'നയൻതാരയോട് മതം മാറാനും അഭിനയം നിർത്താനും പ്രഭുദേവ ആവശ്യപ്പെട്ടു, പറ്റില്ലെന്നായിരുന്നു മറുപടി'; സംവിധായകൻ
തമിഴ് സിനിമയെ ഒന്നടങ്കം ഞെട്ടിച്ച പ്രണയമായിരുന്നു നടനും നൃത്തസംവിധായകനും ഒക്കെയായ പ്രഭുദേവയും നയൻതാരയും തമ്മിലുള്ളത്. ഇരുവരുടെയും ബന്ധം വിവാഹത്തിലേക്ക് എത്തുന്നതിന് മുൻപേ ഒഴിവായി പോവുകയായിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
നൃത്തത്തിലൂടെ സിനിമ മേഖല കൈയടക്കിയ ഒരു താര കുടുംബമാണ് നടനും സംവിധായകനും കൊറിയോഗ്രാഫറും നിർമാതാവും ഒക്കെയായ പ്രഭു ദേവയുടേത്. ഇപ്പോൾ തന്റെ പിൻഗാമിയായി മൂത്ത മകൻ ഋഷിദേവയെയും അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ചെന്നൈയിലെ വൈഎംസിഎം ഗ്രൗണ്ടിൽ നടന്ന ഡാൻസ് ഷോയിലൂടെയാണ് പ്രഭുദേവ തന്റെ മകന്റെ ഡാൻസ് അരങ്ങേറ്റം കുറിച്ചുകൊണ്ട് പരിചയപ്പെടുത്തിയത്. അന്ന് വേദിയിൽ അദ്ദേഹം പറഞ്ഞത്, "ഇതൊരു പൈതൃകത്തിന്റെ അഭിനിവേശമാണെന്നാണ്."

ധനുഷ്, വടിവേലു, എസ്ജെ സൂര്യ തുടങ്ങിയവരും, നടിമാരായ മീന, റോജ തുടങ്ങിയ വൻ താരനിരകളും ഈ ഷോയിൽ പങ്കെടുത്തിരുന്നു. അകമ്പടിയോടെ പ്രഭുദേവയോടൊപ്പമാണ് ഋഷിദേവ നൃത്തം ചെയ്‌തത്. അവിടെ തടിച്ചുകൂടിയവൻ ജനാവലി ആർപ്പുവിളിയോടെയും കരഘോഷത്തോടെയും ആണ് ഋഷിയെ വരവേറ്റത്. പ്രഭുദേവയ്ക്ക് രണ്ട് ആൺകുട്ടികളാണ് ഇപ്പോഴുള്ളത്. രണ്ടുപേരും പഠിക്കാൻ അതിസമർത്ഥന്മാരുമാണ്.
എന്നാൽ പ്രഭുദേവയാകട്ടെ പഠനകാലത്ത് പഠിത്തത്തോട് തീരെ താൽപര്യമില്ലാത്ത ആളായിരുന്നു. സ്‌കൂളിലെ പ്രോഗ്രസ് കാർഡ് പലപ്പോഴും വീട്ടിൽ കാണിക്കാൻ ഭയമായിരുന്നു. ആരോടും അധികം സംസാരിക്കാത്ത തലകുനിച്ചു നടക്കുന്ന ഒരു വിദ്യാർത്ഥി ആയിരുന്നു പ്രഭുദേവ. അദ്ദേഹത്തിന്റെ പിതാവിന് ഒരിക്കലും മക്കൾ സിനിമാ രംഗത്തേക്ക് കടന്നുവരരുത് എന്നായിരുന്നു ആഗ്രഹം.
മക്കൾ പഠിച്ച് ഡോക്‌ടറോ എഞ്ചിനീയറോ ഒക്കെ ആവണം എന്നായിരുന്നു ആഗ്രഹം. എന്നാൽ പ്രഭുദേവ ആ കാലത്ത് റൂം അടച്ചിരിക്കുക പതിവായിരുന്നു. വീട്ടുകാർ ഇത് ശ്രദ്ധിച്ചതോടെ ഒരു ദിവസം മാറി നിന്ന് നോക്കുമ്പോൾ മൈക്കിൾ ജാക്‌സന്റെ ഒരു കാസറ്റ് വളരെ ശബ്‌ദം കുറച്ച്, പ്രാക്റ്റീസ് ചെയ്യുന്നതാണ് കണ്ടത്. അപ്പോഴേക്കും മൈക്കിൾ ജാക്‌സന്റെ സെറോക്‌സ് കോപ്പി പോലെയായിരുന്നു അദ്ദേഹം.
