'ആ സീൻ കണ്ടാൽ ആളുകൾ കൂവുമെന്നാണ് ദിലീപ് പറഞ്ഞത്, ജയസൂര്യയുടെ ഒരു ഷോട്ട് 12 ടേക്ക് എടുത്തു'; തുളസീദാസ്
മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് തുളസീദാസ്. കോമഡി ചിത്രങ്ങളിലൂടെയും കുടുംബ ചിത്രങ്ങളിലൂടെയും ക്യാമ്പസ് കഥകളിലൂടെയും തൊണ്ണൂറുകളിൽ അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ സജീവമായിരിക്കുമ്പോൾ തന്നെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും ടെലിവിഷൻ രംഗത്തും അദ്ദേഹം പ്രവർത്തിച്ചു. ഇപ്പോഴിതാ ദിലീപ്, ജയസൂര്യ തുടങ്ങിയ താരങ്ങളുടെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. മാസ്‌റ്റർ ബിൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
തുളസീദാസിന്റെ വാക്കുകൾ
ആരെയും വെറുപ്പിക്കാൻ പാടില്ല, അല്ലെങ്കിൽ അവർക്ക് ഇഷ്‌ടമുള്ള രീതിയിൽ നിൽക്കണം എന്നൊക്കെയുള്ള ഒരു സാഹചര്യം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നമ്മളൊരു സജഷൻ പറയുന്നുണ്ടെങ്കിൽ പോലും അത് സ്നേഹത്തോട് കൂടി തന്നെയാണ് പറയുന്നത്. അല്ലാതെ വേറെയൊരു രീതിയിലുമല്ല പറയാറുള്ളത്. ദിലീപ് ഒന്നും അങ്ങനെ കൂടുതൽ ഇടപെട്ടിട്ടില്ല. എന്റെ രണ്ട് പടങ്ങൾ ചെയ്‌ത ആളാണ്, മായപൊന്മാനും ദോസ്‌തും.

മായപൊന്മാൻ ചെയ്യുമ്പോൾ പിന്നെ അങ്ങനെയൊരു തിരക്കേറിയ താരമായി ഒന്നും മാറിയിട്ടില്ലായിരുന്നു. പിന്നെ ദോസ്‌ത് എന്ന സിനിമ ചെയ്യുമ്പോഴും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ആ സിനിമ ചെയ്യുമ്പോൾ എനിക്ക് സത്യത്തിൽ, അന്ന് ദിലീപിനെ വച്ച് ഞാൻ ഷൂട്ട് ചെയ്യുമ്പോൾ പുള്ളി എന്നോട് വന്ന് പറയുകയാണ്. തുളസിയേട്ടാ ഞാൻ മോഹൻലാൽ ഒന്നുമല്ല കേട്ടോ. അങ്ങനത്തെ ത്രില്ലിംഗ്‌സ് ഷോട്‌സ് ഒക്കെ എടുത്തപ്പോഴേക്ക് പുള്ളി ഞെട്ടി.
അപ്പോൾ ഞാൻ പറഞ്ഞു, ഇങ്ങനെയൊക്കെയാണ് മോഹൻലാലും തുടക്കത്തിൽ നിന്ന് വന്നത്. അതുകൂടി മനസിലാക്കൂ എന്ന് പറഞ്ഞു. പുള്ളിയുടെ ഒരു ഇൻട്രഡക്ഷൻ സീക്വൻസ് ഉണ്ട്, സിഗരറ്റ് ഇങ്ങനെ കത്തിച്ചുവച്ചിട്ടുള്ളത്. അപ്പോൾ എന്നോട് ചോദിച്ചത് അത് വേണോ എന്നായിരുന്നു. ആളുകൾ അത് കണ്ടാൽ കൂവില്ലേ? ബഹളം ഉണ്ടാക്കില്ലേ? എന്നൊക്കെയാണ് എന്നോട് ചോദിച്ചത്. ഞാൻ പറഞ്ഞു, അതൊന്നും കുഴപ്പം വരില്ല നീ ചെയ്യ് എന്നായിരുന്നു.
ഇങ്ങനെയാണ് ഒരു ആർട്ടിസ്‌റ്റിന്റെ ബിൽഡപ്പ് ചെയ്യിക്കേണ്ടത് എന്ന് ഞാൻ പറഞ്ഞു. പിന്നെ ഡബ്ബിംഗ് ചെയ്യുന്ന സമയത്ത്, അത് കഴിഞ്ഞു വന്നപ്പോൾ കാബിനിൽ വന്ന് എന്നോട് പറഞ്ഞു, തുളസിയേട്ടാ അത് വേണോ കട്ട് ചെയ്‌തൂടെ എന്നായിരുന്നു. ഞാൻ പറഞ്ഞു നീ ധൈര്യമായിട്ട് ഇരിക്ക്, അത് പ്രശ്‌നമില്ല, ഇല്ലെങ്കിൽ ഫസ്‌റ്റ് ഷോക്ക് ശേഷം ആരെങ്കിലും കൂവുകയോ ബഹളം ഉണ്ടാക്കുകയോ ചെയ്‌താൽ അപ്പോൾ തന്നെ എല്ലാ തിയേറ്ററിലും പറഞ്ഞ് ആ ഷോട്ട് കട്ട് ചെയ്യാമെന്ന് ഞാൻ പറഞ്ഞു.
