"വടിവേലുവിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് ആ നടി പരാതി പറഞ്ഞു, വിജയകാന്ത് മരിച്ചിട്ടും അന്ന് കാണാൻ പോയില്ല"
തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹാസ്യ താരങ്ങളിൽ ഒരാളായിരുന്നു വടിവേലു. എങ്കിലും ഇടക്കാലത്ത് പല കാരണങ്ങൾ കൊണ്ട് അദ്ദേഹം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. അടുത്തിടെയാണ് വീണ്ടും സജീവമായത്. പാവപ്പെട്ട കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന വടിവേലു പക്ഷെ വന്നവഴി മറന്നുവെന്നാണ് സിനിമയിൽ നിന്ന് പരക്കെയുള്ള ആക്ഷേപം. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ആലപ്പി അഷ്‌റഫ്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ഒരുകാലത്ത് തമിഴ് സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു വടിവേലു. അക്കാലത്ത് വടിവേലു ഇല്ലാത്ത തമിഴ് സിനിമകൾ അന്ന് കുറവായിരുന്നു. വടിവേലുവിന് കേരളത്തിലും ധാരാളം ആരാധകർ ഉണ്ടായിരുന്നു. അതിനിടയിൽ സിനിമയിൽ തിരക്കേറിയ സമയത്ത് വടിവേലുവിന് കുറച്ച് നാൾ അതിൽ നിന്നും മാറിനിൽക്കേണ്ടി വന്നിരുന്നു. അതിന് കാരണം രാഷ്ട്രീയ പ്രവേശനമായിരുന്നു. വടിവേലു രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ പലരെയും മോശമായ രീതിയിൽ സംസാരിച്ചു.

അക്കൂട്ടത്തിൽ ഏറ്റവും അവമതിപ്പ് ഉണ്ടാക്കുന്ന കാര്യമായിരുന്നു അദ്ദേഹം പ്രതിസന്ധി ഘട്ടത്തിൽ ആയിരുന്നപ്പോൾ കൈ പിടിച്ചുയർത്തി ക്യാപ്റ്റൻ വിജയകാന്തിനെതിരായ പരാമർശങ്ങൾ. പലവേദികളിലും വിജയകാന്തിനെ കുറിച്ച് അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു വടിവേലുവിന്റെ സംസാരം. വിജയകാന്ത് മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന് തൊട്ടടുത്ത് താമസിച്ചിരുന്ന വടിവേലു ആ മൃതദേഹം ഒന്ന് കാണാൻ പോലും കൂട്ടാക്കിയില്ല.
രാഷ്ട്രീയക്കാരനായി മാറിയ ശേഷം അദ്ദേഹത്തിൽ നിന്നുണ്ടായ വാക്കുകൾ പല ഉന്നതന്മാരെയും പരിഹസിക്കുന്നതായിരുന്നു. ഡിഎംകെയ്ക്ക് വേണ്ടി ആയിരുന്നു അന്ന് വടിവേലു പ്രവർത്തിച്ചിരുന്നത്. എന്നാൽ ആ തിരഞ്ഞെടുപ്പിൽ ഡിഎംകെ ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. പിന്നീട് വന്നത് ജയലളിതയുടെ ഭരണകാലമായിരുന്നു. അപ്പോൾ വടിവേലുവിന്റെ പൊടിപോലും കാണാൻ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അദ്ദേഹം കുറേ നാൾ സിനിമയിൽ നിന്ന് വിട്ടുനിന്നത്.
എന്നാൽ ജയലളിതയുടെ മരണശേഷം അവരുടെ പാർട്ടി കുട്ടിച്ചോറായപ്പോൾ വീണ്ടും ഡിഎംകെ അധികാരത്തിൽ എത്തി. അതോടെ വടിവേലുവിന്റെ നല്ല കാലവും വന്നെത്തി. സ്‌റ്റാലിന്റെ സിനിമാ കമ്പനി നിർമ്മിച്ച മാമന്നൻ എന്ന സിനിമയിലൂടെ വീണ്ടും വടിവേലു വൻ തിരിച്ചുവരവ് നടത്തി. ആ നന്ദി സൂചകമെന്നോണം ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാവുകയാണ് അദ്ദേഹം.
അൽപ്പം ഡോസ് കുറച്ചിട്ടാണെങ്കിലും വിജയ്‌യെ ഒക്കെ വിമര്ശിക്കുന്നുണ്ട്. വിജയ് അൽപ്പസ്വൽപ്പം രാഷ്ട്രീയമൊക്കെ പഠിച്ചിട്ട് വേണം ഇതിലേക്ക് ഇറങ്ങാൻ എന്നൊക്കെ പറയുന്നുണ്ട്. ഇന്ന് ഡിഎംകെയെ എതിരിടാൻ ശക്തി ക്ഷയിച്ച കുറച്ച് പാർട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. ജയലളിതയുടെ പാർട്ടി ഒക്കെ പല്ല് കൊഴിഞ്ഞ സിംഹമായി. വിജയ്‌യുടെ പാർട്ടിയെ കുടുംബം തന്നെ തകർത്തു കഴിഞ്ഞു.
വടിവേലുവിന് എതിരെ ഒരു നടി ഗുരുതര ആരോപണമാണ് അടുത്തിടെ നടത്തിയത്. തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമർ കോമഡി വേഷങ്ങളിലൂടെ തിളങ്ങിയ സോന ഹെയ്‌ഡനാണ് അത്. കുസേലൻ എന്ന സിനിമയിൽ വടിവേലുവിന്റെ ഭാര്യയായി അഭിനയിച്ചിരുന്നു. എന്നാൽ അവർ പിന്നീട് അതിന് മുതിർന്നിരുന്നില്ല. അദ്ദേഹത്തോട് ഒപ്പം മുന്നോട് പോവാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്.
ചില കാര്യങ്ങൾ പൊതുവേദിയിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും അവർ പറഞ്ഞിരുന്നു. വടിവേലു കാരണം അഭിനയജീവിതം പൂർണമായി ഉപേക്ഷിക്കാൻ വരെ തയ്യാറെടുത്തിരുന്നുവെന്നും അവർ പറയുന്നു. വളരെ താഴ്ന്ന, സാമ്പത്തിക ശേഷി ഇല്ലാത്ത കുടുംബത്തിൽ നിന്ന് ഭാഗ്യം കൊണ്ടും മറ്റുള്ളവരുടെ സഹായം കൊണ്ടും ഈ നിലയിലേക്ക് എത്തിയ ആളാണ് വടിവേലു. എന്നാൽ പണവും പ്രശസ്‌തിയും വന്നപ്പോൾ സ്വഭാവരീതികളിൽ അടിമുടി മാറ്റം വരുത്തുകയുണ്ടായി.
അഹങ്കാരവും അഹന്തയും ഒക്കെ തലയ്ക്ക് പിടിച്ചതോടെ വടിവേലു വന്ന വഴി മറന്നുവെന്നാണ് സിനിമയിൽ പരക്കെയുള്ള അഭിപ്രായം. പ്രശസ്‌ത നടൻ ജയമണി വടിവേലുവിനെ കുറിച്ച് പറയുന്നുണ്ട്, വടിവേലു ഒരു അഹങ്കാരി ആണെന്ന്. തമിഴിൽ കാലി കസേരകൾ ചുറ്റും കിടന്നാലും താരമൂല്യം അനുസരിച്ച് നിലത്ത് ഇരിക്കേണ്ടി വരാറുണ്ട്.












Click it and Unblock the Notifications