"എട്ട് വർഷമായി അവസരം കിട്ടുന്നില്ലെന്ന് എആർ റഹ്മാൻ പറയുന്നു, കേരള സ്‌റ്റോറി ഭിന്നത ഉണ്ടാക്കി"
ബോളിവുഡിലെ അധികാരമാറ്റവും അതിന് ശേഷം തനിക്ക് കഴിഞ്ഞ എട്ട് വർഷമായി നേരിടേണ്ടി വരുന്ന അവഗണനയും കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകൻ എആർ റഹ്മാൻ തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഈശ്വർ. എആർ റഹ്മാനെ പോലെയൊരു പ്രതിഭയ്ക്ക് അങ്ങനെ തോന്നലുണ്ടായെങ്കിൽ അത് പരിഹരിക്കേണ്ടത് രാഷ്ട്രമാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ
ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീത സംവിധായകൻ ആരാണ്? സംശയം ഒന്നും വേണ്ട അള്ളാ രാഖ റഹ്മാൻ എന്ന എആർ റഹ്മാൻ ആണ് അതിലൊരാൾ. ആ എആർ റഹ്മാന്റെ ഒരു പ്രസ്‌താവന രാജ്യവ്യാപകമായി പ്രചരിക്കുന്നുണ്ട്. അദ്ദേഹമാണ് വന്ദേ മാതരം വീണ്ടും ജനകീയമാക്കിയത്. പ്രത്യേകിച്ച് എന്റെ ഒക്കെ ജനറേഷനെ മാ തുജേ സലാം പാടിച്ച് രാജ്യസ്നേഹത്തിന്റെ ആവേശത്തിൽ എത്തിച്ചത് എആർ റഹ്മാൻ ആണ്.

ജനിച്ചത് ദിലീപ് എന്ന പേരിൽ ഹിന്ദുവായി, പിന്നീട് ജീവിതം കൊണ്ട് മുസ്ലിമായി. കഴിഞ്ഞ കൊറേ വർഷങ്ങളായി, എട്ട് വർഷത്തോളമായി അവസരം ഒന്നും കിട്ടുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ആ റഹ്മാന്റെ പ്രസ്‌താവനയാണ് നമ്മൾ പരിശോധിക്കുന്നത്. ദേശീയ മാധ്യമങ്ങൾ അടക്കം വലിയ പ്രാധാന്യത്തോടെയാണ് ഈ വാർത്ത കൊടുത്തത്. ബോളിവുഡിലെ അധികാര മാറ്റത്തെ കുറിച്ച് എആർ റഹ്മാൻ സംസാരിക്കുകയുണ്ടായി.
വളരെ മയപ്പെടുത്തി, ആരെയും വേദനിപ്പിക്കാതെ വിഷമിപ്പിക്കാതെയാണ് അദ്ദേഹം പറയുന്നത്. വർഗീയമായ, മുസ്ലീം വിരോധത്തിന്റെ കൂടി അടിസ്ഥാനത്തിൽ ആയിരിക്കാം അദ്ദേഹം അത് പറയുന്നത്. ഓസ്‌കാർ വിന്നറായ ഒരു മനുഷ്യനാണ് അത് പറയുന്നത്. ഒന്ന് ആലോചിച്ചു നോക്കണം. നമുക്ക് വേണ്ടി ഓസ്‌കാർ നേടിയിട്ടുള്ളത് എആർ റഹ്മാനും റസൂൽ പൂക്കുട്ടിയും ആണ്.
ഞാൻ ഓംകാരത്തിന്റെ നാട്ടിൽ നിന്ന് വരുന്നതാണെന്നാണ് റസൂൽ പൂക്കുട്ടി ഓസ്‌കാർ വേദിയിൽ പറഞ്ഞത്. ബഹുസ്വരതയും മതസൗഹാർദ്ദവും എന്നും ഉയർത്തി പിടിച്ചിട്ടുള്ളവരാണ് നമ്മുടെ കലാകാരൻമാർ. ആ എആർ റഹ്മാന് പോലും അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അങ്ങനെ തോന്നിപ്പിക്കാതിരിക്കാനുള്ള ഉത്തരാദിത്തം നമ്മുടെ സ്‌റ്റേറ്റിനാണ്, രാജ്യത്തിനാണ്, രാഷ്ട്രത്തിനാണ്.
