'ജയറാമിന് പകരമാണ് കലാഭവനിൽ ദിലീപ് എത്തിയത്, ആ താരവുമായുള്ള പരിചയപ്പെടൽ ദിലീപിന് ഗുണമായി'; കലാഭവൻ റഹ്മാൻ
മലയാള സിനിമയിലെ ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ മേഖലയായിരുന്നു മിമിക്രി. ഒരുകാലത്ത് മിമിക്രിയിൽ നിന്നും സിനിമയിൽ എത്തിയ താരങ്ങളുടെ പേരുകൾ കേട്ടാൽ പലരും ഞെട്ടുമായിരുന്നു. സിനിമയിൽ സൂപ്പർതാര പദവിയിൽ വരെ എത്തിയ താരങ്ങളിൽ ചിലരായിരുന്നു ജയറാം, ദിലീപ് എന്നിവർ. ജയസൂര്യ അടക്കമുള്ള യുവ നടൻമാരും മിമിക്രിയിലൂടെ സിനിമയിലേക്ക് രംഗ പ്രവേശനം ചെയ്‌ത ആളുകളായിരുന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ട പേരുകൾ ജയറാമിന്റെയും ദിലീപിന്റെയും തന്നെയാണ്. ഇരുവരും കലാഭവനിൽ നിന്നാണ് സിനിമയിലേക്ക് കയറിയത്. ജയറാം ആയിരുന്നു ആദ്യം സിനിമയിലേക്ക് എത്തിയതും അതിനുള്ള വഴി വെട്ടിത്തെളിച്ചതും. ഇപ്പോഴിതാ ഇവരെ കുറിച്ച് സംസാരിക്കുകയാണ് കലാഭവൻ റഹ്മാൻ. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാഭവൻ റഹ്മാൻ തന്റെ മനസ് തുറന്നത്.

കലാഭവൻ റഹ്മാന്റെ വാക്കുകൾ
എന്റെ കൂടെ യുസി കോളേജിൽ പഠിച്ച എന്റെ ഒരു പ്രിയപ്പെട്ട കൂട്ടുകാരൻ ഉണ്ടായിരുന്നു, ശ്രീകുമാർ. ശ്രീകുമാറിന് ഒരു പെങ്ങളുടെ മകൻ ഉണ്ടായിരുന്നു ഒരു മിമിക്രി ആർട്ടിസ്‌റ്റ് ആണ്. അപ്പൊ അവൻ കലാഭവനിൽ ഒക്കെ ചേരാൻ വേണ്ടി എന്റെ അടുത്ത് ഇങ്ങനെ വരാറുണ്ട്. സുനിൽ എന്നാണ് അവന്റെ പേര്, സുനിലിന്റെ കൂടെ ഒരു ഗോപാലകൃഷ്‌ണൻ ഉണ്ടാകും.
ഇവർ ഇടയ്ക്കൊക്കെ വരാറുണ്ട്. ഇടയ്ക്കൊക്കെ വന്ന് മിമിക്രി ഒക്കെ കാണിച്ച് കാപ്പിയും കുടിച്ച് അങ്ങ് പോവും. രണ്ട് പേരും നല്ല രസികന്മാരാണ്. രണ്ടും തമാശയൊക്കെ പറഞ്ഞു പോകും. അപ്പൊ ഇവരെന്റെ മനസ്സിൽ കിടപ്പുണ്ട്. അപ്പൊ അങ്ങനെ പരേഡ് വീണ്ടും തുടങ്ങാൻ തീരുമാനിക്കുന്നു. അതിനിടെ ജയറാമിന് സിനിമയിൽ നിന്ന് പിന്നെ ഫോൺ വരുന്നു. ഷൂട്ടിങ് ഫിക്‌സ് ചെയ്യുന്നു.
