"നിത്യ മേനോന്റെ അടി കൊണ്ട് കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു, ഷൂട്ടിംഗ് പോലും കാണാതെ ഞാൻ നടനായി"
പ്രിയദർശന്റെ അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ആളാണ് വിവേക് ഗോപൻ. എന്നാൽ ഭൂരിഭാഗം പ്രേക്ഷകർക്കും 'പരസ്‌പരം' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാവും അദ്ദേഹത്തെ പരിചയം. കരിയറിൽ മിനിസ്‌ക്രീനിലും ടെലിവിഷൻ പാരമ്പരകളിലും നിരവധി വേഷങ്ങൾ ചെയ്‌ത അദ്ദേഹം ഇപ്പോഴിതാ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിനോട് ആയിരുന്നു പ്രതികരണം.
വിവേക് ഗോപന്റെ വാക്കുകൾ
ശരിക്കും ഞാൻ സിനിമയിൽ നിന്നാണ് സീരിയലിലേക്ക് വരുന്നത്. അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന സിനിമയിലേക്ക് ഞാൻ വരുന്നത് പ്രിയൻ സാറിന്റെ അസോസിയേറ്റ് ഡയറക്‌ടർ സുരേഷ് എന്ന് പറയുന്ന ആളുണ്ടായിരുന്നു. സുരേഷേട്ടനാണ് എന്നെ അതിലേക്ക് വിളിച്ചത്. അന്ന് ഒരു സീരിയലും സിനിമയും ഒന്നും ചെയ്‌തിട്ടില്ല. അങ്ങനെ ആക്‌ട് ചെയ്യണമെന്ന മോഹമൊന്നും എനിക്കില്ലായിരുന്നു. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മാനേജരായി ഞാൻ വർക്ക് ചെയ്യുകയായിരുന്നു.

ഞാൻ മുൻപ് കേരളത്തിന് വേണ്ടി ഒക്കെ ക്രിക്കറ്റ് കളിച്ചിരുന്നു. ആ സമയത്ത് പിന്നെ കളിയൊക്കെ നിർത്തിയിരുന്നു. കല്യാണമൊക്കെ കഴിച്ച് കൊച്ചൊക്കെ ആയിരുന്നു. അങ്ങനെ സമയം പോവാനായി ഇടയ്ക്ക് ഒരു ക്ലബിൽ കളിയ്ക്കാൻ പോവുമായിരുന്നു. ആ ക്ലബിൽ സംവിധായകൻ പ്രിയദർശൻ സാറിനും ബന്ധമുണ്ടായിരുന്നു. അങ്ങനെ എന്റെ ഫോട്ടോ കണ്ടിട്ട് അവർ വിളിക്കുകയായിരുന്നു.
ആദ്യം അവർ വിളിക്കുമെന്ന് പറഞ്ഞപ്പോൾ എനിക്ക് തമാശയായി തോന്നി. സുരേഷേട്ടൻ ഹൈദരാബാദിലാണ് ഷൂട്ട് എന്നും ടിക്കറ്റ് ഒക്കെ അതിന് രണ്ട് ദിവസം മുൻപ് അയക്കാമെന്നുമൊക്കെ പറഞ്ഞിരുന്നു. പക്ഷേ അവിടെ ഉള്ളവരൊക്കെ ഇടയ്ക്ക് നമ്മളെ ഓരോന്ന് പറഞ്ഞ് പറ്റിക്കുന്നത് കൊണ്ട് ഞാൻ അതൊന്നും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് ഈ സംഭവം ഒന്നും ഞാൻ അത്രയ്ക്ക് സീരിയസ് എടുത്തുമില്ല.
അങ്ങനെ ഷൂട്ട് തുടങ്ങുമെന്ന് പറഞ്ഞതിന്റെ രണ്ട് ദിവസം മുൻപ് എനിക്ക് വിളി വന്നു, ടിക്കറ്റിന്റെ കാര്യത്തിനായി ഒരാൾ വിളിക്കുമെന്ന് പറഞ്ഞു. അങ്ങനെ സുരേഷ് എന്ന് തന്നെ പേരുള്ള മറ്റൊരാൾ വിളിച്ചു. പേരും വയസും മറ്റ് ഡീറ്റെയിൽസും ഒക്കെ ചോദിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഹൈദരാബാദിലേക്കുള്ള ടിക്കറ്റ് അയച്ചു തന്നു. അപ്പോഴാണ് ഇത് കാര്യമാണെന്ന് ഞാൻ അറിയുന്നത്.
അങ്ങനെ ഞാൻ പറഞ്ഞ ദിവസം തന്നെ ഹൈദരാബാദിൽ എത്തി. അവിടെ നിന്ന് നേരെ ഷൂട്ട് നടക്കുന്ന സ്‌റ്റുഡിയോയിലേക്കാണ് പോയത്. റാമോജി ഫിലിം സിറ്റി ആയിരുന്നില്ല, മറ്റൊരു സ്‌റ്റുഡിയോ ആയിരുന്നു. അവിടെ ചെന്നപ്പോൾ പ്രിയൻ സാർ ഒക്കെ ഇരിക്കുന്നുണ്ട്. ലാലേട്ടനെ പരിചയപ്പെട്ടു, മുകേഷേട്ടൻ ഒക്കെയുണ്ടായിരുന്നു. മാമുക്കോയക്ക, ഇന്നസെന്റ് ചേട്ടൻ പിന്നെ ലക്ഷ്‌മി റായ്, ശക്തി കപൂർ ഒക്കെയുണ്ടായിരുന്നു അവിടെ.
എല്ലാവരെയും പെട്ടെന്ന് കണ്ടപ്പോൾ ഞാൻ ശരിക്കും അമ്പരന്നുപോയി. മാമുക്കോയ ഇക്കയുടെ മരുമകൻ ആയിട്ടായിരുന്നു വേഷം, കല്യാണ ചെക്കൻ. അന്ന് ഞാൻ ആരോടും ഈ സിനിമയെ കുറിച്ച് പറഞ്ഞിരുന്നില്ല. ഒരുപക്ഷെ ഇത് കട്ട് ചെയ്‌തു പോവുകയോ മറ്റോ ചെയ്‌താലോ എന്ന് കരുതിയായിരുന്നു അത്. പിന്നെ എന്ന് ഞാൻ ഭാവനയുടെ വലിയ ഫാൻ ആയിരുന്നു. ആ ലൊക്കേഷനിൽ വച്ചാണ് ഞങ്ങൾ കാണുന്നത്. സംസാരിക്കുകയും ചെയ്‌തു.
ആ സിനിമ കഴിഞ്ഞതോടെ വീണ്ടും ഒരെണ്ണത്തിൽ കൂടി അവസരം കിട്ടി. പ്രിയൻ സാർ വിളിച്ചു പറഞ്ഞിട്ടായിരുന്നു അത്. തത്സമയം ഒരു പെൺകുട്ടി എന്ന രാജീവ് കുമാർ സാറിന്റെ സിനിമ ആയിരുന്നു. നിത്യ മേനോനെ ബസിൽ നിന്ന് ശല്യം ചെയ്യുന്ന ആളുടെ വേഷമായിരുന്നു അത്. എന്റെ മുഖത്ത് അടിക്കുന്ന സീനായിരുന്നു. ശരിക്കും നിത്യ മേനോന്റെ കൈയിൽ നിന്ന് അടി കിട്ടിയപ്പോൾ കണ്ണിൽ നിന്ന് പൊന്നീച്ച പാറിപ്പോയിരുന്നു.














Click it and Unblock the Notifications