"മണിയൻപിള്ള അല്ല കാറോടിച്ചത് ഒരു പെണ്ണുംപിള്ള ആണെന്ന് ചിലർ പറയുന്നു, തെറ്റ് ചെയ്യാത്തയാൾ എന്തിന് മുങ്ങി?"
അടുത്തിടെയാണ് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനം തിരുവനന്തപുരത്ത് അപകടത്തിൽപെട്ടത്. പിന്നാലെ കാർ നിർത്താതെ പോയ മണിയൻപിള്ള രാജുവിനെതിരെ രൂക്ഷമായ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മണിയൻപിള്ള രാജു ചെയ്‌തത് തെറ്റ് തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
നമ്മുടെ ചുറ്റിലും ക്യാമറ കണ്ണുകൾ ഉണ്ട് നമ്മളെ നോക്കാൻ എന്ന ഒരു ബോധമില്ലാതെ പോകുന്നത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. അത്തരം ഒരു ശ്രദ്ധ കുറവ് മണിയൻ പിള്ള രാജുവിന് വരാൻ പാടില്ലായിരുന്നു. തലസ്ഥാനത്തെ തലമുതിർന്ന ആളുകളുടെ വാസസ്ഥലമാണല്ലോ ട്രിവാൻഡ്രം ക്ലബ്. അവിടെ ഒരു സമയം ആവുമ്പോൾ കൊച്ചമ്മമാരും കൊച്ചണ്ണൻമാരും ഒക്കെ കൂടുന്ന ഒരിടമാണ്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വരെ വെള്ളമടിക്കാൻ വരുന്ന ഇടം.

അതുകൊണ്ട് അവിടെ നിന്ന് വരുന്നവർക്ക് എന്ത് പ്രശ്‌നം വന്നാലും സഹായിക്കാൻ ആളുകൾ കാണും. വലിയ തലപ്പത്തിരിക്കുന്ന ആളുകൾ വരെയുണ്ടാവും. പാവങ്ങൾക്ക് ആർക്കും അവിടെ അഡ്‌മിഷൻ പോലും കിട്ടില്ല. വമ്പൻമാർക്ക് മാത്രമേ കിട്ടൂ. അഞ്ച് ലക്ഷം രൂപ എങ്ങാനും ആണ് അവിടെ അഡ്‌മിഷൻ ഫീസ്. മദ്യപാനം, പരദൂഷണം, ചീട്ടുകളി, പിന്നെ നല്ല ഭക്ഷണം എല്ലാ അംഗങ്ങൾക്ക് കിട്ടുന്ന ഒരിടമാണ് ക്ലബ്.
ആർക്കും എന്ത് തെമ്മാടിത്തരവും കാണിക്കാം, സപ്പോർട്ട് കിട്ടും. കാൻസറിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മണിയൻപിള്ളയ്ക്ക് ഇപ്പോൾ ചിക്കൻ ഗുനിയ കൂടിയുണ്ടെന്ന് മണിയൻപിള്ള തന്നെ പറയുന്നു. അതെന്ത് കുന്തം വേണമെങ്കിൽ ആയിക്കോട്ടെ. മണിയൻപിള്ള രാത്രി വൈകി തന്റെ വോൾവോ കാറിൽ ക്ലബിൽ നിന്ന് പുറത്തേക്ക് വരുന്നു. നാല് വരെ പുതിയ പാതയാണ്, മനോഹരമായ കൊതിപ്പിക്കുന്ന റോഡാണ്.
പതിയെ ക്ലബിൽ നിന്ന് ഇറങ്ങിയ കാർ വലതുവശത്തേക്ക് തിരിയുമ്പോൾ അതിവേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയാണ്. പിന്നാലെ വേറൊരു ബൈക്കും. ഓടിച്ചിരുന്നവന്മാർ എങ്ങോട്ടോ പറന്നുപോയി. അത്രയ്ക്കും വേഗതയായിരുന്നു. കാറോടിച്ചിരുന്നത് താൻ ആണെന്ന് മണിയൻപിള്ള അടിച്ചു പറയുന്നു. അല്ല മറ്റൊരാൾ ആണെന്ന് കാണികൾ പറയുന്നു. അതൊരു പെണ്ണുംപിള്ള ആയിരുന്നെന്ന് ചില ചാനലുകൾ പറയുന്നു.
മണിയൻപിള്ള പറയുന്നത് പെണ്ണും പിടക്കോഴിയും ഒന്നുമില്ല ഞാൻ ഒറ്റയ്ക്കാണ് ആ കാർ ഓടിച്ചതെന്നാണ്. എന്തായാലും അദ്ദേഹം വണ്ടി നിർത്താതെ മുങ്ങി, തെറ്റ് ചെയ്യാത്തവർ എന്തിനാണ് മുങ്ങുന്നത്. അവർ ചത്തോ വല്ലതും പറ്റിയോ എന്ന് പോലും നോക്കാൻ അദ്ദേഹം നിന്നില്ല. രണ്ട് ബൈക്കി എവിടെ നിന്ന് വന്നു, ഞാൻ കണ്ടില്ല എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. ഞാനാകെ വിരണ്ടുപോയി എന്നാണ് പറയുന്നത്, ജീവിതത്തിൽ അങ്ങനെ മണിയൻപിള്ള വിരണ്ടുപോയിട്ടില്ല.
പോലീസിൽ വിളിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്. തെറ്റ് ആരുടെ ഭാഗത്തായാലും അവരെ ആശുപത്രിയിൽ എത്തിക്കേണ്ടതാണ് സാമാന്യ മര്യാദ. ഫോൺ ഓഫ് ചെയ്‌തു കളഞ്ഞു പുള്ളി. അതും ശരിയല്ലെന്നാണ് എനിക്ക് പറയാനുള്ളത്. വീട്ടിൽ പോലീസ് എത്തുമ്പോൾ അത് പൂട്ടിയിട്ടിരുന്നു. മദ്യപാനി ആയിരുന്നു ഞാൻ, ഇപ്പോഴില്ലെന്ന് പിള്ള പറയുന്നു. പക്ഷേ, ആ പരിശോധന പേടിച്ചാണ് പിള്ള മുങ്ങിയതെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല.
എന്റെ നല്ല അടുപ്പക്കാരനാണ് മണിയൻ പിള്ള, പക്ഷെ തെറ്റിന് തെറ്റ് എന്ന് പറയുന്നതിൽ കുറ്റമില്ല. പല നിലപാടുകളിലും എനിക്ക് അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. പക്ഷേ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാട് ശരിയായില്ല. നിങ്ങളുടെ ആണ്മക്കളുടെ പ്രായമേ ഉണ്ടായിരുന്നുള്ളൂ ആ പിള്ളേർക്ക്. അവർ ചത്തോ ഇല്ലയോ എന്നൊക്കെ എങ്കിലും അന്വേഷിക്കണമായിരുന്നു. ഇതൊന്നും നല്ലതല്ല എന്നാണ് എനിക്ക് പറയാനുള്ളത്.












Click it and Unblock the Notifications