"പത്മരാജൻ മരിച്ച വാർത്ത കേട്ടപ്പോൾ ഞാൻ ശബ്‌ദിക്കാനാകാതെ നിന്നു, പോയത് മറ്റ് സഹോദരന്മാരെ പോലെ 45ആം വയസിൽ"
മലയാള സിനിമയിലെ തന്നെ പകരം വയ്ക്കാനില്ലാത്ത പ്രതിഭകളിൽ ഒരാളായിരുന്നു പി പത്മരാജൻ. അകാലത്തിൽ പൊലിഞ്ഞുപോയ ആ മഹാപ്രതിഭ സിനിമയിൽ പ്രവർത്തിച്ച ചുരുങ്ങിയ കാലം കൊണ്ട് തന്നെ മറ്റൊരാൾക്കും ഉണ്ടാക്കാൻ സാധിക്കാത്ത അത്രയും ഉയരത്തിൽ ഒരിടം കണ്ടെത്തിയിരുന്നു. പതിനാറ് വർഷത്തെ കരിയറിൽ മുപ്പതിൽ അധികം ചിത്രങ്ങളാണ് തിരക്കഥ ഒരുക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ 35ആം ചരമവാർഷികം.
ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിന്റെ റിലീസ് സമയത്താണ് കോഴിക്കോട് ഒരു ഹോട്ടലിൽ വച്ച് പത്മരാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രം റിലീസ് കഴിഞ്ഞ് രണ്ടാഴ്‌ച തികയും മുൻപേ പത്മരാജൻ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. നാൽപത്തിയഞ്ചാം വയസിൽ ആയിരുന്നു അദ്ദേഹം മരണപ്പെട്ടത്.
ഈ സംഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ ഗായകൻ ജി വേണുഗോപാൽ.

പത്മരാജനുമായുള്ള അടുപ്പത്തെ കുറിച്ചും അദ്ദേഹത്തിന്റെ മരണവാർത്ത ഉണ്ടാക്കിയ ഞെട്ടലിനെ കുറിച്ചുമാണ് വേണുഗോപാൽ മനസ് തുറന്നത്. താൻ ആകാശവാണിയിൽ ജോലി ചെയ്യുന്ന സമയത്താണ് പത്മരാജന്റെ മരണവാർത്ത തേടിയെത്തുന്നതെന്നും അതിന് ഒരാഴ്‌ച മുൻപ് തമ്മിൽ കണ്ടിരുന്നുവെന്നും വേണുഗോപാൽ പറയുന്നു. തന്റെ മറ്റ് രണ്ട് സഹോദരന്മാരെ പോലെ തന്നെ നാൽപത്തിയഞ്ചാം വയസിൽ ആയിരുന്നു പത്മരാജന്റെ മരണവുമെന്ന് വേണുഗോപാൽ പറഞ്ഞു.
ജി വേണുഗോപാലിന്റെ വാക്കുകൾ
ആകാശവാണിയുടെ പടികൾ എന്റെ വല്യമ്മയുടെ കൈകളിൽ തൂങ്ങി കയറിയ നാളുകളിൽ അവിടെ പരിചയപ്പെട്ട രണ്ട് നക്ഷത്ര രാജകുമാരന്മാരായിരുന്നു എംജി രാധാകൃഷ്‌ണൻ ചേട്ടനും പത്മരാജൻ സാറും. രാധാകൃഷ്‌ണൻ ചേട്ടനായിരുന്നു സിനിമാ പിന്നണിയിൽ എന്നെക്കൊണ്ട് ആദ്യ നാലു വരികൾ പാടിച്ചത്. പത്മരാജൻ സാറിന്റെ തൂവാനത്തുമ്പികളും മൂന്നാം പക്കവും ആയിരുന്നു എന്റെ ആദ്യകാല എവർ ഗ്രീൻ ഹിറ്റ്സ് നൽകിയത്.
ഇതുപോലൊരു ജനുവരി 23ന് മുപ്പത്തിയഞ്ച് വർഷങ്ങൾ മുൻപ് തിരുവനന്തപുരം ആകാശവാണിയിൽ പ്രോഗ്രാം എക്‌സിക്യൂട്ടീവായി ജോലി നോക്കുമ്പോൾ പ്യൂൺ മനോഹരൻ ഓടി വന്ന് പറഞ്ഞു. "സാർ ന്യൂസ് സെക്ഷനിലേക്ക് അത്യാവശ്യമായ് വിളിയ്ക്കുന്നു". അവിടെ വാർത്തകൾ വായിക്കുന്ന പ്രതാപൻ ചേട്ടനും ന്യൂസ് എഡിറ്റിറ്റും വിറയ്ക്കുന്ന കരങ്ങളിലേന്തിയ ടെലി പ്രിന്റർ ന്യൂസിലെ കടും നീല ഇംഗ്ലീഷ് അക്ഷരങ്ങൾ " noted cine director and literateur p padmarajan found dead at hotel room in Calicut" കണ്ട് ഞാൻ ശബ്‌ദിക്കാനാകാതെ നിന്നു.
തൊട്ടു മുൻപത്തെ ആഴ്‌ച, ചെന്നൈ രഞ്ജിത് ഹോട്ടലിന്റെ തീൻ മുറിയിലെ ഇരുണ്ട വെളിച്ചത്തിൽ ഭക്ഷണം കഴിഞ്ഞ് രശ്‌മിയുമായി പുറത്തിറങ്ങുമ്പോൾ ഒരു വിളി പുറകിൽ നിന്ന്. "എടാ വേണൂ". അടുത്തു ചെന്നപ്പോൾ പത്മരാജൻ സാർ, ഭരതേട്ടൻ, അന്ന് സാറിന്റെ സംവിധാന സഹായിയായിരുന്ന ജോഷി മാത്യു. എന്റെ ചെവിയിൽ ആ ശബ്‌ദം മുഴങ്ങുന്നത് പോലെ!
അന്ന് ഞങ്ങൾ മൂന്ന് പേർ, ഞാൻ, പെരുമ്പാവൂർ രവീന്ദ്രനാഥ്, നെയ്യാറ്റിൻകര വാസുദേവൻ, മുതുകുളത്തെ ഞവരയ്ക്കൽ തറവാട്ടിലെത്തി. കഥ പറഞ്ഞ് പറഞ്ഞ്, അമ്മ കഥാകാരനാക്കിയ പി പത്മരാജൻ അദ്ദേഹത്തിന്റെ ഞവരയ്ക്കൽ തറവാട്ടിൽ ശാന്തനായ് ഉറങ്ങുന്നു. കൃത്യം നാൽപ്പത്തഞ്ച് വയസിൽ നിത്യതയിൽ വിലയം പ്രാപിച്ച മറ്റ് രണ്ട് സഹോദരങ്ങളെപ്പോലെ, അദ്ദേഹവും യാത്ര മതിയാക്കി മടങ്ങുന്നു. എത്രയോ കഥകളും കാലാകാലങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമകളും അന്ന് അദ്ദേഹത്തിന്റെ ചിതയിൽ എരിഞ്ഞമർന്നു.












Click it and Unblock the Notifications