'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്‌പരം മിസ് ചെയ്‌തു'; ലിസിയെ കുറിച്ച് പ്രിയദർശൻ
മലയാളത്തിലെ ഒരുകാലത്തെ ഏറ്റവും വലിയ താരജോഡികൾ ആയിരുന്നവരാണ് പ്രിയദർശനും ലിസിയും. പ്രിയനും ലിസിയും സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ഇരുവരുടെയും വിവാഹം നടന്നത്. ലിസി അക്കാലത്ത് ഏറ്റവുമധികം അഭിനയിച്ചിരുന്നത് ആവട്ടെ പ്രിയദർശൻ സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ ആയിരുന്നു. പലതിലും നായികാ പ്രാധാന്യമുള്ള വേഷങ്ങളിൽ ആയിരുന്നു ലിസി അഭിനയിച്ചിരുന്നതും.
ഇതോടെയാണ് ഇരുവരും പ്രണയത്തിൽ ആവുന്നതും വിവാഹത്തിലേക്ക് എത്തിയതും. ഇരുവരുടെയും സംഭവ ബഹുലമായ പ്രണയത്തിന് ശേഷം വിവാഹത്തോടെ ലിസി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അതും കരിയറിന്റെ അത്യുന്നതിയിൽ നിൽക്കുന്ന വേളയിലായിരുന്നു ലിസിയുടെ പിന്മാറ്റം. പിന്നീട് ഇതുവരെ ലിസി സിനിമയിൽ ഒരു കൈ നോക്കിയിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.

അതിന് ശേഷം ഏതാണ്ട് മൂന്ന് പതിറ്റാണ്ട് കാലത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുകൊണ്ട് ഇരുവരും വേർപിരിഞ്ഞിരുന്നു. അന്ന് ആരാധകർ വലിയ രീതിയിൽ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്‌തു. മാതൃകാ ദമ്പതികളായി കഴിഞ്ഞിരുന്ന ഇരുവരുടെയും വേർപിരിയൽ വലിയ രീതിയിൽ ആരാധകരുടെ ഇടയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. അന്ന് പക്ഷേ ഇരുവരും അക്കാര്യത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ വേർപിരിയാൻ ഉണ്ടായ കാരണത്തെ കുറിച്ച് വിശദീകരിക്കുകയാണ് പ്രിയദർശൻ. അടുത്തിടെ ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിരുന്നു. വിവാഹത്തെ കുറിച്ച് പദ്ധതി ഒന്നുമില്ലെന്നും ഒരുമിച്ച് ജീവിക്കാനാണ് ഇഷ്‌ടപ്പെടുന്നതെന്നും പ്രിയൻ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മക്കളുടെ ഇടപെടൽ കാരണമാണ് ഇപ്പോൾ ഇരുവരും ഒന്നിക്കുന്നതെന്നും ആ സമയം പ്രിയപ്പെട്ട സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.
പ്രിയന്റെ വാക്കുകൾ: മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്ക് ഇടയിൽ വന്നു. അത് കുറച്ച് കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. എന്നാൽ കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്‌പരം മിസ്സ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ കാര്യം. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്.
അതിനിടെ പ്രമുഖ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും കൈകോർത്ത് എത്തിയത് മുതൽ ഇരുവരുടെയും ഒന്നിക്കലിനെ കുറിച്ച് ചർച്ചകൾ സജീവമായിരുന്നു. മാർച്ച് 16-ന് ലിസിയുടെ ചെന്നൈ സ്‌റ്റുഡിയോയിൽ വച്ച് എടുത്ത ഫോട്ടോയിൽ ആവട്ടെ മെഗാസ്‌റ്റാർ മമ്മൂട്ടിക്ക് ഒപ്പം ലിസിയും പ്രിയദർശനും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ സജീവമായത്.
പത്ത് വർഷത്തിന് ശേഷമാണ് പ്രിയദർശനും ലിസിയും വീണ്ടും ഒരുമിച്ചിരിക്കുന്നത്. മകൾ കല്യാണിയുടെ സിനിമ സർവകാല റെക്കോർഡ് ഭേദിച്ച് മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി മാറിയ സമയത്താണ് ഈ സന്തോഷവും കുടുംബത്തെ തേടി എത്തുന്നത്. ലിസി നേരത്തെ ചെന്നൈയിലെ സ്‌റ്റുഡിയോ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ പിന്നാലെ ആയിരുന്നു. നിലവിൽ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്.












Click it and Unblock the Notifications