കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുംബാ ലാഹിരിയ്ക്ക് വിവാഹം

  • By Staff
Google Oneindia Malayalam News

ലോകത്തിന്റെ ഏതു മൂലയിലായിരുന്നാലും ബംഗാളികള്‍ കൊല്‍ക്കത്തയെ തേടി വരും.അത്രയ്ക്കഗാധമാണ് കൊല്‍ക്കത്തയുമായുള്ള അവരുടെ ബന്ധം. അതുകൊണ്ടാകാം അമേരിക്കയില്‍ സ്ഥിരതാമസമെങ്കിലും ജുംബാലാഹിരി കൊല്‍ക്കത്തയെ തേടിവന്നത്.

ജുംബാ ലാഹിരിയെ ഓര്‍മ്മയില്ലേ? ഇന്റര്‍പ്രെട്ടര്‍ ഓഫ് മാലഡീസ് എന്ന ചെറുകഥാസമാഹാരത്തിലൂടെ ലോകമെങ്ങുമുള്ള സാഹിത്യപ്രേമികളെ ആകര്‍ഷിച്ച കൊല്‍ക്കത്തയില്‍ വേരുകളുള്ള അമേരിക്കയില്‍ സ്ഥിരതാമസമായ എഴുത്തുകാരി. ലാറ്റിന്‍ അമേരിക്കന്‍ ശൈലിയില്‍ എഴുതപ്പെട്ട ജുംബാ ലാഹിരിയുടെ ആ കൃതിയ്ക്ക് സമ്മാനവും ലഭിച്ചു.

ജുംബാലാഹിരി കൊല്‍ക്കത്തയെ അറിഞ്ഞത് അച്ഛനമ്മമാരുടെ വാക്കുകളിലൂടെയാണ്. ജുംബാ 1976ല്‍ ലണ്ടനിലാണ് ജനിച്ചത് . റോഡ് ഐലന്റിലാണ് വളര്‍ന്നത്.പിന്നീട് ബര്‍ണാഡ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തശേഷം ജുംബാ ലാഹിരി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ജോലിക്കു ചേര്‍ന്നു.അധികകാലം അവിടെ തുടര്‍ന്നില്ല.അധികം താമസിയാതെ ബോസ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി.സര്‍ഗ്ഗാത്മക സാഹിത്യത്തിലും ബിരുദമെടുത്തു.പക്ഷെ ജുംബായുടെ ഭാഗ്യം തെളിഞ്ഞത് 1998ലാണ്.ദ ന്യൂയോര്‍ക്കറില്‍ അവരുടെ നിരവധി കഥകള്‍ പ്രസിദ്ധീകരിച്ചു.അതില്‍പെട്ട മികച്ച മൂന്നു കഥകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 1999ല്‍ ഇന്റര്‍പ്രെട്ടര്‍ ഓഫ് മാലഡീസ് എന്ന പേരില്‍ കഥാസമാഹാരമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.ഇന്ന് അമേരിക്കയിലെ മികച്ച 20 എഴുത്തുകാരില്‍ ഒരാളാണ് ജുംബാ ലാഹിരി.

മറുനാട്ടിലാണ് ജീവിതമെങ്കിലും അവരുടെ മനസ്സില്‍ നിറയെ കൊല്‍ക്കത്തയാണ്. അച്ഛനും അമ്മയും പറഞ്ഞുകൊടുത്ത കഥകളിലൂടെ,വല്ലപ്പോഴുമുള്ള അച്ഛനമ്മമാരുടെ ജന്മനാട്ടിലേക്കുള്ള യാത്രയിലൂടെയെല്ലാം അവരുടെ മനസ്സിലെ കൊല്‍ക്കത്ത വളരുകയായിരുന്നു.ഇന്റര്‍പ്രെട്ടര്‍ ഓഫ് മാലഡീസിലെ കഥകളിലെല്ലാം ആ കൊല്‍ക്കത്തയും അവിടുത്തെ കഥാപാത്രങ്ങളുമുണ്ട്.ആ കഥകളിലെ ഭൂരി മാ അടക്കമുള്ള തനി കൊല്‍ക്കത്തക്കാരായ നാടന്‍കഥാപാത്രങ്ങളെ എങ്ങിനെ മറക്കും?

ഇപ്പോഴിതാ ജുംബാ ലാഹിരി കൊല്‍ക്കത്തയെ തേടി വന്നിരിയ്ക്കുന്നു. വെറുതെയൊരു വിനോദയാത്രയല്ല ജുംബയുടെ ലക്ഷ്യം.തന്റെ ജീവിതത്തിലെ ഈ നിമിഷത്തിന് കൊല്‍ക്കത്ത സാക്ഷ്യംവഹിക്കണമെന്ന് ജുംബാ ലാഹിരി ആഗ്രഹിച്ചു-ഏതൊരു കൊല്‍ക്കത്തക്കാരിയെയും പോലെ.

കൊല്‍ക്കത്തയിലെ ഗുരിയാഹടിലുള്ള സിംഘി പാലസില്‍ ജനവരി 15 തിങ്കളാഴ്ചയാണ് ആ ചടങ്ങ്.ജുംബാ ലാഹിരിയുടെ വിവാഹം.വരന്‍ അമേരിക്കക്കാരനാണ്.ടൈംവാരികയില്‍ പത്രപ്രവര്‍ത്തകനായി ജോലിചെയ്യുന്ന ആല്‍ബര്‍ട്ടോ വോര്‍വോലിയാസ്.വേണമെങ്കില്‍ ലോകത്ത് എവിടെവെച്ചും ഇവര്‍ക്ക് വിവാഹിതരാകാം.പക്ഷെ ജുംബാലാഹിരിയ്ക്ക് അത് ഇന്ത്യയില്‍ വച്ചുതന്നെയാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

യൂറോപ്പിലെ സായ്പന്‍മാര്‍പോലെയല്ല അമേരിക്കക്കാര്‍ .അവര്‍ക്ക് ഇന്ത്യയുടെ വേദാന്തത്തിനോടൊന്നും വലിയ താല്പര്യമില്ല.പക്ഷെ ആല്‍ബര്‍ട്ടോ വ്യത്യസ്തനായ ഒരമേരിക്കക്കാനായിരിക്കണം.അല്ലെങ്കില്‍ ഇതെല്ലാം സമ്മതിക്കുമായിരുന്നോ?. ബംഗാളി മട്ടിലായിരിക്കുമത്രെ ഇവരുടെ വിവാഹം.ചോറ്,മീന്‍കറി,പുലാവ്,മീന്‍ പൊരിച്ചത്,പൂരി,ഇറച്ചിക്കറികള്‍ എന്നിവയെല്ലാം കൂട്ടി തനി ബംഗാളി സദ്യ.പിന്നെ ബംഗാളി മധുരപലഹാരങ്ങളും. കൊല്‍ക്കത്തയിലെ പത്രങ്ങള്‍ മുഴുവന്‍ ഈ വിവാഹം കൊണ്ടാടുകയാണ്.ഒരാഴ്ചയായി അവരുടെ പേജുകളെല്ലാം ജുംബാ ലാഹിരിയ്ക്കും ആല്‍ബര്‍ട്ടോയ്ക്കും വേണ്ടി മാറ്റിവച്ചിരിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X