ഒ.എന്‍.വിയ്ക്ക് എഴുപത്
ജീവിതത്തിന്റെ ഇരുട്ടിനും കണ്ണീരിനുമെതിരെ കവിതയുടെ വെളിച്ചവുമായി കഴിഞ്ഞ അഞ്ചരപതിറ്റാണ്ടായി ഒഎന്‍വി യാത്രചെയ്യുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഒഎന്‍വിയ്ക്കും അദ്ദേഹത്തിന്റെ കാവ്യസപര്യയെ അടുത്തനുഭവിച്ച അനുവാചകനും ഇത് ചാരിതാര്‍ത്ഥ്യനിമിഷം തന്നെ. ഇടയ്ക്ക് ചലച്ചിത്രഗാനരചനയിലേക്ക് തിരിഞ്ഞെങ്കിലും കവിത കൈവിട്ടില്ലെന്നതാണ് ഒഎന്‍വിയുടെ മഹത്വം. ഗീതാഗോവിന്ദത്തിന്റെ ആലാപനക്ഷമതയേക്കാള്‍ മേഘസന്ദേശത്തിന്റെ പൊരുള്‍ക്കനമാണ് ഒഎന്‍വിയ്ക്കിഷ്ടം. അതുകൊണ്ടായിരിക്കാം സിനിമാലോകത്തിന് ഈ കവിയെ തട്ടിയെടുക്കാന്‍ കഴിയാഞ്ഞത്.
1946 ലാണ് ഒഎന്‍വിയുടെ ആദ്യ കവിത ജനിക്കുന്നത്. മുന്നോട്ട് എന്ന കവിത. 1949ല്‍ ആദ്യ കാവ്യസമാഹാരം പുറത്തിറങ്ങി- പൊരുതുന്ന സൗന്ദര്യം. പിന്നീട് മരുഭൂമി, മയില്‍പ്പീലി, അഗ്നിശലഭങ്ങള്‍, അക്ഷരം, കറുത്തപക്ഷിയുടെ പാട്ട്, ഉപ്പ് , ഭൂമിക്ക് ഒരു ചരമഗീതം, ശാര്‍ങ്ഗപക്ഷികള്‍, മൃഗയ , തോന്ന്യാക്ഷരങ്ങള്‍, ഉജ്ജയിനി, സ്വയംവരം എന്നിങ്ങനെ കതിര്‍ക്കനമുള്ള എത്രയോ കാവ്യസമാഹാരങ്ങള്‍.
പ്രസിദ്ധീകരിച്ച് 16 വര്‍ഷങ്ങള്‍ക്കുള്ളില്‍ 17 പതിപ്പുകളിറങ്ങിയ ഭൂമിയ്ക്ക് ഒരു ചരമഗീതം തന്നെ ഏറ്റവും ജനപ്രിയമായ അദ്ദേഹത്തിന്റെ കാവ്യപുസ്തകം. കാവ്യാലാപന ലോകത്തും ഒഎന്‍വി തന്റേതായ ഒരു ലോകം സൃഷ്ടിച്ചു. മാനവികതയില്‍ നിന്ന് കവിത വിളയുന്നു എന്നറിയുന്ന ഒഎന്‍വി ഇനിയും പാടാത്ത ലോകം പലതും കണ്ടെത്താനുണ്ടെന്ന് വിശ്വസിക്കുന്നു. പി.പി. സരോജിനിയാണ് ഒഎന്‍വിയുടെ ഭാര്യ. രണ്ടു മക്കള്‍. മൂത്ത മകന്‍ രാജീവന്‍ കിറ്റ്സിന്റെ ഡയറക്ടര്‍. ഇളയമകള്‍ എസ്.മായാദേവി ബ്രിട്ടനില്‍ ഡോക്ടറാണ്.












Click it and Unblock the Notifications