സാംസ്കാരികനായകരെ കൈയൊഴിഞ്ഞപ്പോള്‍....
തിരുവനന്തപുരം: ഇത്തവണ നിയമസഭയില്‍ സാംസ്കാരികനായകന്മാരുടെ സാന്നിധ്യമേയുണ്ടാവില്ല. മൂന്ന് എഴുത്തുകാരും ഒരു ചലച്ചിത്രസംവിധായകനും നിയമസഭയിലേക്ക് മത്സരിക്കാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും നാല് പേര്‍ക്കും ജനവിധിയില്‍ വിജയിക്കാനായില്ല.
കവി കടമ്മനിട്ട രാമകൃഷ്ണന്‍, നോവലിസ്റ് മാടമ്പ് കുഞ്ഞുക്കുട്ടന്‍, നോവലിസ്റും ചെറുകഥാകൃത്തുമായ പുനത്തില്‍ കുഞ്ഞബ്ദുള്ള, ചലച്ചിത്ര സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദ് എന്നിവരാണ് ജനപ്രതിനിധികളാകാന്‍ തിരഞ്ഞെടുപ്പ് രംഗത്തെത്തിയത്.
ഇവരില്‍ കടമ്മനിട്ടയും കുഞ്ഞുമുഹമ്മദും കഴിഞ്ഞ നിയമസഭയിലെ സാംസ്കാരിക സാന്നിധ്യമായിരുന്നു. എന്നാല്‍ യുഡിഎഫിന് അനുകൂലമായുണ്ടായ തരംഗത്തെ സിപിഎം സ്വതന്ത്രരായി മത്സരിച്ച ഇരുവര്‍ക്കും അതിജീവിക്കാനായില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ എം.വി.രാഘവനെതിരെ സിപിഎം സ്വതന്ത്രനായി മത്സരിച്ച് ശ്രദ്ധേയമായ വിജയം നേടി നിയമസഭയിലെത്തിയ കടമ്മനിട്ട ഇത്തവണ കോന്നിയിലാണ് മത്സരിച്ചത്. കുഞ്ഞുമുഹമ്മദ് ആകട്ടെ ഗുരുവായൂരില്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ജയിച്ചിരുന്നു. മൂന്നാം വട്ടം അദ്ദേഹത്തെ മണ്ഡലം കൈവിട്ടു.
മാടമ്പ് കുഞ്ഞുക്കുട്ടനും പുനത്തില്‍ കുഞ്ഞബ്ദുള്ളയും ബിജെപിക്കു വേണ്ടിയാണ് ജനങ്ങളുടെ മുന്നിലെത്തിയത്. മാടമ്പ് കുഞ്ഞുക്കുട്ടന്‍ കൊടുങ്ങല്ലൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി താമര ചിഹ്നത്തില്‍ തന്നെ മത്സരിച്ചപ്പോള്‍ പുനത്തില്‍ ബേപ്പൂരില്‍ ബിജെപി സ്വതന്ത്രനായിരുന്നു. ജയിക്കാനൊത്തില്ലയെന്നു മാത്രമല്ല ഇരുവര്‍ക്കും കിട്ടിയ വോട്ട് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയതിനേക്കാള്‍ ഏറെ കുറവും.












Click it and Unblock the Notifications