'ഞാൻ പോകുന്ന ട്രാക്ക് ശരി തന്നെയാണെന്ന് തെളിയിച്ചു, അക്കാര്യം എന്റെ ഭാഗ്യമായി കാണുന്നു'; മഞ്ജു വാര്യർ പറയുന്നു
തമിഴ്‌നാട് സർക്കാർ അടുത്തിടെയാണ് 2016 മുതൽ 2022 വരെയുള്ള ആറ് വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അതിന്റെ അവാർഡ് വിതരണ ചടങ്ങ് നടന്നതാവട്ടെ ഇന്നലെയും. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഇക്കുറി നിരവധി മലയാളി താരങ്ങൾക്ക് പുരസ്‌കാരം ലഭിച്ചിരുന്നു എന്നതാണ്. മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോമോൾ ജോസ്, നയൻതാര, കീർത്തി സുരേഷ് എന്നിങ്ങനെ മലയാളി നടിമാർ ഇക്കുറി അവാർഡുകൾ ഭൂരിപക്ഷവും വാങ്ങിയെടുത്തിരുന്നു.
അതിൽ അസുരൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അവാർഡ് നേട്ടം കൈവരിച്ച മഞ്ജു വാര്യരുടെ കാര്യം എടുത്ത് പറയേണ്ടതാണ്. തന്റെ ആദ്യ തമിഴ് ചിത്രമായ അസുരനിലൂടെ പുരസ്‌കാരം നേടിയ മഞ്ജു വാര്യർ തിരിച്ചുവരവ് ഗംഭീരമാക്കിയത് മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ ധനുഷിന്റെ ജോഡി ആയിട്ടായിരുന്നു മഞ്ജു വാര്യർ അഭിനയിച്ചത്. ഇപ്പോഴിതാ പുരസ്‌കാര നേട്ടത്തിൽ പ്രതികരിക്കുകയാണ് മഞ്ജു, ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരം മനസ് തുറന്നത്.

മഞ്ജു വാര്യരുടെ വാക്കുകൾ
വലിയ സന്തോഷമുണ്ട് ഈ പുരസ്‌കാര നേട്ടത്തിൽ. അസുരൻ എന്റെ ആദ്യത്തെ തമിഴ് സിനിമയാണ്. തമിഴ്‌നാട് സർക്കാരിന്റെ ഒരു അംഗീകാരം കിട്ടുക എന്ന് പറയുന്നത് നമ്മൾ നല്ലൊരു കാര്യം തന്നെയാണ് ചെയ്‌തത്, നമ്മൾ ചെയ്‌ത ഒരു സിനിമ നല്ലതായി വന്നു. അങ്ങനെ സ്വയം നമുക്ക് ഒരു ഉറപ്പ് തോന്നുന്ന കാര്യമാണ് പുരസ്‌കാര നേട്ടമാണ് ഇത്. നമ്മൾ കൂടുതലായി സ്വാഗതം ചെയ്യപ്പെട്ടു എന്നൊക്കെ തോന്നുകയില്ലേ.
ഈ സിനിമ തിയേറ്ററിൽ വലിയ വിജയമായിരുന്നു, ഇപ്പോൾ തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരം കൂടിയായപ്പോൾ കൂടുതൽ സന്തോഷം. അതിന് തമിഴ്‌നാട്ടിലെ ജനങ്ങളോടും തമിഴ്‌നാട് സർക്കാരിനോടും നന്ദി പറയുന്നു. പിന്നെ എന്നെ ഈ സിനിമയിലേക്ക് ആദ്യം വിളിച്ചത് ധനുഷ് സാറാണ്, ധനുഷിനോടും ഒപ്പം വെട്രിമാരൻ സാറിനോടും നന്ദി പറയുന്നു. വെട്രിമാരൻ സിനിമയിൽ ഭാഗമാവാൻ ആഗ്രഹിക്കാത്ത ഒരു നടനോ നടിയോ ഒരു ഭാഷയിലും ഉണ്ടാവില്ല.
അപ്പോൾ അങ്ങനെയൊരു സംവിധായകനോടൊപ്പം ജോലി ചെയ്യാൻ എനിക്ക് സാധിച്ചു എന്നത് വലിയൊരു കാര്യമാണ്. അത് ഈ സിനിമ കൊണ്ട് എനിക്ക് ലഭിച്ച ഭാഗ്യമാണ്. പിന്നെ ഈ ചിത്രത്തിന്റെ നിർമ്മാതാവ് കലൈപുലി എസ് താണു സാർ, പിന്നെ ഈ സിനിമയുടെ മുന്നിലും പിന്നിലും ഒക്കെ വലിയ സപ്പോർട്ട് തന്ന വലിയൊരു ക്രൂ തന്നെയുണ്ട്, അപ്പോൾ അവരെയും ഞാൻ ഈ അവസരത്തിൽ സ്നേഹ പൂർവം ഓർക്കുന്നു. ഈ അവാർഡ് അവരുടെയൊക്കെ സ്നേഹത്തിനും പിന്തുണയ്ക്കും വേണ്ടി സമർപ്പിക്കുന്നു.
മറ്റൊരു നാട്ടിൽ ഇത്രയധികം മലയാളികൾക്ക് ഒപ്പം അവാർഡ് സ്വീകരിക്കുക എന്നത് വലിയൊരു കാര്യമാണ്. പിന്നെ ഞാൻ തമിഴ് സിനിമ കണ്ടിട്ട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ഒക്കെ ചെയ്യുന്ന കലാകാരൻമാർ ഇരിക്കുന്ന വേദിയിലാണ് ഈ ഒരു അവാർഡ് കിട്ടിയത് എന്നുള്ളത് ഏറെ സന്തോഷം തരുന്ന കാര്യമാണ്.
പിന്നെ ഞാൻ ഏറ്റവും കൗതുകകരമായി കാണുന്നത്, ശ്രദ്ധിച്ച കാര്യവും ഞാൻ ചെയ്‌ത എല്ലാ തമിഴ് സിനിമകളുടെയും സംവിധായകർ ഇവിടെ അവാർഡ് വാങ്ങാൻ ഇരിപ്പുണ്ട്. അതായത് ഞാൻ പോകുന്ന ട്രാക്ക് ശരി തന്നെയാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ ചെയ്യുന്ന സിനിമകൾ ശരിയാണെന്നും എനിക്ക് തോന്നുന്നു. എച്ച് വിനോദ് സാർ ആണെങ്കിലും ജ്ഞാനവേൽ സാർ ആണെങ്കിലും ഇന്ന് ആ വേദിയിൽ അവാർഡ് വാങ്ങാൻ നിൽക്കുന്നുണ്ട്. അവരുടെ ഒക്കെ കൂടെ സിനിമയിൽ ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു.












Click it and Unblock the Notifications