ഇന്ദു എന്ന ചിത്രത്തിലാണ് ആദ്യമായി പ്രഭുദേവ നായകനായത്. എന്നാൽ ശങ്കറിന്റെ കാതലനിലൂടെ ആയിരുന്നു അദ്ദേഹം സിനിമയിൽ ശക്തനായത്. പിന്നീട് എല്ലാ നായകന്മാർക്കും അദ്ദേഹം ഒരു ഭീഷണിയായി മാറി. ഇന്ത്യയുടെ മൈക്കിൾ ജാക്‌സൺ എന്ന പേര് അദ്ദേഹത്തിന് ചാർത്തി കിട്ടി. നൂറ് കണക്കിന് പെൺകുട്ടികൾ അദ്ദേഹത്തിനോട് പ്രണയാഭ്യർത്ഥന നടത്തി.
അപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്കൊരു പ്രണയം ഉണ്ടെന്നാണ്. അദ്ദേഹത്തോടൊപ്പം ഗ്രൂപ്പ് ഡാൻസ് കളിച്ചു കൊണ്ടിരുന്ന റംലത്ത് എന്ന പെൺകുട്ടി. അവരും ഒരു നർത്തകി ആയിരുന്നു. പ്രഭുദേവ പേരും പ്രശസ്‌തിയും നേടിയപ്പോഴും തന്റെ പ്രണയിനിയെ കൈവിട്ടില്ല. അന്ന് കുടുംബത്തിന് അതിനോട് എതിർപ്പ് ഉണ്ടായിരുന്നു. പെൺകുട്ടിയുടെ മതമായിരുന്നു പ്രശ്‌നം.
പ്രഭുദേവ ഉറച്ച തീരുമാനത്തിൽ ആയിരുന്നു. അങ്ങനെ വീട്ടുകാരുടെ പിന്തുണയോ ആശിർവാദമോ ഒന്നും ഇല്ലാതെയാണ് കല്യാണം നടന്നത്. അഞ്ച് കുട്ടികൾ വേണമെന്നായിരുന്നു അവർക്ക്. എന്നാൽ മൂന്ന് കുട്ടികളാണ് അവർക്ക് ജനിച്ചത്. നിർഭാഗ്യവശാൽ മൂത്ത ആൺകുട്ടി ക്യാൻസർ ബാധിച്ച് മരിച്ചു. ആ കുട്ടിയുടെ മരണം ജീവിതത്തെ തന്നെ ബാധിച്ചു.
ഈ കാലത്താണ് പ്രഭുദേവ നയൻതാരയുമായി പ്രണയത്തിൽ ആയത്. ഈ പ്രണയം ആരാധകർ കഥകൾ കൊണ്ട് ആഘോഷമാക്കി. പ്രഭുദേവ സംവിധാനം ചെയ്‌ത വില്ല് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഈ പ്രണയം മൊട്ടിട്ടത്. എന്നാൽ ഇത് വിശ്വസിക്കാൻ റംലത്ത് തയ്യാറായില്ല. പിന്നീട് അത് സത്യമാണെന്ന് അറിഞ്ഞതോടെ അവർക്ക് സഹിക്കാൻ ആയില്ല.
അപ്പോഴേക്കും അവർ തമ്മിൽ മാനസികമായി അകന്നിരുന്നു. പിന്നീട് കോടതിയും കേസും ഒക്കെയായി നിറഞ്ഞു നിന്നിരുന്നു. ഒടുവിൽ കോടതി കുട്ടികളെ അമ്മയ്ക്ക് ഒപ്പം വിട്ടു. പ്രഭുദേവ 100 കോടി രൂപയാണ് റംലത്തിന് ജീവനാംശം നൽകിയത്. അതിനിടയിൽ തന്റെ പ്രണയിനി ആയ നയൻതാരയോട് പ്രഭുദേവ മൂന്ന് ഡിമാൻഡുകൾ വച്ചുവെന്നാണ് കേൾക്കുന്നത്.
ഒന്ന് മതം മാറി ഹിന്ദുവായി മാറണം. തന്റെ കുട്ടികളെ വേർതിരിവില്ലാതെ തന്നെ കാണണം, അഭിനയം എന്നന്നേക്കുമായി നിർത്തണം. എന്നാൽ അഭിനയം നിർത്താൻ ആവില്ലെന്നാണ് നയൻതാര പറഞ്ഞത്. അതോടെ ആ പ്രണയത്തിന് എന്നന്നേക്കുമായി തിരശീല വീണു. പിന്നീടാണ് നയൻതാര സംവിധായകൻ വിഘ്നേഷ് ശിവനുമായി പ്രണയത്തിൽ ആവുന്നതും കല്യാണം കഴിക്കുന്നതും.












Click it and Unblock the Notifications