ഫാർമയിലൂടെ നിവിന്റെ കംബാക്ക്, കേരള ക്രൈം ഫയൽസിലൂടെ ഞെട്ടിച്ച് സീനിയേഴ്‌സ്; 2025ലെ മികച്ച വെബ് സീരീസുകൾ
സിനിമകൾ, സീരിയലുകൾ എന്നിവയിൽ ഉപരി വളരെയധികം പ്രാധാന്യം നേടി വരുന്ന ഒരു മേഖലയാണ് വെബ് സീരീസുകൾ. കഴിഞ്ഞ വർഷങ്ങളിൽ ഇതിന്റെ സ്വാധീനം ശക്തമായി വരികയാണ്. പ്രത്യേകിച്ച് ഒടിടി കാലത്ത് വിവിധ പ്ലാറ്റ്‌ഫോമുകൾ അവരുടേതായ നിലയ്ക്ക് വെബ് സീരീസുകൾ നിർമ്മിച്ച് വരുന്നുണ്ട്. ഈ വർഷവും അതിന് ഒട്ടും കുറവുണ്ടായിട്ടില്ല.
സസ്പെൻസ് ത്രില്ലറുകൾ മുതൽ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആർദ്രമായ പ്രണയകഥകളും വരെ ഈ വർഷം ശ്രദ്ധേയമായ നിലയിൽ ആളുകളിലേക്ക് എത്തി. സമകാലീന കേരളത്തിന്റെ ആഴത്തിലുള്ള ചിത്രീകരണവും ഇവിടെ കാണാനാവും. മികച്ച പ്രകടനങ്ങൾ, മികച്ച തിരക്കഥകൾ, സിനിമാറ്റിക് അവതരണം എന്നിവയിലൂടെ 2025ൽ ഏറ്റവും പ്രേക്ഷക പ്രീതി നേടിയ മികച്ച സീരീസുകൾ ഏതൊക്കെയെന്ന് നോക്കാം.

1. ഫാർമ
നിവിൻ പോളിയുടെ ഡിജിറ്റൽ അരങ്ങേറ്റം കുറിച്ച 'ഫാർമ' ഡിസംബർ 19നാണ് ജിയോഹോട്ട്‌സ്‌റ്റാറിൽ പ്രദർശനത്തിനെത്തിയത്. പിആർ അരുൺ സംവിധാനം ചെയ്‌ത ഈ മെഡിക്കൽ ത്രില്ലർ, ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ജീവന് ഭീഷണിയായ അഴിമതി കണ്ടെത്തുന്ന ഒരു മെഡിക്കൽ റെപ്രസന്റേറ്റിവിനെയും അത് പുറത്തുകൊണ്ടുവരാൻ അയാൾ നടത്തുന്ന ശ്രമങ്ങളെയും ചുറ്റിപ്പറ്റിയാണ്.
ബോളിവുഡ് നടൻ രജത് കപൂർ, ശ്രുതി രാമചന്ദ്രൻ, നരേൻ, വീണ നന്ദകുമാർ, ബിനു പപ്പു, മുത്തുമണി എന്നിവരും ഈ സീരീസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിവിൻ പോളിയുടെയും രജത് കപൂറിന്റെയും ശ്രുതി രാമചന്ദ്രന്റെയും മികച്ച പ്രകടനങ്ങളും മികച്ച മേക്കിംഗും ഈ വെബ്‌സീരീസിനെ നല്ലൊരു ദൃശ്യാനുഭവമാക്കി മാറ്റുന്നു.
2. കേരള ക്രൈം ഫയൽസ് സീസൺ 2
അഹമ്മദ് കബീർ സംവിധാനം ചെയ്‌ത 'കേരള ക്രൈം ഫയൽസ് സീസൺ 2' ആറ് എപ്പിസോഡുകളിലായി അന്വേഷണാത്മക ത്രില്ലർ സീരീസ് ഈ വർഷത്തെ മികച്ച അനുഭവങ്ങളിൽ ഒന്നായിരുന്നു. ബാഹുൽ രമേശ് തിരക്കഥ ഒരുക്കിയപ്പോൾ, മങ്കി ബിസിനസാണ് ഈ സീരീസ് നിർമ്മിച്ചത്. ഹിഷാം അബ്‌ദുൾ വഹാബിന്റേതാണ് സംഗീതം.
