'ആസൂത്രണം ചെയ്‌തവർ പകൽ വെളിച്ചത്തിലുണ്ട്, അവർ ശിക്ഷിക്കപ്പെടണം, എന്നും അവൾക്കൊപ്പം'; മഞ്ജു വാര്യർ
നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി വന്നതിന് പിന്നാലെ ആദ്യമായി പരസ്യപ്രതികരണം നടത്തി നടി മഞ്ജു വാര്യർ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം. വിഷയത്തിൽ അതിജീവിത തന്നെ തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് അടുത്ത സുഹൃത്ത് മഞ്ജു വാര്യർ ഇപ്പോൾ പ്രതികരിച്ചത്.
കോടതിയോട് ആദരവുണ്ടെന്നും എന്നാൽ നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. കുറ്റം ചെയ്‌തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും അത് ആസൂത്രണം ചെയ്‌തവർ ഇപ്പോൾ പുറത്താണെന്നും മഞ്ജു പറഞ്ഞു. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും മഞ്ജു വാര്യർ ചൂണ്ടിക്കാട്ടി.

മഞ്ജു വാര്യർ പറയുന്നത് ഇങ്ങനെ: ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്‌തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്‌തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ.
പോലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.
അന്നും, ഇന്നും, എന്നും അവൾക്കൊപ്പം
-മഞ്ജു വാര്യർ
അതേസമയം, അതിജീവിതയും നേരത്തെ സമാനമായ രീതിയിൽ സോഷ്യൽ മീഡിയ പോസ്‌റ്റ് പങ്കുവച്ചിരുന്നു. വിധി ന്യായത്തിന് പിന്നാലെ സംഭവവികാസങ്ങൾക്ക് അപ്പുറം വിചാരണക്കോടതിയെ പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് അതിജീവിത കുറിപ്പ് പങ്കുവച്ചത്. വിചാരണക്കോടതിയിൽ വിശ്വാസം നഷ്‌ടപ്പെടാൻ ഉണ്ടായ കാരണം എന്താണെന്ന് കൂടി അവർ കുറിപ്പിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക തന്നെ വേണമെന്നും അതിജീവിത ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications