പ്രണോയ് റോയ് പുതിയ ചാനല്‍ തുടങ്ങുന്നു
ദില്ലി: ടി വി അവതാകരനും ന്യൂഡെല്‍ഹി ടെലിവിഷന്റെ( എന്‍ ഡി ടി വി) ഉടമയുമായ പ്രണോയ് റോയ് പുതിയ ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു. എന്‍ ഡി ടി വി വേള്‍ഡ് എന്നാണ് പുതിയ ചാനലിന്റെ പേര്. പ്രക്ഷേപണം ഈ വര്‍ഷം അവസാനത്തോടെ തുടങ്ങും.
എന്‍ ഡി ടി വിയാണ് ഇപ്പോള്‍ സ്റ്റാര്‍ ടി വിയുടെ ഇന്ത്യയിലെ ന്യൂസ് ചാനല്‍ നടത്തുന്നത്. ചാനലിന്റെ പരസ്യ, സാങ്കേതിക വിഭാഗങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം എന്‍ ഡി ടി വിയുടെ മേല്‍നോട്ടത്തിലാണ് . 2003 വരെ ഇതു സംബന്ധിച്ച് സ്റ്റാര്‍ ടി വിയും പ്രണോയ് റോയിയും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
സ്റ്റാര്‍ ന്യൂസുമായുള്ള കരാര്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെയായിരിക്കും എന്‍ ഡി ടി വി വേള്‍ഡ് ചാനല്‍ പ്രണോയ് റോയി തുടങ്ങുക. ഇത് പ്രധാനമായും വിനോദ ചാനലായിരിക്കും. സ്റ്റാറുമായുള്ള കരാര്‍ പ്രകാരം സ്റ്റാര്‍ ന്യൂസ് ഒഴികെ മറ്റു ചാനലുകളില്‍ എന്‍ ഡി ടി വി യ്ക്ക് വാര്‍ത്താ പരിപാടികള്‍ ചെയ്യാന്‍ പാടില്ല. അതേ സമയം വാര്‍ത്താധിഷ്ഠിത സമകാലീന പരിപാടികള്‍ എന്‍ ഡി ടി വി വേള്‍ഡില്‍ സംപ്രേക്ഷണം ചെയ്യും.
ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് എന്‍ ഡി ടി വി വേള്‍ഡില്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുക. ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരെ ഉദ്ദേശിച്ചുള്ളതാണ് ചാനല്‍. പുതിയ ചാനലിനായി പ്രണോയ് റോയി എന്‍ ഡി ടി വി ലിമിറ്റഡ് എന്നൊരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. ന്യൂഡെല്‍ഹി ടെലിവിഷനെ കൂടാതെ ഐ സി ഐ സി ഐ യ്ക്കും കമ്പനിയില്‍ 12 ശതമാനം ഓഹരിയുണ്ട്.












Click it and Unblock the Notifications