അജു വർഗീസും ലാലും പ്രധാന അന്വേഷകരായി തിരികെയെത്തുമ്പോൾ, അർജുൻ രാധാകൃഷ്‌ണൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, ജിയോ ബേബി എന്നിവരും ഈ സീസണിൽ പുതിയതായി കഥാപാത്രങ്ങളാകുന്നു. അതിൽ തന്നെ അർജുൻ രാധാകൃഷ്‌ണന്റെ പ്രകടനവും വില്ലൻ വേഷം കൈകാര്യം ചെയ്‌ത സിറാജിന്റെയും പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
3. ലവ് അണ്ടർ കൺസ്ട്രക്ഷൻ
വിഷ്‌ണു രാഘവ് സംവിധാനം ചെയ്‌ത 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' എന്ന ആറ് എപ്പിസോഡുകളുള്ള മലയാളം വെബ് സീരീസ് നിലവിൽ ജിയോ ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. നീരജ് മാധവ്, അജു വർഗീസ്, ഗൗരി കിഷൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു റൊമാന്റിക് കോമഡി ജോണറിൽ ഒരുക്കിയ ഈ സീരീസ് ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.
സ്വന്തമായി ഒരു വീട് നിർമ്മിക്കുക, താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കുക എന്നിങ്ങനെ ലളിതവും എന്നാൽ വലിയ ആഗ്രഹങ്ങളുമുള്ള ഒരു യുവ എൻആർഐയുടെ കേരളത്തിലേക്കുള്ള മടക്കയാത്രയാണ് ഈ സീരീസ് പറയുന്നത്. ലീഡ് റോളുകളിൽ അഭിനയിച്ചവരുടെ പ്രകടനം കൊണ്ട് കൂടിയാണ് ഈ സീരീസ് നല്ല അഭിപ്രായം നേടിയത്.
4. ദി ക്രോണിക്കിൾസ് ഓഫ് ദ 4.5 ഗ്യാങ്
'ദി ക്രോണിക്കിൾസ് ഓഫ് ദ 4.5 ഗ്യാങ്' ഒരു ക്രൈം-ആക്ഷൻ സീരീസാണ്. തമാശയും ഇരുണ്ട ഹാസ്യവും നിറഞ്ഞ ഈ കഥ, തങ്ങളുടെ സമീപത്തുള്ള ക്ഷേത്രോത്സവം സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ പ്രദേശത്തെ ശക്തരായ ഗുണ്ടാസംഘങ്ങളുമായി ഏറ്റുമുട്ടുന്നതോടെ പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്നതാണ് ഇതിന്റെ ഇതിവൃത്തം.
കൃഷാന്ത് രചിച്ച്, സംവിധാനം ചെയ്‌ത്, നിർമ്മിച്ച ഈ സീരീസിൽ ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ഹാക്കിം ഷാജഹാൻ, ദർശന രാജേന്ദ്രൻ എന്നിവരും സംഘവും അണിനിരക്കുന്നു. ജോമോൻ ജേക്കബ് നിർമ്മിച്ച ഈ സീരീസിന് വിഷ്‌ണു പ്രഭാകറാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിയ്ക്കുന്നത്. സൂരജ് സന്തോഷും വർക്കി സിയും സംഗീതമൊരുക്കിയിട്ടുള്ള ഈ ചിത്രം 2025 ഓഗസ്‌റ്റ് 29നാണ് സോണിലിവിൽ റിലീസ് ചെയ്‌തത്.
5. കമ്മട്ടം
സുദേവ് നായർ പ്രധാന വേഷത്തിൽ എത്തിയ ഈ ആറ് എപ്പിസോഡുകളുള്ള ഇൻവെസ്‌റ്റിഗേറ്റീവ് ത്രില്ലർ വെബ് സീരീസ്, ഓഗസ്‌റ്റ് 29 മുതൽ സീ5-ൽ ലഭ്യമാണ്. തൃശ്ശൂരിലെ ഏറ്റവും വിവാദപരമായ ഒരു സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ സീരീസ്, ധാർമ്മിക പ്രശ്‌നങ്ങൾ, വഞ്ചന, മാനസിക സംഘർഷങ്ങൾ എന്നിവയിൽ വേരൂന്നിയ ഒരു കൊലപാതക രഹസ്യം അനാവരണം ചെയ്യുന്നു. മികച്ചൊരു അനുഭവം തന്നെയാണ് സീരീസ് നിങ്ങൾക്ക് നൽകുക.












Click it and Unblock the Notifications