'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്‌ടപ്പെട്ടില്ല'; ദീപു
മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് ദീപു കരുണാകരൻ. മമ്മൂട്ടിയെ വച്ച് ഫയർമാൻ, ദിലീപ് നായകനായ ക്രേസി ഗോപാലൻ എന്നീ ചിത്രങ്ങൾ ഒരുക്കിയത് ദീപു കരുണാകരൻ ആയിരുന്നു. ജയറാം നായകനായ വിന്റർ, പൃഥ്വിരാജ് പ്രധാനവേഷത്തിൽ എത്തിയ തേജാ ഭായ് ആൻഡ് സൺസ്, മിസ്‌റ്റർ ആൻഡ് മിസിസ് ബാച്ചിലർ തുടങ്ങിയ ചിത്രങ്ങളും ദീപു കരുണാകരൻ ഒരുക്കിയവ ആയിരുന്നു.
ഇപ്പോഴിതാ സിനിമയിൽ മഞ്ജു വാര്യർ, മോഹൻലാൽ എന്നിങ്ങനെയുള്ള വലിയ താരങ്ങൾക്ക് ഒപ്പമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ദീപു കരുണാകരൻ. കരിങ്കുന്നം സിക്‌സേഴ്‌സ് എന്ന സിനിമയിൽ മഞ്ജു വാര്യർക്ക് പകരം മറ്റാര് വന്നാലും ശരിയാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. 15 മിനിറ്റ് കൊണ്ട് അതിന് അവർ ഓക്കേ പറഞ്ഞെന്നും മോഹൻലാലിനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ആദ്യം ഇഷ്‌ടമായില്ലെന്നും ദീപു മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ദീപു കരുണാകരന്റെ വാക്കുകൾ
കരിങ്കുന്നം സിക്‌സേഴ്‌സ് ആദ്യമൊരു മെയിൽ ഓറിയന്റഡ് സിനിമ ആയിരുന്നു. മഞ്ജു വാര്യർക്ക് പകരം വലിയ സ്‌റ്റാർ വാല്യൂ ഉള്ളൊരു ആളെ കൊണ്ട് വന്നാലും ആ പടം വർക്ക് ആവില്ല. ആ സിനിമ മെയിൽ ഓറിയന്റഡ് ആയിരുന്നെങ്കിൽ പല സീക്വൻസും വർക്ക് ആവില്ലായിരുന്നു. ജയിലിൽ എത്രയോ പേർ ഇങ്ങനെ പോവുന്നുണ്ടാവും. അവിടെയൊരു സ്ത്രീ വരുമ്പോൾ ആണ് ഒരു വ്യത്യാസം നമുക്ക് കാണാൻ കഴിയുക.
അത് തന്നെയായിരുന്നു അതിന്റെ ക്യാച്ച് പോയിന്റ്, അതാണ് സിനിമയുടെ പ്രത്യേകതയും. മാരിയറ്റ് ഹോട്ടലിൽ പോയിട്ടാണ് ഞാൻ കഥ പറയുന്നത്. കഥ പറഞ്ഞു കഴിഞ്ഞപ്പോൾ ഇഷ്‌ടപ്പെട്ടു. പക്ഷേ രണ്ട് പടങ്ങൾ ഇപ്പോൾ ഉണ്ടെന്ന് മഞ്ജു പറഞ്ഞു. അതാണ് ഇപ്പോൾ നോക്കുന്നത്, അത് കഴിഞ്ഞ് ചെയ്യാമെന്നാണ് പറഞ്ഞത്. അങ്ങനെ ഞാൻ അവിടെ നിന്ന് ഇറങ്ങി സിഗ്നലിൽ എത്തിയപ്പോഴേക്കും മഞ്ജു വിളിച്ചിട്ടു പറഞ്ഞു, ആ പടങ്ങൾ ഞാൻ മാറ്റി വയ്ക്കാം നമുക്ക് ഇത് ചെയ്യാമെന്ന്.
