'അഖിൽ മാരാർ സീറ്റ് കിട്ടാഞ്ഞിട്ടാണോ വന്നതെന്ന് എനിക്ക് അറിയില്ല, ബീഫ് കഴിക്കേണ്ടവർ കഴിക്കട്ടെ'; മേജർ രവി
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് താരവും സംവിധായകനും ഒക്കെയായ അഖിൽ മാരാർ എൻഡിഎയുടെ ഭാഗമായി ട്വന്റി-20യിൽ ചേർന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അഖിൽ മാരാർ കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തെ കോൺഗ്രസുമായി അടുപ്പമുണ്ടായിരുന്ന അഖിൽ വിഡി സതീശൻ അടക്കമുള്ള നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.
എന്നാൽ വിവിധ കാരണങ്ങളാൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു കൊണ്ടാണ് അഖിൽ ഇപ്പോൾ എൻഡിഎയുടെ ഭാഗമാവുന്നത്. കോൺഗ്രസ് സീറ്റ് നിഷേധിച്ചത് കൊണ്ടാണ് അഖിൽ മാരാർ എൻഡിഎയുടെ ഭാഗമായി പോയത് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുകയാണ് സംവിധായകൻ മേജർ രവി. ബിജെപിയുമായി അടുപ്പമുള്ള സംവിധായകൻ കൂടിയാണ് അദ്ദേഹം.

അഖിൽ മാരാർ വിഷയത്തിൽ മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം വിവാദമായി മാറിയ കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിലെ ചില രംഗങ്ങളെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. മതം പറഞ്ഞു തമ്മിൽ അടുപ്പിക്കുന്നത് രാഷ്ട്രീയക്കാരാണെന്നും വോട്ടിന് വേണ്ടിയാണ് ഇതെന്നും അദ്ദേഹം പറയുന്നു. ഇത്തരം കാര്യങ്ങൾ പറയുന്നതിനോട് തനിക്കെന്നും പുച്ഛമാണെന്നും ഓൺലൈൻ മീഡിയകളോട് സംസാരിക്കവെ അദ്ദേഹം തുറന്ന് പറഞ്ഞു.
മേജർ രവിയുടെ വാക്കുകൾ
ഒന്നാമത് നിങ്ങൾ മതം എന്ന് പറഞ്ഞുള്ള സംസാരം തന്നെ നിർത്തുക. ഈ മതം കൊണ്ട് ആർക്കാണ് ഇവിടെ ഗുണമുള്ളത്? ഇവിടുത്തെ രാഷ്ട്രീയ പാർട്ടിക്കാർക്ക്. പത്ത് വോട്ട് കിട്ടാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പറയാമെന്ന് മാത്രമേ ഉള്ളൂ. ഇതിൽ ബീഫ് കഴിക്കണ്ടവൻ കഴിച്ചോട്ടെ, കഴിക്കേണ്ടാത്തവൻ കഴിക്കേണ്ട. പിന്നെ ഇത് മതത്തിന്റെ പേരിൽ എന്ന് പറയാൻ പറ്റില്ലല്ലോ. ചിലർ മറ്റ് ചിലരെ ഓരോന്ന് നിർബന്ധിച്ചു ചെയ്യിക്കുന്നു എന്ന രീതിയിൽ അല്ലേ?
ഇത്തരം കാര്യങ്ങൾ ഒന്നും ഞാൻ ചെയ്യില്ല. ഒരാളെയും മിസ്‌ഗൈഡ് ചെയ്യില്ല. ഈ ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് ഏപ്രിൽ 23ആം തീയതി കാലത്ത് ഞാനൊരു ന്യൂസ് ചാനലിന് കൊടുത്ത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇവിടെ വന്ന് മതം ചോദിച്ചു കൊണ്ട് കൊന്നിരിക്കുന്നത്, പാകിസ്ഥാനിലെ ഏതോ ചില മുസ്ലീംസ് ഇവിടെ വന്ന് ഹിന്ദുക്കളെ കൊന്നതല്ല അത്. ഇവിടെയുള്ള ഹിന്ദുവിനെയും മുസ്ലിമിനേയും തമ്മിൽ അടിപ്പിക്കാൻ വേണ്ടി ചെയ്‌തൊരു പണിയാണ്.
അത് ചെയ്‌തത് പാകിസ്ഥാനിൽ നിന്ന് വന്നിട്ട് ചെയ്യുന്നതാണെങ്കിലും ശരി, ഇവിടെയുള്ളവർ ചെയ്യുന്നതാണെങ്കിലും ശരി. അതിനെ ഞാൻ നിന്ദിക്കുകയേ ഉള്ളൂ. അങ്ങനെ ചെയ്യരുത്. ഇത് എനിക്കൊരു താൽപര്യവുമില്ല. ഞാൻ ഒരു സിനിമാ സംവിധായകൻ എന്ന നിലയിൽ മത സൗഹാർദ്ദമാണ് എപ്പോഴും കാണിച്ചിട്ടുള്ളത്. പിക്കറ്റ് 43 പോലെയുള്ള ചിത്രങ്ങളിൽ പോലും ഇന്ത്യ-പാക്കിസ്ഥാൻ സൗഹൃദമാണ് ഞാൻ കാണിച്ചിട്ടുള്ളത്.
ഒരു വ്യക്തി എന്ന നിലയിൽ എന്നോട് ചോദിച്ചാൽ എനിക്ക് അതിനോടൊക്കെ പുച്ഛമാണ് തോന്നിയിട്ടുള്ളത്. രാഷ്ട്രീയപരമായി പലർക്കും പല ചിന്തകൾ ആയിരിക്കും. എന്നും ഒരു രാഷ്ട്രവാദി എന്ന നിലയിലാണ് ഞാൻ നിന്നിട്ടുള്ളത്. അതിനിടയ്ക്ക് വഴി തെറ്റിക്കാൻ ശ്രമിച്ചുകൊണ്ടുള്ള പല കാര്യങ്ങളും നടന്നിട്ടുണ്ട്. അഖിൽ മാരാരിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ശരിക്കും അറിയുകയില്ല.
സീറ്റ് കിട്ടാഞ്ഞിട്ടാണോ അല്ലെങ്കിൽ സീറ്റ് വേണ്ടിയിട്ടാണോ വന്നതെന്ന് ഇപ്പോഴും അറിയില്ല. ട്വന്റി-20യിലേക്കാണ് അഖിൽ മാരാർ വന്നിരിക്കുന്നത്. ഇക്കാര്യങ്ങൾ ഒക്കെ അഖിലിനോട് തന്നെ ചോദിക്കണം. കാരണം അദ്ദേഹം ഏത് പാർട്ടിയിൽ പോവുന്നു എന്ന കാര്യത്തിൽ ഞാൻ തൽപരനല്ല. എന്റെ പാർട്ടിയിലേക്ക് വരുന്നുണ്ടോ എന്നൊന്നും ഞാൻ ആലോചിക്കുന്നില്ല. അതൊക്കെ ഓരോരുത്തരുടെ ചിന്താഗതികൾ ആയിരിക്കും.












Click it and Unblock the Notifications