മറ്റൊരു പടയണിക്കാലം തീരുമ്പോള്‍.................
മധ്യതിരുവിതാംകൂറില്‍ ഒരു പടയണിക്കാലം കൂടി കഴിയുന്നു. കുംഭം, മീനം, മേടം മാസങ്ങളിലാണ് പടയണികള്‍ നടക്കുക. പലയിടങ്ങളിലായി മെയ് പകുതി വരെ പടയണി അരങ്ങേറുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും പടയണി അരങ്ങേറുന്നത്. പിന്നെ ചെറിയ തോതില്‍ കോട്ടയത്തും.
കടമ്മനിട്ട, എഴുമറ്റൂര്‍, കോട്ടാങ്ങല്‍, ഓതറ, പുതുക്കുളങ്ങര എന്നിങ്ങനെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ചില ക്ഷേത്രങ്ങളണ് പടയണിയ്ക്ക് പേരുകേട്ടവ. കോട്ടയം ജില്ലയില്‍ പത്തനംതിട്ടയോട് ചേര്‍ന്നുകിടക്കുന്ന മണിമല പഞ്ചായത്തിലെ ആലപ്ര തച്ചരിക്കല്‍ ക്ഷേത്രത്തിലും പടയണി അനുഷ്ഠാന കലാരൂപമെന്ന നിലയില്‍ എല്ലാ സവിശേഷതകളോടെയും അവതരിപ്പിക്കപ്പെടുന്നു.
തിന്മയുടെയും അന്ധകാരത്തിന്റെയും രൂപമായിരുന്ന ദാരികനുമേല്‍ ഭദ്രകാളി നേടിയ വിജയമാണ് പടയണിയുടെ ഐതിഹ്യം. പച്ചത്തപ്പുകൊട്ടി ഭഗവതിയെ കാവില്‍ നിന്നും വിളിച്ചിറക്കി വാളും പീഠവും വച്ച് ക്ഷേത്രത്തിനരികില്‍ കുടിയിരുത്തുന്നു. പിന്നെ നാട്ടുകാര്‍ ഭഗവതിയോട് അപേക്ഷ തുടങ്ങുന്നു. തങ്ങളുടെ തെറ്റുകുറ്റങ്ങള്‍ പൊറുക്കേണമേ എന്നതായിരിക്കും ഭഗവതിയോടുള്ള പ്രധാന നിവേദനം. പിന്നെ ഐശ്വര്യമുണ്ടാകാന്‍, കൃഷിയില്‍ നല്ല വിളവുകിട്ടാന്‍, നാട്ടില്‍ നന്മ പുലരാന്‍ .......എല്ലാം നാട്ടുകാര്‍( നാട്ടുകൂട്ടം) ഭഗവതിയോട് അപേക്ഷിക്കുന്നു. ജനങ്ങള്‍ കോലം കെട്ടിക്കൊണ്ടാണ് ഭഗവതിയോട് അപേക്ഷിക്കുക. ഇതാണ് പടയണിക്കോലം കെട്ടല്‍ എന്നു പറയുന്നത്.
പടയണിയില്‍ കാണികളായി ആരും മാറിനില്ക്കുന്നില്ല. നാട്ടുകാരില്‍ നല്ലൊരു പങ്ക് പടയണിയില്‍ പങ്കാളികളാണ്. ചൂട്ടു പിടിയ്ക്കാന്‍, പാളയെടുക്കാന്‍, കോലം വരയ്ക്കാന്‍, തപ്പുകൊട്ടാന്‍, പാട്ടുപാടാന്‍, കോലം കെട്ടാന്‍ എല്ലാവരും പങ്കെടുക്കുന്നു. ജാതിയുടെയും പാര്‍ട്ടിയുടെയും വലിപ്പച്ചെറുപ്പങ്ങളുടെയും പ്രായഭേദത്തിന്റെയും അതിര്‍വരമ്പുകള്‍ അവിടെയില്ല. പടയണി കഴിഞ്ഞ് പിരിയുമ്പോള്‍ ജനങ്ങളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും നിറയുന്നു.
ചിത്രകല, നാട്യം, നൃത്തം, സംഗീതം, മേളം എന്നീ കലകള്‍ പടയണിയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. പ്രകൃതിയുമായി അടുത്തു നില്ക്കുന്നു പടയണി. മുന്‍കൂട്ടി തയ്യാറാക്കിയ ചമയങ്ങളൊന്നും പടയണിയിലില്ല. ആവശ്യമായവ അപ്പപ്പോള്‍ പ്രകൃതിയില്‍ നിന്ന് ശേഖരിക്കുന്നു. കമുകില്‍ നിന്നുള്ള പച്ചപ്പാളകളിലാണ് കോലം വരയ്ക്കുക. പച്ചത്തോല്‍ കൊണ്ട് താളത്തിനായുള്ള തപ്പ് ഉണ്ടാക്കുന്നു. പിന്നെ തെങ്ങില്‍ നിന്ന് കുരുത്തോല.
പടയണിപ്പാട്ടുകളില്‍ നിറഞ്ഞുനില്ക്കുന്നത് പഴമക്കാരുടെ വിശ്വാസങ്ങളും അനുഭവങ്ങളുമാണ്. പാട്ടുകളുടെ താളത്തിനൊത്ത് പടയണിക്കോലങ്ങള്‍ മാത്രമല്ല , അതില്‍ പങ്കെടുക്കുന്നവരും നൃത്തംവയ്ക്കുന്നു. പക്ഷെ പടയണി മെല്ലെ ഇല്ലാതാവുകയാണ്. പടയണിയുടെ പ്രദര്‍ശന വേദികളും കുറഞ്ഞു വരുന്നു. പണ്ടത്തെപ്പോലെ കൂട്ടായ്മകളും കാര്യമായി ഉണ്ടാകുന്നില്ല.












Click it and Unblock the Notifications