വമ്പൻ ഹൈപ്പിൽ വന്നു പൊട്ടിപ്പൊളിഞ്ഞുപോയ പടങ്ങളുമുണ്ട് 2025ൽ; പട്ടികയിൽ ആ മമ്മൂട്ടി ചിത്രവും..!
ഈ വർഷം അവസാന ദിനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. പലവിധ ചിത്രങ്ങൾ ഇക്കുറി പ്രദർശനത്തിന് എത്തിയിരുന്നു. നിർമ്മാതാക്കളുടെ സംഘടന പറയുന്നത് അനുസരിച്ച് ഏകദേശം 180ലധികം ചിത്രങ്ങളാണ് ഈ വർഷം ഇതുവരെ തിയറ്ററിൽ എത്തിയത്. എങ്കിലും അവയിൽ ഭൂരിഭാഗവും പരാജയത്തിന്റെ കയ്പ്പ് നീര് അനുഭവിച്ചറിഞ്ഞവ ആയിരുന്നു.
മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ പിറന്നെങ്കിലും, എല്ലാ ചിത്രങ്ങൾക്കും പ്രേക്ഷക പ്രീതി നേടാനായില്ല എന്നതാണ് വാസ്‌തവം. വമ്പൻ താരനിരയും അന്യായ ഹൈപ്പും റിലീസിന് മുമ്പുള്ള വലിയ പ്രചാരണങ്ങളും ഉണ്ടായിരുന്നിട്ടും, ചില പ്രധാന സിനിമകൾക്ക് ബോക്‌സ് ഓഫീസിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം ബോക്‌സ് ഓഫീസിൽ തിരിച്ചടി നേരിട്ട അഞ്ച് പ്രധാന മലയാള ചിത്രങ്ങളെ കുറിച്ച് അറിയാം.

ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്‌ത 'ഓടും കുതിര ചാടും കുതിര' ഈ വർഷത്തെ പ്രധാന പരാജയങ്ങളിലൊന്നാണ്. കല്യാണി പ്രിയദർശൻ നായികയായ ഈ ചിത്രം, റിലീസിനുമുമ്പ് വലിയ ഹൈപ്പ് നേടിയിരുന്നു. പ്രത്യേകിച്ച് അൽത്താഫിന്റെ ഞണ്ടുകളുടെ നാട്ടിൽ വലിയ സ്വീകാര്യത നേടിയ ചിത്രം ആയതിനാൽ തന്നെ. എന്നാൽ, ശക്തമായ താരനിരയുണ്ടായിട്ടും ബോക്‌സ് ഓഫീസിൽ സ്വാധീനമുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചില്ല.
അർജുൻ അശോകൻ പ്രധാന വേഷത്തിലെത്തിയ 'എന്ന് സ്വന്തം പുണ്യാളൻ' ഈ വർഷം ആദ്യം തിയേറ്ററുകളിലെത്തിയത്. ആകർഷകമായ പ്രമേയവും വാഗ്‌ദാനം ചെയ്യുന്ന പ്രൊമോകളും കാരണം വലിയ പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷെ, ദുർബലമായ വൈകാരിക തലവും മന്ദഗതിയിലുള്ള ആഖ്യാനവും സമ്മിശ്ര പ്രതികരണത്തിന് കാരണമായി. ഇത് വാണിജ്യപരമായി വലിയ പരാജയമായി മാറുകയും ചെയ്‌തിരുന്നു.
ആന്റണി വർഗീസിന്റെ 'ഡേവിഡ്' ശക്തമായ ഹൈപ്പും വേറിട്ട പ്രമേയത്തോടും കൂടിയാണ് തിയേറ്ററിലെത്തിയത്. എന്നാൽ, ചിത്രം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. കെട്ടുറപ്പില്ലാത്ത തിരക്കഥയും പ്രേക്ഷകരെ ആകർഷിക്കുന്ന നിമിഷങ്ങളുടെ അഭാവവും തിരിച്ചടിയായി. സാങ്കേതികമായി മികച്ചതായിട്ടും ബോക്‌സ് ഓഫീസിൽ നിരാശാജനകമായ പ്രകടനമാണ് സിനിമ കാഴ്‌ച വച്ചത്.
മമ്മൂട്ടി ചിത്രമായ ബസൂക്കയ്ക്കും കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. വമ്പൻ ഹൈപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫിസിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാതെ വീഴുകയായിരുന്നു. എന്ന് മാത്രമല്ല ചിത്രത്തിന്റെ തിയേറ്റർ റൺ കഴിഞ്ഞെങ്കിലും ഒടിടിയിൽ അതിന് ഇതുവരെ റിലീസ് കിട്ടിയിട്ടില്ല.
ഒരു ഗംഭീര ത്രില്ലർ ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന 'ഐഡന്റിറ്റി', സ്ഥിരതയില്ലാത്ത ആഖ്യാനവും ഉദ്വേഗമില്ലായ്‌മയും കാരണം പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. ശക്തമായ താരനിരയും സ്‌റ്റൈലിഷ് മേക്കിംഗും ഉണ്ടായിട്ടും, പ്രേക്ഷകരുടെ താൽപ്പര്യം നിലനിർത്താൻ ചിത്രത്തിന് കഴിഞ്ഞില്ല. ഇതോടെ പ്രധാന ബോക്‌സ് ഓഫീസ് പരാജയങ്ങളിൽ ഒന്നായി ഇത് മാറി.












Click it and Unblock the Notifications