നമ്മുടെ നാട്ടിൽ ന്യൂനപക്ഷമായ മുസ്ലീം വിഭാഗത്തിന് എതിരെ അക്രമം നടക്കുന്നു എന്ന് പറയുന്നതിൽ കാര്യമുണ്ട്. അത് നമ്മൾ നിഷേധിച്ചിട്ടോ കണ്ണടച്ച് ഇരുട്ടാക്കിയിട്ടോ കാര്യമില്ല. ജിന്നയുടെ മകൾ പോലും പാകിസ്ഥാനിലേക്ക് പോയിട്ടില്ല. പാകിസ്ഥാൻ എന്നൊരു രാജ്യം ഉണ്ടായിട്ടും അവിടേക്ക് പോവാതെ ഇന്ത്യയിൽ നിൽക്കണം എന്ന് തീരുമാനിച്ചതാണ് ഇവിടുത്തെ മുസ്ലിങ്ങൾ.
അങ്ങനെ നല്ല രീതിയിൽ മുന്നോട്ട് പോവാൻ യോജിപ്പുണ്ടാവണം. അവിടെയാണ് എആർ റഹ്മാന്റെ നന്മ നമ്മൾ കാണേണ്ടത്. ഗാന്ധി വേഴ്‌സസ് ഗോഡ്‌സെ എന്ന സിനിമക്ക് പോലും സംഗീതം നൽകിയത് അദ്ദേഹമാണ്. ആ സിനിമക്ക് പോലും വാല്യൂ കിട്ടിയത് എആർ റഹ്മാൻ വന്ന ശേഷമാണ്. അങ്ങനെയുള്ള വ്യക്തിക്ക് വർഗീയത തോന്നിയെങ്കിൽ അങ്ങനെയല്ലെന്ന് കൺവിൻസ് ചെയ്യേണ്ട ഉത്തരവാദിത്തം ഇന്ത്യൻ ജനതയ്ക്കാണ്.
പലപ്പോഴും ബോളിവുഡ് മുസ്ലീം വിരുദ്ധ പ്രൊപ്പഗണ്ടയിലേക്ക് പോയിട്ടുണ്ടെന്നത് സത്യമാണ്. അവിടെയും ഇവിടെയും നടക്കുന്ന സംഭവങ്ങളെ പാർവതീകരിച്ച്, അതിഭീകരമായ ഊതി വീർപ്പിച്ച് ജനങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. മൂന്ന് പേരുടെ കഥ മുപ്പത്തി അയ്യായിരം പേരുടെ കഥ ആക്കിയ കേരള സ്‌റ്റോറി പോലെയോ, മുസ്ലീം വിരോധമായി കശ്‌മീരി പണ്ഡിറ്റുകളുടെ കഥ ഉപയോഗിക്കുന്നത് പോലെയോ ആണത്.
നമ്മുടെ നാട്ടിലെ തീവ്ര ഹിന്ദുത്വ വാദികൾ പലതും ഉപയോഗിക്കുന്നത് മുസ്ലിങ്ങളെ അടിക്കാനുള്ള വടി ആയിട്ടാണ്. സാമുദായികത വേണം, പക്ഷേ വർഗീയത എന്ന് പറയുന്നത് പരസ്‌പര വിദ്വേഷമാണ്. അത് ഇല്ലാതാവട്ടെ. എആർ റഹ്മാന്റെ വാക്കുകൾ കേട്ടപ്പോൾ ശരിക്കും വിഷമം തോന്നി. അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്.












Click it and Unblock the Notifications