"മോഹൻലാലിന്റെ അടുത്ത് എത്തിപ്പെടാൻ ഭയങ്കര പാടാണ്, അദ്ദേഹത്തിന് താഴെയുള്ള ചിലരെ മറികടക്കണം"
മലയാളത്തിന്റെ സ്വന്തം സൂപ്പർതാരം മോഹൻലാലിനെ കുറിച്ച് എല്ലാവരും പറയുന്ന പരാതികളിൽ ഒന്നാണ് അദ്ദേഹത്തിന് ചുറ്റുമുള്ള ആളുകളിൽ ചിലരുടെ ഇടപെടൽ. ഇപ്പോഴിതാ അത്തരത്തിൽ സഹപാഠിയായ മോഹൻലാലിനെ കുറിച്ച് ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ വിക്കി തമ്പി. മാസ്‌റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിക്കി തമ്പിയുടെ തുറന്ന് പറച്ചിൽ.
വിക്കി തമ്പിയുടെ വാക്കുകൾ
ഞാനും മോഹൻലാലും ഒരേ കോളേജിൽ ഒരേ സമയത്ത് പഠിച്ചവർ ആയിരുന്നു. ഞാൻ കെമിസ്ട്രി ആയിരുന്നു, പുള്ളി കൊമേഴ്‌സും. അന്ന് അങ്ങനെ മോഹൻലാൽ വലിയൊരു നടൻ ആവും എന്നൊന്നും കരുതിയിരുന്നില്ല. അന്ന് പുള്ളി ഒരു നാടകത്തിൽ അഭിനയിച്ചിരുന്നു. ഞാനും അന്ന് കോളേജിൽ കലാരംഗത്ത് ഒക്കെ പ്രവർത്തിച്ചു ഉണ്ടായിരുന്നതാണ്. അന്ന് പുള്ളി ഒരു നാടകം ചെയ്‌തിരുന്നു, മോഹൻദാസ് എന്ന് പറയുന്നൊരു നാടക നടൻ ഉണ്ടായിരുന്നു. അന്നത്തെ അവിടുത്തെ ബെസ്‌റ്റ് ആക്റ്റർ ആയിരുന്നു അയാൾ.

പുള്ളിയും മോഹൻലാലും കൂടിയാണ് നാടകം ചെയ്‌തത്. ആ കാലഘട്ടത്തിൽ അവർ അവിടെ നാടകം അവതരിപ്പിച്ചിരുന്നു. അതായിരിക്കും ഒരുപക്ഷേ അദ്ദേഹം കോളേജിൽ അവതരിപ്പിച്ച നാടകം, അത് ആരും അധികം പറഞ്ഞു കേട്ടിട്ടില്ല. മോഹൻദാസ് എന്നായിരുന്നു മോഹൻലാലിന്റെ കൂടെ അഭിനയിച്ച ആളുടെ പേര്. അന്ന് ആ നാടകം ഞാനും കണ്ടിരുന്നു. നല്ല നാടകമായിരുന്നു, നല്ല അഭിനയവും തന്നെയായിരുന്നു.
അന്നൊക്കെ വേറൊരു രൂപമായിരുന്നു. മുടിയൊക്കെ നീട്ടിയുള്ള രൂപമായിരുന്നു. ഇപ്പോൾ നമ്മൾ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഒക്കെ കാണുന്ന ഒരു രൂപമുണ്ടല്ലോ അത്. അന്ന് പുള്ളിക്ക് അത്ര ഗൗരവം ഒന്നും ഇല്ലല്ലോ. പക്ഷേ, അദ്ദേഹം ടാലന്റഡ് ആയിരുന്നു. എങ്കിലും ഇത്രയും വലിയൊരു രീതിയിലേക്ക് വരുമെന്ന് ഒന്നും നമ്മൾ വിചാരിച്ചിരുന്നില്ല. അന്ന് കോളേജിൽ പഠിക്കുമ്പോൾ ഒക്കെ ഞങ്ങൾ ഒരുമിച്ചായിരിക്കും തിരിച്ചൊക്കെ വരുന്നത്.
ഒരുപാട് സംസാരിക്കുമായിരുന്നു. ബസിന്റെ ഫുട് ബോർഡിൽ നിന്ന് പോവാൻ വളരെ ഇഷ്‌ടമുള്ള ആളായിരുന്നു മോഹൻലാൽ. അന്ന് ഭയങ്കര രസമായിരുന്നു പുള്ളി. അന്നത്തെ ബന്ധം വച്ചൊരു ഡേറ്റ് ഒക്കെ തന്നുകൂടെ എന്നൊന്നും പറഞ്ഞുകൂടാ. ചിലപ്പോൾ നടക്കുമായിരിക്കും. കാണണം എന്നുണ്ട്, പിന്നെ നല്ലൊരു സബ്‌ജക്റ്റ് ഒന്നും ഇല്ലാതെ നമുക്ക് പോവാൻ കഴിയില്ല. നടൻ ആയ ശേഷം പിന്നെ ഒരുവട്ടവും മറ്റോ ആണ് ആകെ കണ്ടിട്ടുള്ളത്.
അങ്ങനെ ഒരു ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ പുള്ളിയെ കണ്ടു, അന്ന് ചോദിച്ചു പഴയ സ്‌പെൻസർ ജംഗ്‌ഷൻ കാര്യം പറഞ്ഞപ്പോൾ പുള്ളിക്ക് ഓർമ്മയുണ്ട്. പിന്നെ ആ ബന്ധം വച്ച് ഞാൻ പോയിട്ടില്ലെന്ന് മാത്രം. അറിയാം, അവിടെ എത്തുക എന്നുള്ളത് വലിയ പാടാണ്. നല്ല സബ്‌ജക്റ്റ് ഒക്കെ ഉണ്ടെങ്കിൽ എത്തിപ്പെടാൻ കഴിയുമായിരിക്കും. എങ്കിലും നല്ല പാടാണ്, സൂപ്പർസ്‌റ്റാർ ആയ നടന്റെ മൊത്തത്തിൽ ഡേറ്റ് ഒക്കെ നോക്കുന്നത് അവർ അല്ല ശരിക്കും പറഞ്ഞാൽ.
അവരുടെ താഴെയുള്ള ആൾക്കാർ ഉണ്ട്, അവരെയൊക്കെ മറികടന്ന് പോവാൻ ഒരുപാട് പാടാണ്. അത് ഒരുപക്ഷെ നിങ്ങൾക്ക് പറഞ്ഞപ്പോൾ മനസിലായി കാണും. അദ്ദേഹം വളരെ അധികം ഉയരത്തിൽ എത്തുന്നത് സന്തോഷമുള്ള കാര്യമല്ലേ. പിന്നെ നമ്മുടെ കൂടെ വർക്ക് ചെയ്‌ത ആൾക്കാരും നല്ല സംവിധായകർ ഒക്കെയായി എത്തിയിരുന്നു. അതൊക്കെ കാണുമ്പോൾ സന്തോഷമാണ്.
മോഹൻലാലിലേക്ക് എത്താനുള്ള തടസം എന്താണെന്ന് ചോദിച്ചാൽ, പുള്ളിയുടെ മാനസികാവസ്ഥ എന്തെന്ന് നമുക്ക് അറിയില്ലലോ. ജീവന്റെ ജീവൻ എന്ന സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്‌തിരുന്നു. പക്ഷേ അന്നൊക്കെ പത്തും പന്ത്രണ്ടും അസിസ്‌റ്റന്റുമാരാണ്. അതിൽ പലരുടെയും പേര് പോലും ആർക്കും അറിയണമെന്നില്ല.












Click it and Unblock the Notifications