ഒരു 15 മിനിറ്റ് കൊണ്ട് അതിൽ തീരുമാനമായി. സിനിമയിൽ ആരൊക്കെ വേണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ജയിലിൽ ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. രാവിലെ ഏഴ് മണിക്ക് നമ്മൾ ഉള്ളിൽ കയറിയാൽ ഷൂട്ടൊക്കെ കഴിഞ്ഞ് ലഞ്ചിനായി ഉച്ചയ്ക്ക് ഒരു മണിക്കേ പിന്നെ പുറത്തിറങ്ങാൻ പറ്റുകയുള്ളൂ. ശരിക്കും പറഞ്ഞാൽ ഇരുപത് ദിവസം ജയിൽ വാസം പോലെയാണ് തോന്നിയത്.
ക്രേസി ഗോപാലൻ എന്ന സിനിമ കഴിഞ്ഞപ്പോൾ ഞാൻ ആദ്യം കഥ പറഞ്ഞത് ലാലേട്ടനോട് ആയിരുന്നു. സർദാർ ഹാപ്പി സിംഗ് എന്ന പേരിലായിരുന്നു അത്. ലാലേട്ടനെ ഒരു സർദാർ ആയിട്ടായിരുന്നു പ്ലാൻ ചെയ്‌തത്. പക്ഷെ എന്നത് നടന്നില്ല. എന്റെയൊരു ഉഴപ്പ് എന്നേ എനിക്ക് പറയാനുള്ളൂ. ആ കഥ ഒന്നുകൂടി ഒന്ന് വർക്ക്ഔട്ട് ചെയ്‌തിട്ട് ലാലേട്ടന്റെ അടുത്ത് പോവണമായിരുന്നു. ലാലേട്ടന്റെ അടുത്ത് ഫസ്‌റ്റ് ഇമ്പ്രഷൻ ഈസ് ദി ലാസ്‌റ്റ് ഇമ്പ്രഷൻ.
പുള്ളിക്കാരന്റെ അടുത്ത് ആദ്യം പറയുന്ന കഥ ഇഷ്‌ടമായി കഴിഞ്ഞാൽ കംഫർട്ട് ആയി പിന്നെ നമുക്ക് വർക്ക് ചെയ്യാം. ആദ്യം പറഞ്ഞ കഥ പുള്ളിക്ക് ഇഷ്‌ടപ്പെട്ടില്ല. പിന്നെ പല കഥകളും ലാലേട്ടന്റെ അടുത്ത് പറഞ്ഞിരുന്നു. ഫയർമാൻ പോലും പുള്ളിക്കാരന് ഇഷ്‌ടപ്പെട്ടിരുന്നു. അത് അദ്ദേഹത്തിന് താൽപര്യം ഉണ്ടായിരുന്നു. ഇന്നത്തെ സാഹചര്യം ആയിരുന്നില്ല അന്ന്, എല്ലാവരോടും നമ്മൾ കഥ പറയുമായിരുന്നു.
ഇന്ന് വളരെ ചുരുക്കം സിനിമകൾ വിജയിക്കുന്ന കാലഘട്ടമാണ്, അതുപോലെ മത്സരാത്മകമായിരുന്നു. പിന്നെ ലാലേട്ടന്റെ മുൻപിലേക്ക് പോവുന്നില്ല എന്നല്ല. ഇപ്പോൾ മനസിൽ മൂന്നോ നാലോ കഥകൾ ഉണ്ട്. അതിൽ സ്‌റ്റാർസ് ഉണ്ട്, പുതിയ കുട്ടികൾ ഇല്ല. സ്‌റ്റാർസ് സിനിമയ്ക്ക് ആവശ്യമില്ല എന്ന് പറയുന്നത് വെറുതെയാണ്. കഴിഞ്ഞ വർഷം ഇറങ്ങിയതിൽ 13 പടങ്ങൾ എങ്ങാനുമാണ് വിജയിച്ചത്, അതിൽ പിള്ളേരെ വച്ചുള്ളത് രണ്ടോ മൂന്നോ സിനിമകൾ മാത്രമാണ്.












Click it and Unblock the Notifications