തെന്നിന്ത്യൻ നായിക സാമന്ത വിവാഹിതയായി; വരൻ രാജ് നിദിമോരു, ചിത്രങ്ങൾ പങ്കുവച്ച് താരം
കോയമ്പത്തൂർ: തെന്നിന്ത്യൻ സൂപ്പർതാരം സാമന്ത റൂത്ത് പ്രഭു വിവാഹിതയായി. സംവിധായകൻ കൂടിയായ രാജ് നിദിമോരുവാണ് വരൻ. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ഒരു ചടങ്ങിൽ തിങ്കളാഴ്‌ച രാവിലെയാണ് ഇരുവരും വിവാഹിതരായത്. സാമന്ത തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാവർക്കുമായി പങ്കുവച്ചിരിക്കുന്നത്.
ഏറെനാളായി ഇരുവരും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനെ ശരിവച്ചുകൊണ്ട് ഇവർ വിവാഹിതരാവുമെന്ന് റിപ്പോർട്ടുകളും വന്നിരുന്നു. അതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി വിവാഹ വാർത്ത എത്തുന്നത്. ഈശ യോഗ സെന്ററിനുള്ളിലെ ലിങ് ഭൈരവി ക്ഷേത്രത്തിൽ പുലർച്ചെയാണ് വിവാഹം നടന്നതെന്നാണ് വിവരം.

ചടങ്ങ് വളരെ ലളിതമായി നടത്തിയതായിരുന്നുവെന്നും, ചടങ്ങുകൾക്ക് 30 അതിഥികൾ മാത്രമേ സാക്ഷ്യം വഹിച്ചുള്ളൂവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവാഹ വേളയിൽ സാമന്ത പരമ്പരാഗതമായ ചുവന്ന സാരിയാണ് ധരിച്ചിരുന്നത്. അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വൈറലാവുകയാണ്. ഹിന്ദു മതാചാരപ്രകാരമാണ് സാമന്തയുടെയും രാജ് നിദിമോരുവിന്റേയും വിവാഹം നടന്നത്.
ഞായറാഴ്‌ച രാത്രി വൈകിയാണ് ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. പിന്നീട് നവദമ്പതികളെന്ന നിലയിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സാമന്ത ഇൻസ്‌റ്റഗ്രാമിൽ തന്റെ വിവാഹം സ്ഥിരീകരിച്ചുകൊണ്ട് രംഗത്ത് വന്നതോടെയാണ് മണിക്കൂറുകൾ നീണ്ട സസ്പെൻസിന് അവസാനമായിരിക്കുന്നത്.
മാത്രമല്ല ഇതിനിടയിൽ സസ്പെൻസ് ഉയർത്തി കൊണ്ട് രാജ് നിദിമോരുവിന്റെ ആദ്യഭാര്യ ശ്യാമാലി ദേ ഇൻസ്റ്റാഗ്രാമിൽ ഒരു നിഗൂഢ പോസ്‌റ്റ് പങ്കുവച്ചതും ഇതിന് കാരണമായി. 'നിരാശരായ ആളുകൾ നിരാശ അടങ്ങിയ കാര്യങ്ങൾ ചെയ്യുന്നു' എന്നായിരുന്നു അവർ പോസ്‌റ്റിൽ കുറിച്ചത്. 2022 ൽ ഇരുവരും വിവാഹമോചനം നേടിയതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രൊഫഷണലായി ദി ഫാമിലി മാൻ 2 (2021) മുതലുള്ളതാണ് ഇരുവരുടെയും ബന്ധം. സാമന്തയുടെ ഡിജിറ്റൽ അരങ്ങേറ്റത്തെ അടയാളപ്പെടുത്തിയ വെബ് സീരീസ് കൂടിയായിരുന്നു ഇത്. രാജ് & ഡികെ എന്ന പേരിൽ സംവിധാനം ചെയ്‌ത ഈ സീരീസിലെ രാജ് ആണ് സാമന്തയുടെ ഇപ്പോഴത്തെ ഭർത്താവ്. നിരവധി ഹിറ്റ് വെബ് സീരീസുകൾ സംവിധാനം ചെയ്‌ത കൂട്ടുകെട്ട് കൂടിയായിരുന്നു ഇത്.
സാമന്ത മുമ്പ് നടൻ നാഗ ചൈതന്യയെ വിവാഹം ചെയ്‌തിരുന്നു. അവരുടെ വിവാഹ ബന്ധത്തിന് നാല് വർഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദമ്പതികൾ 2021ൽ വേർപിരിഞ്ഞു, പിന്നീട് നാഗചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം കഴിച്ചു. മറുവശത്ത്, രാജ് നിദിമോരു ശ്യാമാലി ഡെയെ വിവാഹം കഴിച്ചിരുന്നു. ഇവർ മൂന്ന് വർഷം മുൻപ് ബന്ധം വേർപെടുത്തി.












Click it and Unblock the Notifications