'പൃഥ്വിരാജിനെ അമ്മ വിലക്കിയ വേളയില്‍ കല്‍പ്പന പറഞ്ഞത്'; ചിരി വസന്തം വിട ചൊല്ലിയിട്ട് പത്താണ്ട്
നടി കല്‍പ്പന വിടചൊല്ലിയിട്ട് പത്ത് വര്‍ഷം. മലയാള സിനിമയിലെ ചിരിയുടെ വസന്തമായിരുന്നു കല്‍പ്പന. ചിരി വേഷങ്ങള്‍ മാത്രമല്ല ഗൗരവമേറിയ തൊണ്ടയ്ക്ക് കനം നല്‍കുന്ന കഥാപാത്രങ്ങളിലും അവര്‍ തിളങ്ങി. സ്‌ക്രീനിന് മുന്നിലും പിന്നിലും വ്യക്തമായ ചിന്തകളും നിലപാടുകളുമാണ് കല്‍പ്പനയെ നയിച്ചിരുന്നത്. 1977ല്‍ ബാലതാരമായി എത്തിയ കല്‍പ്പന ചില സിനിമകളില്‍ നടിയായി വേഷമിട്ടെങ്കിലും 84ല്‍ പഞ്ചവടിപ്പാലത്തിലൂടെയാണ് ഹാസ്യ തട്ടകം തിരിച്ചറിഞ്ഞത്.
ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിലേക്ക് കടന്നു. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം വേഷമിട്ട കല്‍പ്പന 2016 ജനുവരി 25ന് ഹൈദരാബാദില്‍ വച്ചാണ് മരിച്ചത്. തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. 51ാം വയസില്‍ വിടചൊല്ലിയ കല്‍പ്പനയുടെ നിലപാടുകളിലെ വ്യക്തതയാണ് സംവിധായകന്‍ വിനയന്‍ ഇന്ന് പങ്കുവച്ചിരിക്കുന്നത്.

2016 ജനുവരി 25ന് രാവിലെ ഹൈദരാബാദിലെ ഹോട്ടലില്‍ അബോധാവസ്ഥയിലാണ് കല്‍പ്പനയെ കണ്ടത്. അപ്പോളോ ആശൂപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. മലയാള സിനിമക്ക് എന്നും ഓര്‍ക്കാവുന്ന ഒരുപിടി ചിത്രങ്ങളും വേഷങ്ങളും സമ്മാനിച്ചായിരുന്നു കല്‍പ്പനയുടെ മടക്കം. കല്‍പ്പന രഞ്ജിനി എന്നായിരുന്നു പേര് എങ്കിലും അറിയപ്പെട്ടത് കല്‍പ്പന എന്നാണ്.
300ഓളം ചിത്രങ്ങളില്‍ വേഷമിട്ട കല്‍പ്പനയ്ക്ക് 2012ല്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഉര്‍വശിയും കലാരഞ്ജിനിയും ഉള്‍പ്പെട്ട കലാ കുടുംബത്തില്‍ നിന്നുള്ള കല്‍പ്പന, ചാര്‍ളി, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങി ഏറ്റവും ഒടുവില്‍ വേഷമിട്ട ചിത്രങ്ങളിലൂടെ പുതുതലമുറയ്ക്കും മായാതെ നില്‍ക്കുന്ന പ്രതിഭയാണ്. സംവിധായകന്‍ വിനയന്‍, കല്‍പ്പനയുടെ നിലപാടുകളിലെ വ്യക്തത ചൂണ്ടിക്കാട്ടിയാണ് ഇന്ന് അവരെ ഓര്‍ത്തത്.
വിനയന്റെ കുറിപ്പ് വായിക്കാം: ''കല്‍പ്പന വിടപറഞ്ഞിട്ട് പത്തു വര്‍ഷം. കാലം എത്ര പെട്ടന്നാണ് കടന്നു പോകുന്നത്. ചിരിക്കുന്ന മുഖത്തേടെ മാത്രം കണ്ടിരുന്ന കല്‍പ്പനയെ മറക്കാന്‍ കഴില്ല.. അത്ഭുത ദ്വീപും, ആകാരഗംഗയും, വെള്ളി നക്ഷത്രവും പോലുള്ള എന്റെ നിരവധി സിനിമകളില്‍ കല്‍പ്പനയുടെ കഥാപാത്രങ്ങള്‍ ചിരിയുടെ പൂരം തീര്‍തിതിരുന്നു..
ഈ ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരുവ്യക്തിത്വം കല്‍പ്പനക്കുണ്ടായിരുന്നു എന്ന കാര്യം ഞാനിവിടെ ഓര്‍ക്കുകയാണ്. 'പ്രഥ്വിരാജിന് അമ്മ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയ സമയത്തായിരുന്നു 'അത്ഭുതദ്വീപ്' പ്ലാന്‍ ചെയ്യുന്നത്.. ആ നടനോടൊപ്പം അഭനയിക്കാന്‍ പറ്റില്ലന്ന് പറഞ്ഞ് മറ്റു താരങ്ങള്‍ എഗ്രിമെന്റ് ഒപ്പിടാന്‍ മടിച്ച സമയത്ത്.. പക്രുവാണ് നായകന്‍ എന്നല്ലെ വിനയേട്ടന്‍ പറഞ്ഞത്..നമുക്കതല്ലെ അറിയു.... അതുകൊണ്ട് ഞാന്‍ ഒപ്പിട്ടു കൊടുത്തു എന്ന് ചിരിച്ചു കൊണ്ട് അമ്പിളിച്ചേട്ടനോട് (ജഗതി ശ്രീകുമാര്‍) പറഞ്ഞ കല്‍പ്പനയുടെ മുഖം ഞാനിന്നും ഓര്‍ക്കുന്നു.. ചിരിച്ചുകൊണ്ടുതന്നെ അമ്പിളിചേട്ടനും ഒപ്പിട്ടു.. ആ വിലക്ക് പൊളിയുകേം ചെയ്തു..പ്രഥ്വിയോട് സംഘടന ചെയ്യുന്നത് നീതിയല്ല എന്ന വ്യക്തമായ ധാരണ കല്‍പ്പനക്കന്നുണ്ടായിരുന്നു. അതായിരുന്നു കല്‍പ്പന...''












Click it and Unblock the Notifications