'ഇത് കണ്ടപ്പോ വല്ലാത്ത ഒരു പിടച്ചിൽ'; ശ്രീനിവാസനെ ചേർത്ത് പിടിക്കുന്ന മോഹൻലാൽ, ഓർമ്മകളിൽ ആരാധകർ
മലയാള സിനിമാ മേഖലയിലെ അതികായൻ എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീനിവാസൻ വിടവാങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എങ്കിലും അസുഖബാധിതനായി കഴിഞ്ഞ കുറച്ച് കാലമായി അദ്ദേഹം സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടക്കാലത്ത് ചില സ്‌റ്റേജ് ഷോകളിലും അഭിമുഖങ്ങളിലും ഒക്കെ പങ്കെടുത്ത ശ്രീനിവാസന്റെ വീഡിയോകൾ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിൽ മോഹൻലാൽ, മമ്മൂട്ടി, സത്യൻ അന്തിക്കാട് എന്നിങ്ങനെ അടുത്ത സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും നീണ്ട നിര തന്നെ പങ്കെടുത്തിരുന്നു. ശ്രീനിവാസന്റെ മരണത്തിന് ശേഷവും അദ്ദേഹത്തിന്റെ ഓർമ്മകൾ ഒരിക്കലും മായുന്നില്ലെന്ന് പലകുറി അടിവരയിടുന്നതാണ് ഇപ്പോഴും ശ്രീനിവാസന് ലഭിക്കുന്ന പ്രേക്ഷക പിന്തുണയും സ്വീകാര്യതയും. കേരളീയ സമൂഹത്തിൽ അത്രയധികം ആഴ്ന്നിറങ്ങിയ സിനിമാക്കാരൻ ശ്രീനിവാസൻ മാത്രമായിരിക്കും.

മലയാളി പ്രേക്ഷകരുടെ ഇഷ്‌ട കൂട്ടുകെട്ട് ആയിരുന്നു ശ്രീനിവാസൻ-മോഹൻലാൽ. ഇരുവരും ഒന്നിച്ച സിനിമകളിൽ ഏറെയും മലയാളികൾ കൊണ്ടാടിയവ ആയിരുന്നു. ഒരുപക്ഷേ, ഇന്നത്തെ തലമുറയ്ക്ക് ഒരിക്കലും ബോധ്യപ്പെടാത്ത അത്രയും വലിയ ഇമ്പാക്റ്റ് ഇരുവരുടെയും കൂട്ടുകെട്ട് മലയാളികളിൽ ഉണ്ടാക്കിയിരുന്നുവെന്ന് വേണം പറയാൻ. ഇപ്പോഴിതാ അവസാനമായി മോഹൻലാൽ-ശ്രീനിവാസൻ എന്നിവർ നടത്തിയ കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ആശിർവാദ് സിനിമാസ് ആണ് വൈകാരികമായ ഈ ദൃശ്യങ്ങൾ യൂട്യൂബിലൂടെ പങ്കുവച്ചത്. ശ്രീനിവാസന് ആദരം അർപ്പിച്ചു കൊണ്ടാണ് ഈ വീഡിയോ അവർ പങ്കുവച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ സൂപ്പർഹിറ്റ് ചലച്ചിത്രമായ ഹൃദയപൂർവം ലൊക്കേഷനിലേക്കാണ് മലയാളികളുടെ ശ്രീനി പ്രിയപ്പെട്ട ലാലിനെയും സത്യനെയും ഒരുനോക്ക് കാണാനായി എത്തിയത്.
ശ്രീനിവാസനൊപ്പം ഭാര്യ വിമലയും ഉണ്ടായിരുന്നു. ഇരുവരെയും സത്യൻ അന്തിക്കാടും മകനും സംവിധായകനുമായ അനൂപ് സത്യനും സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. ചിരിപടർത്തിയ അഭിനേതാവിന്, ചിന്തയിലാഴ്ത്തിയ എഴുത്തുകാരന് ഹൃദയപൂർവ്വം എന്ന വരികളോടെയാണ് വീഡിയോ അവസാനിക്കുന്നത്. മോഹൻലാലും ശ്രീനിവാസനും പരസ്‌പരം കുശലം പറയുന്നതും സംസാരിക്കുന്നതും ഒക്കെ വീഡിയോയിൽ ഉണ്ട്.
ഞാൻ ഷോട്ട് എടുത്ത് വരാമെന്ന് മോഹൻലാൽ പറയുമ്പോൾ ശ്രീനിവാസൻ ചിരിക്കുന്നതും കാണാമായിരുന്നു. ഒടുവിൽ സത്യൻ അന്തിക്കാടും മോഹൻലാലും ശ്രീനിവാസനെ ചേർത്ത് പിടിക്കുന്നതും ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നതും കാണാമായിരുന്നു. ഇതിനിടയിൽ പഴയ കാര്യങ്ങൾ സത്യൻ അന്തിക്കാട് ഓർമ്മിപ്പിക്കുന്നതും അദ്ദേഹത്തിന്റെ മകൻ അഖിലിനെ കുറിച്ച് ശ്രീനിവാസൻ ആരായുന്നതും ഒക്കെ വീഡിയോയിലുണ്ട്.
ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. കൂടുതൽ പേരും വൈകാരികമായാണ് ഇതിനോട് പ്രതികരിച്ചത്. ഇതു കണ്ടിട്ട് മനസ്സിന് എന്തോപോലെ എന്നാണ് ഒരു ആരാധകൻ രേഖപ്പെടുത്തിയ കമന്റ്. ദാസനെ തനിച്ചാക്കി വിജയൻ പോയി എന്നാണ് മറ്റൊരാൾ പറയുന്നത്. നല്ല സൗഹൃദങ്ങളിലെ ചെറിയ പിണക്കങ്ങൾ മറക്കാനും പൊറുക്കാനും ഉള്ളതു കൂടിയാണ് എന്നത് ഈ മനോഹരമായ നിമിഷം സമ്മാനിച്ചുകൊണ്ട് മോഹൻലാൽ നമ്മളെ പഠിപ്പിക്കുന്നു.. നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ; എന്നാണ് മറ്റൊരു ആരാധകൻ കുറിക്കുന്നത്.
കൂടുതൽ പേരും ശ്രീനിവാസന്റെ വിടവാങ്ങലിനെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നാണ് പറയുന്നത്. അവർ ഒരിക്കലും വിചാരിച്ചു കാണില്ല അതു അവരുടെ അവസാന കൂടിക്കാഴ്‌ച ആണെന്. പഴയ ആ സ്നേഹം അവർ രണ്ടു പേരിലും കാണാം...ദാസനും വിജയനും......തുടരും എന്നും എപ്പോഴും; മറ്റൊരാൾ കമന്റ് രേഖപ്പെടുത്തി. ഇത് കാണുമ്പോൾ മനസിനകത്ത് വല്ലാത്തൊരു പിടിച്ചില്ലെന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.












Click it and Unblock the Notifications