നേരത്തെ വിളിച്ചു, ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാവില്ലേ. അപ്പൊ ജയറാം അന്ന് കലാഭവനിൽ യാത്ര പറയാൻ വേണ്ടി വന്നു. അപ്പൊ ആബേലച്ചൻ പറഞ്ഞു, പകരക്കാരൻ വേണമല്ലോ എന്ന്. അപ്പൊ ഞാൻ പറഞ്ഞു, ഇങ്ങനെ ഒരാളുണ്ട്. രണ്ടുപേർ വരാറുണ്ടായിരുന്നു. അതിൽ ഒരാൾ മിടുക്കനായിരുന്നു. എങ്കിൽ താൻ അയാളെ വിളിച്ചിട്ട് വാ, തനിക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ വിളിച്ചോണ്ട് വന്നോളൂ എന്നാണ് ആബേലച്ചൻ പറഞ്ഞത്.
അപ്പോൾ എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ജയറാം കളിക്കുന്ന ആർട്ടിസ്‌റ്റുകളെ ഒക്കെ അനുകരിക്കുന്ന ആളാണ് എന്ന് പറഞ്ഞു. അങ്ങനെ സുനിൽ, ഗോപാലകൃഷ്‌ണൻ എന്നിവരിൽ ഒരാളെ, അതിൽ ഗോപാലകൃഷ്‌ണനായിരുന്നു ബെറ്റർ. അങ്ങനെ അയാളെ ഞാൻ കലാഭവനിലേക്ക് കൊണ്ട് പോവുകയായിരുന്നു, അതാണ് ദിലീപ്.
അങ്ങനെ ജയറാം സിനിമയിലോട്ട് പോയി, പിന്നെ ദിലീപുമായി ഒരുപാട് വേദികൾ. എനിക്ക് തോന്നുന്നത് പത്തമ്പത് വേദികൾ എങ്കിലും കളിച്ചിട്ടുണ്ടാവും. അതിനിടയിൽ ജയറാം കലാഭവനിൽ വരുമ്പോൾ ദിലീപുമായി പരിചയത്തിലായി. ആ പരിചയപ്പെടൽ ദിലീപിന് ഗുണം ചെയ്‌തു. ദിലീപ് സിനിമയിലേക്കുള്ള എൻട്രി നടത്തി. കമലിന്റെ സഹായിയായി, വിഷ്‌ണുലോകം ആണെന്ന് തോന്നുന്നു ദിലീപിന്റെ ആദ്യത്തെ സിനിമ.
അങ്ങനെ ദിലീപിനെയും അവിടെ വിടുന്നു. പിന്നെ ദിലീപ് പോയപ്പോൾ പകരം വന്ന ആളാണ് അഭി. ഞാനും അഭിയും പ്രസാദും ഷിയാസും നാരായണൻകുട്ടിയും ആയിട്ടൊക്കെ കൊറേ പ്രോഗ്രാമുകൾ കളിച്ചിട്ടുണ്ട്. ഈ സമയത്ത് എനിക്കും സിനിമയിൽ ഒരുപാട് തിരക്കുകൾ വന്നു. നയം വ്യക്തമാക്കുന്നു, ഉള്ളടക്കം, കടിഞ്ഞൂൽ കല്യാണം. അങ്ങനെ തുടർച്ചയായി അവസരങ്ങൾ വന്നപ്പോൾ ആബേലച്ചൻ പറഞ്ഞു, റഹ്മാൻ ഇങ്ങനെ പോയാൽ ശരിയാവില്ലെന്ന്.
ഇതിപ്പോൾ റഹ്മാന് പല പരിപാടികളിലും വരാൻ പറ്റുന്നില്ലല്ലോ എന്നായിരുന്നു ആബേലച്ചൻ ചോദിച്ചത്. ഇതിപ്പോ ശരിയാവില്ല, താൻ എന്തെങ്കിലും തീരുമാനം എടുക്കണമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ചത്. നമ്മളോടുള്ള സ്നേഹവും അറ്റാച്ച്മെന്റും കൊണ്ട് ചില ആർട്ടിസ്‌റ്റുകൾ അന്ന് എന്നോടൊപ്പം വന്ന് ഒരു പുതിയ ട്രൂപ്പ് ഞങ്ങൾ തുടങ്ങുകയായിരുന്നു.












Click it and Unblock the Notifications