എന്തൊരു എടുപ്പ്, എന്തൊരു രൂപം..! ഷവോമിയുടെ ഇലക്ട്രിക് അവതാരം എസ്‍യു7 ഞെട്ടിക്കും, ഫസ്‌റ്റ് ലുക്ക് ഇതാ
ഷവോമി ഇന്ത്യൻ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ട ബ്രാൻഡാണ്. നമ്മുടെ നാട്ടിൽ സ്‍മാർട്ട് ഫോണുകൾ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ഷവോമി എന്ന ചൈനീസ് ബ്രാൻഡാണെന്ന് പറഞ്ഞാൽ ആരും എതിർത്ത് പറയാൻ ഇടയില്ല. കാരണം കുറഞ്ഞ ചിലവിൽ കൂടുതൽ ഫീച്ചറുകൾ എന്ന ആശയത്തിന്റെ വക്താക്കളാണ് കമ്പനി. നമ്മൾക്ക് എന്നും ഷവോമി ഒരു സ്‍മാർട്ട് ഫോൺ ബ്രാൻഡായി നിലനിൽക്കുമ്പോൾ ചൈനയിൽ സ്ഥിതി മറ്റൊന്നാണ്.
അവിടുത്തെ ഏറ്റവും വലിയ സാങ്കേതിക രംഗത്തെ കമ്പനികളിൽ ഒന്നാണ് ഷവോമി. കേവലം സ്‍മാർട്ട് ഫോൺ വിപണിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് ചുരുക്കം. അവർ കാർ വിപണിയിലേക്ക് വരുന്നുവെന്ന് കേട്ടപ്പോൾ ഇന്ത്യക്കാർക്ക് ഉണ്ടായ ആശ്ചര്യം അവർക്ക് ഉണ്ടായിരുന്നില്ല. കാരണം ഷവോമി അവിടെ കഴിവ് തെളിയിച്ച കമ്പനിയാണ്. അതുകൊണ്ട് തന്നെയാണ് അവരുടെ മുൻനിര മോഡലായ എസ്‌യുവി7ന് വേണ്ടി ഇന്ത്യ കാത്തിരിക്കുന്നതും.

നിലവിൽ ചൈനയിൽ വാഹനത്തിന്റെ വിതരണം ആരംഭിച്ചു കഴിഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ആഴ്‌ച മുതലായിരുന്നു വാഹനത്തിന്റെ വിതരണം ആരംഭിച്ചത്. 80000ത്തോളം ബുക്കിംഗുകൾ ആദ്യഘട്ടത്തിൽ തന്നെ അവിടെ കമ്പനിക്ക് ഉണ്ടായിരുന്നു. നിലവിൽ 27000 മോഡലുകൾ വിതരണം ചെയ്‌തു കഴിഞ്ഞുവെന്നാണ് ലഭ്യമായ വിവരം. ഇനി ഇന്ത്യയിൽ എന്താവും ഷവോമി കരുതി വച്ചത് എന്നാണ് അറിയേണ്ടത്.
ഷവോമി എസ്‌യു7 ഫീച്ചറുകൾ
ഒരു ഓൾ-ഇലക്‌ട്രിക്, ഫോർ-ഡോർ പെർഫോമൻസ് സെഡാനാണ് ഇത്. ഇത് ഒരു സി-സെഗ്‌മെന്റ് കാറായതിനാൽ സ്‌കോഡ ഒക്റ്റാവിയ അല്ലെങ്കിൽ അടുത്തിടെ പുറത്തിറക്കിയ ബിവൈഡി സീൽ എന്നിവയുമായി ഇത് വിപണിയിൽ മത്സരിക്കും. കാറിന് ഏകദേശം 5 മീറ്റർ നീളമുണ്ടെന്നതാണ് പ്രത്യേകത. വീൽബേസ് മാത്രം 3000 എംഎം വരും. ഇത് ടൊയോട്ട ഇന്നോവ ക്രിസ്‌റ്റയേക്കാൾ കൂടുതലാണ്.
കുറഞ്ഞ ഗ്രൗണ്ട് ക്ലിയറൻസ് 124 എംഎം ആണ്, എന്നാൽ എയർ സസ്‌പെൻഷൻ കാരണം ഇത് 50 മില്ലീമീറ്ററിൽ കൂടുതൽ ഉയർത്താനാകും എന്ന ഗുണവുമുണ്ട്. ബൂട്ട് സ്‌പേസിന്റെ കാര്യത്തിൽ അതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന് കാര്യമായ ലഗേജ് വഹിക്കാനുള്ള ശേഷിയാണ്. വാഹനത്തിന് 517 ലിറ്റർ റിയർ ട്രങ്കും ബോണറ്റിന് കീഴിൽ മാന്യമായ 105 ലിറ്റർസ്‌റ്റോറേജ് സൗകര്യവുമുണ്ടാകും.
പ്രീമിയം എന്ന വാക്ക് തന്നെ ഈ വാഹനത്തിന് ഏറ്റവും നന്നായി ഇണങ്ങുക. സങ്കീർണമായ എൽഇഡി ലൈറ്റിംഗ് ഘടകങ്ങളുള്ള ടിയർഡ്രോപ്പ് ഹെഡ്‌ലൈറ്റുകൾ, 21 ഇഞ്ച് വീലുകളുള്ള മസ്‌കുലർ ഫ്രണ്ട് വീൽ ആർച്ചുകൾ, പിൻ ഹാച്ചിൽ വിശാലമായ ടെയ്‌ലാമ്പ് ഡിസൈനുള്ള ചരിഞ്ഞ സിലൗറ്റ് എന്നിവ മുൻവശത്തെ ഒറ്റ കാഴ്‌ചയിൽ നിങ്ങൾക്ക് കണ്ണുടക്കുന്ന ഘടകങ്ങളാണ്.
ഫ്രണ്ട് ബമ്പറിലെ ആക്റ്റീവ് എയർ ഇൻടേക്കുകളും ഇലക്ട്രോണിക് ആയി പ്രവർത്തിക്കുന്ന റിയർ വിംഗ് സ്‌പോയിലറും ഇതിന്റെ മാറ്റ് കൂട്ടുന്നു. മുന്നിൽ ഇരട്ട വിഷ്ബോൺ സസ്പെൻഷനും പിന്നിൽ അഞ്ച് ലിങ്ക് ഇൻഡിപെൻഡന്റ് സസ്പെൻഷനും കൊണ്ട് വാഹനത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട് ഷവോമി. സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ല. റീജിയണൽ ക്രാഷ് ടെസ്‌റ്റിൽ 5 സ്‌റ്റാർ റേറ്റിങ് ഇതിന് കിട്ടിയിട്ടുണ്ട്.
73.6kWh ബാറ്ററി പായ്ക്ക് സ്‌റ്റാൻഡേർഡ് എസ്‍യു7ന് ലഭിക്കുന്നു, 700 കിലോമീറ്റർ റേഞ്ചാണ് ഇതിൽ പറയുന്നത്. ഈ വേരിയന്റിന് ഒരു എൽഎഫ്‌പി ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 830 കിലോമീറ്റർ റേഞ്ചുള്ള 94.3kWh ബാറ്ററിയാണ് പ്രോ വേരിയന്റിൽ ഉണ്ടാവുക. 101kWhന്റെ താരതമ്യേന വലിയ ബാറ്ററി ഉപയോഗിച്ച് 800 കിലോമീറ്റർ റേഞ്ച് മാക്‌സിനും ലഭിക്കും. ഇന്ത്യയിൽ ഇതിന്റെ വില എത്രയാവും എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications