ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ദക്ഷിണേന്ത്യൻ നായകൻമാർ ആരൊക്കെ? മലയാളികൾ ആരുമില്ല!
ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് മാത്രമാണെന്ന ആശയമൊക്കെ ഇല്ലാതെയായിട്ട് നാളുകൾ ഏറെയായി. പണ്ടൊക്കെ ആഗോള വേദികളിൽ ഇന്ത്യൻ സിനിമ എന്ന പേരിൽ ബോളിവുഡ് തന്നെയാണ് ഇടം നേടിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന് ശേഷം പ്രാദേശിക സിനിമകൾ കാര്യമായി ആളുകൾക്ക് മുന്നിലേക്ക് എത്തുകയും ഒടിടി വഴി എല്ലായിടത്തും കാണാൻ കഴിയുന്ന രീതിയിലേക്ക് വളരുകയും ചെയ്‌തുവെന്നതാണ് വാസ്‌തവം.
അതിന് വർഷങ്ങൾക്ക് മുൻപ് രാജമൗലി പാൻ ഇന്ത്യൻ എന്ന ട്രെൻഡ് തുടങ്ങിയതും എല്ലാവർക്കും ഓർമ്മയുണ്ടാവും. രാജമൗലിയുടെ ബാഹുബലി പോലെയുള്ള സിനിമകളാണ് പാൻ ഇന്ത്യൻ സിനിമകൾ എന്ന ആശയം കൃത്യമായി നടപ്പിലാക്കിയതും അതിൽ വിജയിച്ചതും. അതോടെ താരങ്ങളും, സാങ്കേതിക പ്രവർത്തകരും ഒക്കെ അതുപോലെ തന്നെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നിലയിലേക്ക് കഴിഞ്ഞ കാലം കൊണ്ട് വളർന്നു.

ഇന്ന് ദക്ഷിണേന്ത്യൻ സിനിമ ഇല്ലാതെ ഇന്ത്യയിലെ സിനിമയെ വരച്ചുകാട്ടാൻ കഴിയില്ല. അതിൽ പ്രധാനമായും തെലുഗു, തമിഴ്,മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ഏറ്റവും മികച്ച രീതിയിൽ പ്രാദേശിക സിനിമകൾ ഒരുങ്ങുന്നത്. അതിലെ അഭിനേതാക്കളും ഇന്ന് പാൻ ഇന്ത്യനായി മാറിയിട്ടുണ്ട്. അത്തരത്തിൽ ഈ വർഷം ഇതുവരെ ഗൂഗിളിൽ ആളുകൾ തിരഞ്ഞ സൗത്ത് ഇന്ത്യൻ നായകന്മാർ ആരൊക്കെയെന്ന് ഒന്ന് നോക്കാം.
ജൂനിയർ എൻടിആർ മുതൽ അല്ലു വരെ
ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ദക്ഷിണേന്ത്യൻ താരങ്ങളിൽ അഞ്ചാം സ്ഥാനത്ത് ജൂനിയർ എൻടിആർ ഇടംപിടിച്ചു. ഈ വർഷം താരത്തിന്റേതായി പുറത്തിറങ്ങിയ 'വാർ 2' എന്ന ചിത്രം വലിയ പ്രതീക്ഷകളോടെ എത്തിയെങ്കിലും ബോക്‌സ് ഓഫീസിൽ കാര്യമായ ചലനം ഉണ്ടാക്കിയില്ല. എങ്കിലും താരകിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗൂഗിൾ തിരച്ചിൽ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത് സൂപ്പർ സ്‌റ്റാർ പവൻ കല്യാൺ ആണ്. ഈ വർഷം 'ഹരി ഹര വീര മല്ലു', 'ഒ.ജി' എന്നീ രണ്ട് ചിത്രങ്ങൾ പുറത്തിറങ്ങിയെങ്കിലും, രണ്ടിനും ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാൽ താരം മന്ത്രിയെന്ന നിലയിൽ കൂടി പ്രശസ്‌തനാണ് എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്.
2025-ലെ ഗൂഗിൾ തിരഞ്ഞ ദക്ഷിണേന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്ത് മഹേഷ് ബാബുവാണ് ഇടംപിടിച്ചത്. ഈ വർഷം അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയില്ലെങ്കിലും, 2027-ൽ തിയേറ്ററുകളിലെത്താൻ ഷെഡ്യൂൾ ചെയ്‌ത 'വാരണാസി'ക്കായി ആരാധകർ കാത്തിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ അത്ഭുതമാവും ഇതെന്നാണ് വിലയിരുത്തൽ.
ഈ വർഷം ഗൂഗിൾ തിരച്ചിൽ പട്ടികയിൽ പ്രഭാസ് രണ്ടാം സ്ഥാനത്താണ്. ഈ വർഷം ഒരു സിനിമയും അദ്ദേഹത്തിന്റെ ഇറങ്ങിയിരുന്നില്ല. എന്നിരുന്നാലും, 2026 ജനുവരിയിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള 'ദി രാജാ സാബ്' എന്ന വരാനിരിക്കുന്ന ചിത്രത്തിനായി ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്നു. സിനിമ ഇറങ്ങിയില്ലെങ്കിലും പ്രഭാസിന്റെ ജനപ്രീതി അതേപടി തുടരുന്നു.
2025-ലെ ഗൂഗിൾ തിരച്ചിൽ പട്ടികയിൽ ഒന്നാം സ്ഥാനം അല്ലു അർജുൻ ഇടംനേടി. ഈ വർഷം അദ്ദേഹത്തിന്റെ ഒരു ചിത്രവും പുറത്തിറങ്ങിയില്ല എന്നത് ശ്രദ്ധേയമാണ്. 2026-ൽ പുതിയ പ്രോജക്റ്റുകളൊന്നും ഷെഡ്യൂൾ ചെയ്‌തിട്ടില്ലെങ്കിലും, ആരാധകർക്കിടയിൽ അദ്ദേഹത്തിന്റെ ജനപ്രീതിക്ക് ഒരിടിവും ഉണ്ടായിട്ടില്ല.
മലയാളികൾ ആരുമില്ല
ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്ന് മലയാളികൾ ആരും തന്നെ ഈ പട്ടികയിൽ ഇടം നേടിയിട്ടില്ല എന്നതാണ്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ എന്നീ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കൾക്കും ഈ പട്ടികയിൽ ഇടം നേടാനായിട്ടില്ല. തെന്നിന്ത്യയിൽ തെലുഗു സിനിമയുടെ ആധിപത്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications