സീ ടിവിയുടെ ക്രോര്‍പതി പതിപ്പ് ഒക്ടോബര്‍ 23 മുതല്‍
സ്റാര്‍ ടിവിയിലെ കോന്‍ ബനേഗാ ക്രോര്‍പതിയെ വെല്ലാന്‍ സീ ടീവി അതേ മാതൃകയില്‍ ഒരുക്കുന്ന സവാല്‍ ദസ് ക്രോര്‍ കാ ഒക്ടോബര്‍ 23 തിങ്കളാഴ്ച ആരംഭിക്കും. അനുപംഖേര്‍ അവതരിപ്പിക്കുന്ന പരിപാടി 8.30നാണ് ആരംഭിക്കുന്നത്. ഒരു മണിക്കൂറാണ് പരിപാടിയുടെ ദൈര്‍ഘ്യം.
കോന്‍ ബനേഗാ ക്രോര്‍പതി ആഴ്ചയില്‍ നാല് ദിവസമാണെങ്കില്‍ സീ ടിവിയുടെ പരിപാടി ആഴ്ചയില്‍ മൂന്ന് ദിവസമാണ്. എല്ലാ ആഴ്ചയും തിങ്കള്‍, ചൊവ, വ്യാഴം ദിവസങ്ങളില്‍.
കോന്‍ ബനേഗാ ക്രോര്‍പതി അസാമാന്യമായ ജനപ്രീതി നേടിയത് ചുരുങ്ങിയ സമയം കൊണ്ടാണ്. അതിനെ വെല്ലാന്‍ അതേ മാതൃകയിലുള്ള അനുകരണങ്ങള്‍ ഇറക്കിയാല്‍ മതിയാവില്ല എന്ന് പരിപാടിയുടെ വിജയം കണ്ട് അമ്പരന്നിരിക്കുന്ന മറ്റ് ചാനലുകള്‍ക്കറിയാം. കാരണം കോന്‍ ബനേഗാ ക്രോര്‍പതിയുടെ അവതാരകന്‍ സാക്ഷാല്‍ അമിതാഭ് ബച്ചനാണ്.
എങ്കിലും അനുപം ഖേര്‍ അവതരിപ്പിക്കുന്ന സവാല്‍ ദസ് ക്രോര്‍ കാ വിജയമാവുമെന്ന് സീ ടിവി ആശിക്കുന്നത് മറ്റൊരു കാരണത്താലാണ്. സവാല്‍ ദസ് ക്രോര്‍ കായില്‍ വിജയിയാവുന്നയാള്‍ക്ക് കിട്ടുന്നത് 10 കോടി രൂപയാണ്. കോന്‍ ബനേഗാ ക്രോര്‍പതിയിലെ വിജയിക്ക് സ്റാര്‍ നല്‍കുന്നതിന്റെ പത്തിരട്ടി. അനുപം ഖേറും പണത്തൂക്കവും കൂടിയായാല്‍ ബച്ചന്റെ പ്രഭാവത്തോട് പിടിച്ചുനില്‍ക്കാനാവുമെന്നാണ് സീ ടിവിയുടെ പ്രതീക്ഷ.
സീ ടിവിക്കു പിന്നാലെ സബ് ടിവിയും ക്രോര്‍പതി അനുകരണമിറക്കുന്നു. ജബ് ഖേലോ സബ് ഖേലോ എന്നാണ് പരിപാടിയുടെ പേര്. സീ ടിവിയുടെ അത്ര വരില്ലെങ്കിലും സ്റാര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലാണ് സമ്മാനത്തുക. ഒന്നേകാല്‍ കോടി. ടിവി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ ശേഖര്‍ സുമനാണ് ജബ് ഖേലോ സബ് ഖേലോയുടെ അവതാരകന്‍.
സീ ടിവിയിലെ ഓരോ പരിപാടിക്കും 21 പേരാണ് പങ്കെടുക്കുക. മൂന്ന് ചോദ്യങ്ങളടങ്ങിയ ആദ്യറൗണ്ടിനു ശേഷം ക്രോര്‍പതിയാകാന്‍ മോഹിക്കുന്നവരില്‍ മൂന്ന് പേര്‍ മാത്രമേ അവശേഷിക്കുകയുള്ളൂ. ഇവര്‍ക്ക് 10 കോടി എന്ന ലക്ഷ്യത്തിലെത്താന്‍ ഏഴ് ചോദ്യങ്ങളുടെ കടമ്പ കടക്കണം.
ആദ്യചോദ്യത്തിന്റെ ശരിയുത്തരം പറഞ്ഞാല്‍ 10 പോയന്റ്, രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ 100 പോയന്റ് എന്നിങ്ങനെയായിരിക്കും പോയന്റ് ലഭിക്കുന്നത്. മൂന്നാമത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് 1000 പോയന്റ് നേടുന്നയാള്‍ ഈ റൗണ്ടിലെ വിജയിയാവും. 10,000 രൂപ സമ്മാനവും ലഭിക്കും.
1000 പോയന്റ് നേടുന്നയാള്‍ അനുപം ഖേറുമായുള്ള വണ്‍-ടു-വണ്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. തുടര്‍ന്നുള്ള ഓരോ ചോദ്യത്തിനും ഉത്തരം പറഞ്ഞാല്‍ ഓരോ പൂജ്യം കൂടുതലായി ചേര്‍ക്കപ്പെടും. സമ്മാനത്തുകയും അതിനനുസരിച്ച് കൂടും. അനുപംഖേറിന്റെ ആദ്യചോദ്യത്തിന് ശരിയുത്തരം പറയുന്നയാള്‍ക്ക് 10000 പോയന്റ് ലഭിക്കും. 1,00,000 രൂപയും. രണ്ടാമത്തെ ചോദ്യത്തിന് ശരിയുത്തരം പറഞ്ഞാല്‍ പോയന്റ് 1,00,000ഉം സമ്മാനത്തുക 10,00,000ഉം ആകും. തുടര്‍ന്നുള്ള രണ്ടു ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം തെറ്റിക്കാതിരുന്നാല്‍ മത്സരപങ്കാളിക്ക് കിട്ടുന്നത് 10 കോടി.
ടിവിയില്‍ പരിപാടി കാണുന്നവര്‍ക്കും ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കിയാല്‍ കൊച്ചുസമ്മാനങ്ങള്‍ ലഭിക്കുമത്രെ.












Click it and Unblock the Notifications