'15 ലക്ഷം കൂടി ഇനി പിആറിന് കൊടുക്കാനുണ്ടെന്ന് അനുമോൾ അറിയാതെ പറഞ്ഞുപോയി, കാലത്തിന്റെ കാവ്യനീതി'; ബിന്നി
ബിഗ് ബോസിൽ പലവിധത്തിലുള്ള മത്സരങ്ങൾക്ക് ഇക്കുറി എല്ലാവരും സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൂടുതൽ ആരോഗ്യകരമായ മത്സരങ്ങൾ ആയിരുന്നെങ്കിലും ബിഗ് ബോസ് വീട്ടിനുള്ളിൽ നിന്നുകൊണ്ട് തമ്മിലടിച്ച പലരും പുറത്തും അതേ ശത്രുത മനോഭാവം കൊണ്ട് നടക്കുന്നത് മുൻപ് പല സീസണുകളിലും നാം കണ്ടതാണ്. അതിന് ഇത്തവണയും വലിയ മാറ്റമൊന്നും ഇല്ലെന്നാണ് ഇതുവരെയുള്ള സംഭവ വികാസങ്ങൾ ഒക്കെയും കാണിക്കുന്നത്.
പ്രത്യേകിച്ച് കഴിഞ്ഞ ചില സീസണുകളായി ബിഗ് ബോസ് വിജയികൾ മുഴുവനും പിആർ നടത്തിയതിലൂടെയാണ് ഉണ്ടാവുന്നത് എന്ന അഭിപ്രായവും വിമർശനവുമാണ് പ്രധാനമായും ഉയരുന്നത്. കഴിഞ്ഞ സീസണിൽ ജിന്റോ വിജയി ആയപ്പോൾ സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ജിന്റോ ഇതിനോട് കാര്യമായി പ്രതികരിച്ചില്ല. അത് കൂടുതലും മത്സരം അവസാനിച്ച ശേഷമായിരുന്നു ചർച്ചകൾ.

എന്നാൽ ഇത്തവണ ബിഗ് ബോസ് വിജയി ആയ അനുമോൾ വൻതുക നൽകി പിആർ നടത്തിയെന്നും അങ്ങനെയാണ് വിജയിച്ചതെന്നും കടുത്ത ആരോപണമുണ്ട്. മാത്രമല്ല ബിഗ് ബോസ് വീട്ടിൽ നിന്ന് തന്നെ മത്സരത്തിന്റെ സമയത്ത് ഈ ഗുരുതരമായ ആരോപണം ഉയർന്നിരുന്നു. അത്തരത്തിൽ അനുമോൾക്ക് എതിരെ ആരോപണം ഉന്നയിച്ചവരിൽ പ്രധാനിയായിരുന്നു ഡോ. ബിന്നി.
ബിന്നിയായിരുന്നു അനുമോൾ 16 ലക്ഷം രൂപ നൽകി പിആർ നടത്തിയെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. ഇക്കാര്യം ചില വീക്കെൻഡ് എപ്പിസോഡുകളിൽ ഉൾപ്പെടെ ചർച്ചയായിരുന്നു. എന്നാൽ അനുമോൾ ഇതെല്ലാം നിഷേധിക്കുകയാണ് ചെയ്‌തത്. പക്ഷേ, പിന്നീട് ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം പിആർ നൽകിയെന്ന കാര്യം അനുമോൾ സമ്മതിക്കുകയും ചെയ്‌തു.
എന്നാൽ നേരത്തെ പറഞ്ഞത് പോലെ ഉള്ള ഉയർന്ന തുക നൽകിയിട്ടില്ലെന്നായിരുന്നു അനുമോൾ പറഞ്ഞത്. താൻ പിആറിനായി ഒരു ലക്ഷം ചിലവാക്കിയെന്നായിരുന്നു ഒരുഘട്ടത്തിൽ അനു പറഞ്ഞത്. പിന്നെ ഈ തുക പലപ്പോഴായി മാറ്റിപ്പറയുന്നതിനും എല്ലാവരും സാക്ഷികളായി. ഇപ്പോഴിതാ വിഷയത്തിൽ അനുമോൾക്ക് എതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിന്നി. അനുമോളുടെ വായിൽ നിന്ന് തന്നെ സത്യം പുറത്തുവന്നുവെന്നാണ് ബിന്നി പറയുന്നത്.
കാലത്തിന്റെ കാവ്യ നീതി. സത്യം എന്നായാലും പുറത്ത് വരും. താങ്ക്സ് ടു അഞ്ജന നമ്പ്യാര്‍. ചോദ്യങ്ങളുടെ വേഗം കൂടിയപ്പോ ആലോചിക്കാന്‍ സമയം കിട്ടാതെ അനു മോള്‍ക്ക് സത്യം പറയേണ്ടി വന്നു. അതേ 16 ലക്ഷം, 1 ലക്ഷം കൊടുത്തു ഇനി 15 ലക്ഷം ഇനിയും കൊടുക്കാന്‍ ഉണ്ട്.. കണക്ക് കൃത്യം ആയി. നിങ്ങള്‍ ഇത് അസൂയയോ കുശുമ്പോ ആയി കരുതേണ്ട; ബിന്നി പോസ്‌റ്റിൽ കുറിച്ചു.
ഇതൊരു ഓര്‍മപ്പെടുത്തല്‍ ആണ്. സത്യം പറഞ്ഞതിന് അനുമോളിന്റെ പിആര്‍ കാരണം ഞാന്‍ ഇപ്പോഴും സൈബര്‍ ബുള്ളീങ് നേരിടുന്നത് ഓര്‍മ്മപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് സീസണ്‍സ് പോലെ ഈ സീസണിലും പിആര്‍ ജയിച്ചു. സത്യം തോറ്റു. ബിഗ്ഗ് ബോസ് ആണോ പിആര്‍ ബോസ് ആണോ? എന്നും ബിന്നി പ്രേക്ഷകരോട് ചോദിക്കുന്നു. ഇൻസ്‌റ്റാഗ്രാമിൽ അനുമോളുടെ വീഡിയോ ഉൾപ്പെടെ പങ്കുവച്ചായിരുന്നു ബിന്നിയുടെ ചോദ്യം.
മറ്റൊരു വീഡിയോയിൽ അനുമോളുടെ പിആറിൽ ടീമിൽ നിന്ന് തനിക്ക് കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് ബിന്നി ആരോപിച്ചിരുന്നു. തനിക്ക് കുശുമ്പ് ആണെന്നും കള്ളം പറയുകയാണ് താനെന്ന് എല്ലാവരും പറഞ്ഞെന്നും ബിന്നി ചൂണ്ടിക്കാട്ടി. ബിഗ് ബോസ് വിജയത്തിന് ശേഷം അഞ്ജന നമ്പ്യാർക്ക് നൽകിയ അനുമോളുടെ അഭിമുഖത്തിലെ ശകലങ്ങൾ ഉൾപ്പെടെ ചേർത്തുകൊണ്ടാണ് ബിന്നി ആഞ്ഞടിച്ചിരിക്കുന്നത്.












Click it and Unblock the Notifications