സത്യം പറഞ്ഞാൽ ആ സിനിമയിൽ ദിലീപിന്റെ ഇൻട്രഡക്ഷൻ സമയത്ത്, ജയസൂര്യയെ അടിക്കുന്ന സീനുണ്ട്. ജയസൂര്യയുടെ ആദ്യത്തെ പടമാണ്. അതിന് ശരിക്കും ഭയങ്കര കൈയ്യടി ആയിരുന്നു. പറഞ്ഞത് മനസിലായില്ലേ? ദിലീപിന്റെ ഫ്രണ്ട് ആണ് പടം കണ്ടത്. അങ്ങനെ പുള്ളി വിളിച്ചു പറഞ്ഞു, തുളസിയേട്ടൻ പറഞ്ഞത് പോലെ തന്നെയാണ് നടന്നതെന്ന്. അപ്പോൾ അതാണ് കാര്യം.
പിന്നെ ആ സിനിമയിൽ ജയസൂര്യയെ ഇങ്ങനെ അടിക്കുന്ന അടിയുണ്ട്, അതിൽ എപ്പോഴും അടിക്കുന്ന സമയത്ത് മുഖം അങ്ങൊട്ട് തന്നെയാണ് പോവുന്നത്. അങ്ങനെ 12 ടേക്ക് ആണ് എടുത്തത്. എപ്പോഴെങ്കിലും ദിലീപിനെ കാണുമ്പോൾ നിങ്ങൾക്ക് ചോദിക്കാം. 12 ടേക്ക് ആണ് എടുത്തത്. മുഖം മാറുന്നത് കൊണ്ടായിരുന്നു. അതാണ് തുടക്കത്തിന്റെ ഒരു സംഭവം ആയിരുന്നു. ആ ജയസൂര്യ സംസ്ഥാന അവാർഡ് വരെ വാങ്ങി.
അന്ന് വേറെയൊരു പയ്യനെയാണ് ഞാൻ പ്ലാൻ ചെയ്‌തത്. ആ പയ്യൻ വന്നില്ല, എത്താൻ പറ്റിയില്ല. അങ്ങനെ ഞാൻ വേറെ ഒന്ന് രണ്ട് പയ്യന്മാരെ വച്ച് ഓടിച്ചുനോക്കി. അവരെയൊന്നും അങ്ങോട്ട് ശരിയായില്ല. ഞാൻ ഇങ്ങനെ എന്ത് ചെയ്യുമെന്ന് നോക്കി നിൽക്കുകയാണ്. അപ്പോഴാണ് ജഗതി ചേട്ടനെ ഞാൻ കാണുന്നത്. പുള്ളിയോട് കാര്യം പറഞ്ഞപ്പോൾ എന്റെ റൂമിൽ ഒരു പയ്യൻ ഇരിപ്പുണ്ട്. എന്നെ വച്ച് കോമഡി ചെയ്‌തു കൊണ്ട് ഇരിക്കുന്ന പയ്യനാണ്.
അവൻ മിമിക്രിയിൽ നിന്ന് വന്നതൊക്കെയാണ്. എന്റെ അഭിമുഖം എടുക്കാൻ വന്നതാണ്. അവനെ ഒന്ന് ട്രൈ ചെയ്‌തു നോക്കുന്നോ എന്ന് ചോദിച്ചു. അപ്പോൾ തന്നെ ഞാൻ പ്രൊഡക്ഷനിൽ നിന്ന് വണ്ടി വിട്ടു. വിളിപ്പിച്ചു, ഞാൻ നോക്കുമ്പോൾ നല്ലൊരു ചോക്ലേറ്റ് പയ്യൻ. അങ്ങനെ ഞാൻ അവിടെ കൊണ്ട് അവനെ നിർത്തി. അവിടെയുള്ള പയ്യന്മാരുടെ ഗ്രൂപ്പിൽ കൊണ്ട് നിർത്താനാണ് എന്നാണ് അവൻ വിചാരിച്ചത്.
ആരോടും പറയാതെ രക്ഷപ്പെട്ട് പോവാമെന്ന് നോക്കുകയായിരുന്നു അവൻ. അങ്ങനെയാണ് ഞാൻ വീണ്ടും വിളിച്ചത്. പിന്നെ ഷോട്ടിന്റെ കാര്യം പറഞ്ഞു കൊടുത്തു. അവൻ അടി കിട്ടാതിരിക്കാൻ ഓടുന്നതാണ്. മറ്റൊരു സ്‌റ്റുഡന്റ് പിന്നാലെ വരുന്നുണ്ട്. ഭാഗ്യം ഉണ്ടെങ്കിൽ സിനിമയിൽ നിനക്ക് ഓടിക്കയറാം എന്ന് ഞാൻ പറഞ്ഞു. ചില വാക്കുകൾ അങ്ങനെയാണ്.












Click it and Unblock the Notifications