരുന്നത്. വാഹനവുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കഴിഞ്ഞ ദിവസമാണ് ഷവോമി സിഇഒ പങ്കുവച്ചത്. നിലവിലെ സാഹചര്യത്തിൽ ഈ കാറിന് ഏകദേശം 69,424 ഡോളറോളം വില വരുമെന്നാണ് കണക്കാക്കുന്നത്. അതായത് ഇന്ത്യൻ രൂപ ഏകദേശം 58 ലക്ഷത്തോളം രൂപ.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഇലക്ട്രിക് കാർ, സ്‌പീഡ് അൾട്രാ (എസ്‌യു) എന്നും അറിയപ്പെടുന്നു. വ്യാഴാഴ്‌ചയോടെ അതിന്റെ ഔദ്യോഗിക വിലനിർണ്ണയ പ്രഖ്യാപനം നടത്താൻ ഒരുങ്ങുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. ഉടൻ തന്നെ വാഹനത്തിന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങുമെന്നാണ് സിഇഒ ലീ ജുനിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്.
എസ്‍യു7 രണ്ട് വേരിയന്റുകളിൽ ലഭ്യമാകും, ഒറ്റ ചാർജിൽ യഥാക്രമം 668 കിലോമീറ്റർ (415 മൈൽ), 800 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 650 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ടെസ്‌ലയുടെ മോഡൽ എസിനെക്കാൾ മുന്നിലാണ് ഇത്. ഈ വാഹനത്തിൽ ഉപഭോക്താക്കൾക്ക് രണ്ട് പവർട്രെയിൻ ഓപ്ഷനുകളും കമ്പനി വാഗ്‌ദാനം ചെയ്യുമെന്നാണ് സൂചന. റിയർ-വീൽ ഡ്രൈവ് (RWD), ഓൾ-വീൽ ഡ്രൈവ് (AWD) എന്നിവയാണത്.
അടിസ്ഥാന വകഭേദങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 210 കിലോമീറ്ററും, ഉയർന്ന വേരിയന്റുകളുടെ വേഗത 265 കിലോമീറ്റർ വരെയുമാണെന്നുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു. 2021ലാണ് ഷവോമി ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടന്നുകയറാനുള്ള തങ്ങളുടെ പദ്ധതി ആദ്യമായി പ്രഖ്യാപിക്കുന്നത്.
അതേസമയം, ചൈനയിലുടനീളമുള്ള ഷവോമി സ്‌റ്റോറുകൾ എസ്‍യു7 ബിൽ ബോഡുകൾ പ്രദർശിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ "ഓഷ്യൻ ബ്ലൂ" വകഭേദത്തിന്റെ വ്യത്യസ്‌തമായ ചിത്രമാണ് കമ്പനി തന്നെ പുറത്തുവിട്ടത്. ഇലക്ട്രിക് എസ്‌യുവിയുടെ ലോഞ്ചിന് മുന്നോടിയായി കൂടാതെ, ചൈനീസ് ആപ്പ് പ്ലാറ്റ്‌ഫോമുകളിൽ കമ്പനി അതിന്റെ സമർപ്പിത "ഷവോമി കാർ" ആപ്പ് പുറത്തിറക്കുകയും ചെയ്‌തിട്ടുണ്ട്. എന്തായാലും ലോഞ്ച് അധികം നീളില്ലെന്നാണ് ലഭ്യമായ വിവരം.












Click it and Unblock the Notifications